എച്ച്ഐവി ബാധിതരുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കണം
സ്വന്തം ലേഖകൻ
Thursday, September 28, 2023 5:36 AM IST
ന്യൂഡൽഹി: എച്ച്ഐവി ബാധിതരുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നു കീഴ്ക്കോടതികളോട് സുപ്രീംകോടതി നിർദേശിച്ചു. രാജ്യത്തെ എല്ലാ കോടതികളും ട്രൈബ്യൂണലുകളും അർധ ജുഡീഷൽ ബോഡികളും നിർദേശം പിന്തുടരണമെന്നാണു ജസ്റ്റീസുമാരായ എസ്. രവീന്ദ്ര ഭട്ട്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്പോൾ രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് 1.5 കോടി രൂപ നഷ്ടപരിഹാരം നൽകിക്കൊണ്ടുള്ള വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണു സുപ്രീംകോടതിയുടെ നിർദേശം. നഷ്ടപരിഹാരം നിഷേധിച്ച ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ വിധിക്കെതിരായ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. എച്ച്ഐവി ബാധിതരായ പരാതിക്കാരുടെ ഹർജികൾ 2017ലെ എച്ച്ഐവി പ്രിവൻഷൻ ആൻഡ് കണ്ട്രോൾ ആക്ട് സെക്ഷൻ 34(2) പ്രകാരം മുൻഗണനാടിസ്ഥാനത്തിൽ തീർപ്പാക്കേണ്ടതുണ്ട്.
ഇതിനുപുറമേ എച്ച്ഐവി ബാധിതർക്ക് കൂടുതൽ പിന്തുണ നൽകുന്നതിനും സൗഹൃദപരമായ നിയമാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ മറ്റു രണ്ട് നിർദേശങ്ങളും ജസ്റ്റീസുമാർ പങ്കുവച്ചു.
എച്ച്ഐവി ആക്ടുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർ ഉറപ്പുവരുത്തണം, സുപ്രീംകോടതി രജിസ്ട്രാർ ജനറലിന്റെ മേൽനോട്ടത്തിൽ ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം എന്നിവയാണ് നിർദേശങ്ങൾ.
എച്ച്ഐവി ബാധിതനായ വ്യക്തി ഉൾപ്പെട്ടിട്ടുള്ള കേസുകളിലെ കോടതി നടപടികളിൽ രോഗബാധിതനായ വ്യക്തിയുടെ യഥാർഥ പേരുവിവരങ്ങൾ ഉപയോഗിക്കാൻ പാടില്ല, കോടതിനടപടികൾ പരസ്യമായി നിർവഹിക്കുന്നതിന് പകരം കാമറ ട്രയലുകൾ നടത്താം, ഹർജിക്കാരന്റെ പേര്, മേൽവിലാസം എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് കേസുമായി ബന്ധപ്പെട്ട ഒരാളെയും അനുവദിക്കാൻ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് എച്ച്ഐവി ആക്ടിന്റെ സെക്ഷൻ 34(1) ആവശ്യപ്പെടുന്നത്.