വിദ്യാർഥികളുടെ കൊലപാതകം: മണിപ്പുരിൽ പ്രതിഷേധം ആളുന്നു
Thursday, September 28, 2023 5:49 AM IST
ഇംഫാല്‍: മണിപ്പുരില്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഇംഫാല്‍ നഗരത്തില്‍ ഇന്നലെയും പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി. ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും നിരവധി വിദ്യാർഥികൾക്കു പരിക്കേറ്റു. കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും പ്രതിഷേധക്കാരെ നേരിടാനാണ് സർക്കാർ ശ്രമം.
കഴിഞ്ഞ ജൂലൈയിൽ കാണാതായ മെയ്തെയ് വിഭാഗത്തിൽപ്പെട്ട പിജാം ഹേംജിത് (20), ഹിജാം ലിംതോയിപി (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു പ്രതിഷേധം ആരംഭിച്ചത്.
നീറ്റ് പരീക്ഷയ്ക്കുള്ള പരിശീലനത്തിന്റെ ഭാഗമായാണ് 17 കാരിയായ പെൺകുട്ടി ജൂലൈ ആറിനു വീട്ടിൽനിന്ന് പുറത്തു പോയതെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. ഒരു തെറ്റും ചെയ്യാത്തവരെയാണ് അക്രമികൾ കൊലപ്പെടുത്തിയതെന്ന് പിജാം ഹേംജിത്തിന്റെ ബന്ധുക്കളും പറഞ്ഞു. നീതി ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതിനിടെ അക്രമികൾക്കെതിരേ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് മെയ്തെയ് വിഭാഗത്തിൽപ്പെട്ട ഇരുപത് എംഎൽഎമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്ത് നൽകി. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഏഴുജില്ലകളിലെ 19 പോലീസ് സ്റ്റേഷന് പരിധികളില്‍ "അഫ്സ്പ’ പ്രാബല്യത്തിൽ വരുത്തും. സൈന്യത്തിനു പ്രത്യേകാധികാരം നല്കുന്ന നിയമം ആറുമാസത്തേക്കു നീട്ടിയതായി സംസ്ഥാന സർക്കാരാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍വരും.