""പശുക്കളെ അറവുശാലകൾക്ക് വിൽക്കുന്നു'' : ഹരേകൃഷ്ണ പ്രസ്ഥാനത്തിന് എതിരേ മനേക ഗാന്ധി
Thursday, September 28, 2023 5:49 AM IST
ന്യൂഡൽഹി: ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോണ്‍ഷ്യസ്നസ് (ഇസ്കോണ്‍-ഹരേകൃഷ്ണ പ്രസ്ഥാനം) വലിയ തട്ടിപ്പാണെന്നു ബിജെപി എംപി മനേക ഗാന്ധി. ഇസ്കോണ്‍ തങ്ങളുടെ ഗോശാലകളിലെ പശുക്കളെ അറവുശാലകൾക്ക് വിൽക്കുന്നതായും മൃഗാവകാശ പ്രവർത്തകകൂടിയായ മനേക ഗാന്ധി ആരോപിച്ചു.
“ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പാണ് ഇസ്കോണ്‍. അവർ ഗോശാലകൾ സ്ഥാപിക്കുന്നതിന് സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു. ഇസ്കോണിന്റെ ആനന്ത്പുത് ഗോശാല ഞാൻ സന്ദർശിച്ചു. അവിടെ കറവപ്പശുക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിനർഥം മറ്റുള്ളവയെയെല്ലാം വിറ്റുവെന്നാണ്. പശുക്കളെ കശാപ്പുകാർക്ക് ഇസ്കോണ്‍ വിൽക്കുന്നു’’- മനേക ഗാന്ധി ചൂണ്ടിക്കാട്ടി.
ആരോപണമടങ്ങിയ വീഡിയോ പ്രചരിച്ചതിനു പിന്നാലെ മനേകയുടെ ആരോപണങ്ങൾ തെറ്റാണെന്നും തെളിവില്ലെന്നും ചൂണ്ടിക്കാണിച്ച് ഇസ്കോണ്‍ പ്രസ്താവന പുറത്തിറക്കി.