ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: നിയമ കമ്മീഷൻ റിപ്പോർട്ട് ഉടൻ
സെബിൻ ജോസഫ്
Thursday, September 28, 2023 5:49 AM IST
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് നിയമകമ്മീഷൻ വൈകാതെ സമർപ്പിക്കും. പൊതുതെരഞ്ഞെടുപ്പും നിയമസഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തുന്നതിനുള്ള സമയക്രമം നിയമകമ്മീഷൻ വൈകാതെ രൂപീകരിക്കും. ഇതിനായി 22-ാം നിയമ കമ്മീഷന്റെ കാലാവധി കേന്ദ്രസർക്കാർ 2024 ഓഗസ്റ്റ് വരെ നീട്ടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതി രൂപീകരിച്ചതിനു പിന്നാലെ കേന്ദ്രസർക്കാർ ഇതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോയിട്ടുണ്ട്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി കൂടാതെ പോക്സോ കേസുകളിലെ പ്രായപരിധി, ഓണ്ലൈൻ എഫ്ഐആർ എന്നിവ സംബന്ധിച്ച റിപ്പോർട്ടും റിട്ട. ജസ്റ്റീസ് റിതു രാജ് അവസ്തി അധ്യക്ഷയായ നിയമകമ്മീഷൻ കേന്ദ്രസർക്കാരിനു സമർപ്പിക്കും.
കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തിയാൽ അടിക്കടി തെരഞ്ഞെടുപ്പ് നടത്തുന്ന രീതി ഇല്ലാതാക്കാൻ സാധിക്കുമെന്ന് നിയമകമ്മീഷൻ 2018 ൽ കേന്ദ്രസർക്കാരിനു സമർപ്പിച്ച കരട് റിപ്പോർട്ടിൽ പറയുന്നു. ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുക അല്ലെങ്കിൽ നീട്ടിവയ്ക്കുക, അഞ്ചു വർഷത്തിൽ രണ്ടു തവണ മാത്രം രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുക, ഒരു കലണ്ടർ വർഷം നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുക എന്നീ മൂന്നു പ്രധാന നിർദേശങ്ങളാണ് കരട് റിപ്പോർട്ടിലുണ്ടായിരുന്നത്.
ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതുവഴി ഖജനാവിലെ പൊതുജനങ്ങളുടെ പണം ലാഭിക്കാമെന്നും സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാമെന്നുമാണ് നിയമകമ്മീഷന്റെ റിപ്പോർട്ട്.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിൽ "ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തെക്കുറിച്ച് പറഞ്ഞിരുന്നു. മോദിസർക്കാർ രണ്ടാംവട്ടവും അധികാരത്തിൽ എത്തിയപ്പോൾ പദ്ധതി നടപ്പിലാക്കുമെന്ന് കരുതിയെങ്കിലും മെല്ലെപ്പോക്ക് നയമാണു സ്വീകരിച്ചത്.
കഴിഞ്ഞ 18ന് അഞ്ചു ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചപ്പോൾ ഈ വിഷയം ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷപാർട്ടികൾ കരുതിയെങ്കിലും വനിതാ സംവരണ ബിൽ പാസാക്കുകയാണു ചെയ്തത്. അതേസമയം, ഒറ്റ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിമർശനമുണ്ട്.
തെരഞ്ഞെടുപ്പ് ഒരു നേതാവിലേക്ക് മാത്രം കേന്ദ്രീകരിക്കുമെന്നും പ്രാദേശിക വിഷയങ്ങൾ ചർച്ചചെയ്യപ്പെടാതിരിക്കുമെന്നാണ് പ്രധാന ആശങ്ക. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാംനാഥ് കോവിന്ദ് കമ്മിറ്റി യോഗം ചേരുകയും ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് നിർദേശം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ, പ്രാദേശിക പാർട്ടികളിൽനിന്നും സംസ്ഥാന സർക്കാരിൽനിന്നും സമിതി അഭിപ്രായം
തേടും.