ഉദയനിധിക്കെതിരായ ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കും
സ്വന്തം ലേഖകൻ
Thursday, September 28, 2023 5:49 AM IST
ന്യൂഡൽഹി: സനാതന ധർമത്തിനെതിരായ വിവാദ പരാമർശങ്ങളുടെ പേരിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും ഡിഎംകെ പാർട്ടിക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ വാദം കേൾക്കാൻ സമ്മതിച്ച് സുപ്രീംകോടതി.
തമിഴ്നാടിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണു വാദം കേൾക്കാൻ കോടതി സമ്മതിച്ചത്. ജസ്റ്റീസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണു കേസ് പരിഗണിച്ചത്. ഉദയനിധിക്കെതിരായ ഹർജിയിൽ നോട്ടീസ് നൽകിയില്ലെങ്കിലും ഡൽഹി സ്വദേശിയായ അഭിഭാഷകൻ വിനീത് ജിൻഡാൽ സമർപ്പിച്ച ഹർജി ഇതേ വിഷയത്തിൽ പരിഗണിക്കാനിരിക്കുന്ന മറ്റു ഹർജികൾക്കൊപ്പം സുപ്രീംകോടതി പരിഗണിക്കും.
വിദ്വേഷപ്രസംഗങ്ങൾക്കെതിരേ സ്വമേധയാ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം പാലിക്കാത്തതിനാൽ തമിഴ്നാട് പോലീസിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണു ജിൻഡാൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്.