ജനപ്രിയ മണിപ്പുരി നടൻ രാജ്കുമാർ സോമേന്ദ്ര ബിജെപി വിട്ടു
Friday, September 29, 2023 3:07 AM IST
ഇംഫാൽ: പ്രശസ്ത മണിപ്പുരി നടൻ രാജ്കുമാർ സോമേന്ദ്ര ബിജെപി വിട്ടു. മണിപ്പുർ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിനുണ്ടായ പരാജയവും രണ്ടു വിദ്യാർഥികൾ നിഷ്ഠുരമായി കൊല്ലപ്പെട്ടതുമാണു രാജ്കുമാർ ബിജെപി വിടാൻ കാരണം. തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി നേതൃത്വം രാജ്കുമാറിനോടാവശ്യപ്പെട്ടു.
കായ്കു എന്നറിയപ്പെടുന്ന രാജ്കുമാർ സോമേന്ദ്ര നാനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇംഫാൽ വെസ്റ്റ് ജില്ലക്കാരനായ രാജ്കുമാർ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയായിരുന്നു. 2021 നവംബറിലാണു ബിജെപിയിൽ ചേർന്നത്.