ഡീപ് ഫേക്ക്: നോഡൽ ഓഫീസറെ നിയമിക്കാൻ കേന്ദ്രം
Saturday, November 25, 2023 2:18 AM IST
ന്യൂഡൽഹി: ഡീപ് ഫേക്കുകളിലും അപകീർത്തികരമായ എഐ ഉള്ളടക്കങ്ങളിലും അടിയന്തര നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക ഓഫീസറെ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാപകമാകുന്ന സാഹചര്യത്തിലാണു നടപടിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിവിധ സമൂഹമാധ്യമ ഉടമകളുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് സർക്കാരിന്റെ നടപടി.
ഐടി നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഒരു വെബ്സൈറ്റ് വികസിപ്പിക്കും. പരാതിയുടെ അടിസ്ഥാനത്തിൽ ഐടി നിയമലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കും. തുടർന്ന് ആദ്യം ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഉള്ളടക്കത്തിന്റെ ഉത്ഭവം എവിടെനിന്നാണെന്ന് ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ വെളിപ്പെടുത്തിയാൽ അത് പങ്കുവച്ചവർക്കെതിരേ കേസെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഡീപ് ഫേക്കുകൾ പ്രചരിപ്പിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും മൂന്നുവർഷം ജയിൽവാസവും ലഭിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ നിയമം നടപ്പാക്കുന്നത്. ഐടി നിയമങ്ങൾക്കനുസൃതമായി വ്യവസ്ഥകൾ രൂപീകരിക്കാൻ ഏഴു ദിവസമാണ് കന്പനികൾക്ക് സമയം അനുവദിച്ചിരിക്കുന്നത്.
ഡിസംബർ ആദ്യവാരം സമൂഹമാധ്യമ കന്പനികളുമായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വീണ്ടും നടത്തുന്ന ചർച്ചയിൽ കരട് നിയമത്തിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കും.