ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി
Thursday, September 28, 2023 6:53 AM IST
ചെന്നൈ: ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി മലയാള ചലച്ചിത്രം ‘2018- എവരിവൺ ഈസ് എ ഹീറോ’യ്ക്ക്. ഹിന്ദി ചിത്രമായ ദി കേരള സ്റ്റോറിയടക്കമുള്ള 22 ചിത്രങ്ങളിൽനിന്നാണ് 2018 തെരഞ്ഞെടുത്തത്.
കാലാവസ്ഥാ വ്യതിയാനവും മനുഷ്യൻ നേരിട്ട ദുരിതവും അടക്കം പ്രസക്തമായ പ്രമേയമാണു സിനിമ കൈകാര്യം ചെയ്യുന്നതെന്ന് പ്രമുഖ ചലച്ചിത്ര നിർമാതാവും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ ഗിരീഷ് കാസറവള്ളി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാസറവള്ളിയുടെ നേതൃത്വത്തിലുള്ള 16 അംഗ കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തതെന്ന് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ രവി കൊട്ടരക്കര പറഞ്ഞു. 2018ലെ വെള്ളപ്പൊക്കത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, തൻവി റാം, അപർണ ബാലമുരളി എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 30 കോടി രൂപയോളം മുതൽമുടക്കിൽ നിർമിച്ച ചിത്രം 200 കോടിയോളം നേടിയിരുന്നു.