കേന്ദ്രമന്ത്രി മുരുകനെതിരായ മാനഷ്ടക്കേസിലെ നടപടികൾ സ്റ്റേ ചെയ്തു
Thursday, September 28, 2023 5:36 AM IST
ന്യൂഡൽഹി: കേന്ദ്രസഹമന്ത്രിയും ബിജെപി തമിഴ്നാട് മുൻ പ്രസിഡന്റുമായിരുന്ന ഡോ. എൽ. മുരുകനെതിരേ ഡിഎംകെ മുഖപത്രത്തിന്റെ ഉടമസ്ഥരായ മുരസൊലി ട്രസ്റ്റ് നൽകിയ മാനനഷ്ടക്കേസിലെ നിയമനടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
മാനനഷ്ടക്കേസിലെ നിയമനടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരേയാണ് എൽ.മുരുകൻ സുപ്രീംകോടതിയെ സമീപിച്ചത്.
തമിഴ്നാട്ടിൽ ദളിതർക്കായി പതിച്ചുനൽകിയ ഭൂമിയിലാണ് മുരസൊലി ട്രസ്റ്റ് പ്രവർത്തിക്കുന്നതെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയാണ് നിയമനടപടികൾക്കു കാരണമായത്.