എൻഡിഎയിൽ ചേർക്കണമെന്ന് കെസിആർ അഭ്യർഥിച്ചു, ഞാൻ നിരസിച്ചു: മോദി
Wednesday, October 4, 2023 1:38 AM IST
നിസാമാബാദ്: എൻഡിഎയിൽ ചേർക്കണമെന്ന തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ അഭ്യർഥന താൻ നിരസിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നിസാമാബാദിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘2020ലെ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനുശേഷമായിരുന്നു എൻഡിഎയിൽ ചേരാൻ കെസിആർ താത്പര്യം പ്രകടിപ്പിച്ചത്.
ഹൈദരാബാദിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. ബിജെപിക്ക് 48 സീറ്റ് കിട്ടി. കെസിആർ ഡൽഹിയിൽ എന്നെ സന്ദർശിച്ചു. ഹൈദരാബാദിൽ പിന്തുണയ്ക്കണമെന്ന് അഭ്യർഥിച്ചു. എൻഡിഎയിൽ ചേർക്കണമെന്നു പറഞ്ഞു.
എന്നാൽ, റാവുവിന്റെ ചെയ്തികളുടെ പശ്ചാത്തലത്തിൽ ഞാൻ നിരസിച്ചു. എൻഡിഎയിൽ ചേർക്കണമെന്ന് പല തവണ കെ. ചന്ദ്രശേഖർ റാവു അഭ്യർഥിച്ചിരുന്നു. -മോദി പറഞ്ഞു.