അറസ്റ്റ് സാധൂകരിക്കാൻ റിമാൻഡ് ഉത്തരവ് പോരാ
Wednesday, October 4, 2023 1:38 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്യുന്ന അറസ്റ്റുകളെ സാധൂകരിക്കാൻ റിമാൻഡ് ഉത്തരവ് മാത്രം പോരെന്ന് വ്യക്തമാക്കി സുപ്രീംകോടതി.
മുൻ ജഡ്ജിക്കെതിരായ കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് ഗുരുഗ്രാമിലെ എം3എം റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഉടമസ്ഥരായ ബൻസൽ സഹോദരങ്ങൾക്ക് ജാമ്യം അനുവദിച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും (പിഎംഎൽഎ) തമിഴ്നാട് മന്ത്രി എ. സെന്തിൽ ബാലാജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ വിധികളും പരാമർശിച്ചുകൊണ്ടാണ് ഇഡിയുടെ അറസ്റ്റിന്റെ അടിസ്ഥാനം സാധൂകരിക്കാൻ റിമാൻഡ് ഉത്തരവ് മാത്രം പോരെന്ന് കോടതി വ്യക്തമാക്കിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂണ്‍ 14ന് ഇരുവരെയും വിളിച്ചു വരുത്തിയ ഇഡി മറ്റൊരു കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികളുടെ അറസ്റ്റിന്റെ കാരണം നിരത്താൻ ഇഡി പിന്തുടരുന്ന നടപടിക്രമങ്ങളിൽ സ്ഥിരതയില്ലെന്നും ഇത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു. അറസ്റ്റ് ഉൾപ്പെടെയുള്ള ഇഡിയുടെ നടപടികളിൽ സുതാര്യത പാലിക്കണമെന്നും പ്രതികാര നടപടി സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.