അക്സായ് ചിന്നിലും ചൈനയുടെ നിർമാണം
Tuesday, June 6, 2023 12:39 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ചൈനീസ് അധിനിവേശ കാഷ്മീർ എന്ന് അനൗദ്യോഗിക വിളിപ്പേരുള്ള അക്സായ് ചിന്നിൽ വൻതോതിലുള്ള സൈനിക വിന്യാസങ്ങൾ സ്ഥാപിച്ച് ചൈന. തർക്കമേഖലയിൽ റോഡുകൾ, ഔട്ട് പോസ്റ്റുകൾ, സൈനിക ക്യാന്പുകൾ എന്നിവ ചൈന വിപുലീകരിക്കുന്നതായി യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാറ്റം ഹൗസ് (റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫയേഴ്സ്) റിപ്പോർട്ട് വ്യക്തമാക്കുന്നു.
അക്സായ് ചിന്നിൽ ചൈന നടത്തിയ നിർമാണപ്രവർത്തനങ്ങളുടെ കണക്ക് 2022 ഒക്ടോബർ മുതലുള്ള ആറു മാസത്തെ ഉപഗ്രഹദൃശ്യങ്ങൾ സഹിതമാണു ചാറ്റം ഹൗസ് പുറത്തുവിട്ടത്. ഇതിനുപുറമേ 2020ലെ കിഴക്കൻ ലഡാക്ക് സംഘർഷത്തെ തുടർന്ന് യഥാർഥ നിയന്ത്രണരേഖയുടെ ചൈനീസ് ഭാഗത്തു ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നടത്തിയ വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
അക്സായ് ചിന്നിന്റെ ഉപഗ്രഹദൃശ്യങ്ങളിൽ ചൈനീസ് സൈന്യം സ്ഥാപിച്ചിട്ടുള്ള വലിയ റോഡുകൾ, ഔട്ട്പോസ്റ്റുകൾ, പാർക്കിംഗ് ഏരിയകൾ, സോളാർ പാനലുകൾ, ഹെലിപ്പാഡുകൾ, കടുത്ത കാലാവസ്ഥയെ പ്രതിരോധിക്കാൻ സജ്ജമാക്കിയിട്ടുള്ള സൈനിക ക്യാന്പുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എന്നിവ കാണാനാകും.
അക്സായ് ചിൻ തടാകത്തിനടുത്തായി നിർമിച്ചിട്ടുള്ള ഹെലിപോർട്ടിൽ 18 യുദ്ധവിമാന താവളങ്ങൾ (ഹാംഗറുകൾ), ചെറിയ റണ്വേകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഇത് അക്സായ് ചിൻ ഭാഗത്തുള്ള ചൈനീസ് സൈന്യത്തിന്റെ പ്രഹരശേഷി വർധിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിർത്തിയിലെ അനധികൃതമായ കടന്നുകയറ്റങ്ങൾ കാരണം ഇന്ത്യ-ചൈന ബന്ധം നിലവിൽ തികച്ചും മോശമായ സാഹചര്യത്തിലാണുള്ളത്. കിഴക്കൻ ലഡാക്കിലെ ഡെപ്സാംഗ് സമതലപ്രദേശങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നു സൈന്യത്തെ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുന്നതിന് ചൈന തയാറായിട്ടില്ല.
സൈനിക പിന്മാറ്റം നടത്തണമെന്ന ആവശ്യത്തിനു ബദലായി ഡെപ്സാംഗ് സമതലപ്രദേശത്ത് 15 കിലോമീറ്റർ ബഫർസോണ് വേണമെന്നാണു ചൈനയുടെ ആവശ്യം. കിഴക്കൻ ലഡാക്കിനു പുറമേ അരുണാചൽപ്രദേശിലും ചൈന സൈനിക ഗ്രാമങ്ങൾ നിർമിച്ചിട്ടുണ്ട്. അരുണാചലിലെ തവാംഗ് അതിർത്തിപ്രദേശങ്ങളിൽ ഉൾപ്പെടെ അനധികൃതമായി കൈയേറിയ ഗ്രാമങ്ങൾക്ക് ചൈനീസ് പേരുകൾ നൽകിയതു വിവാദമായിരുന്നു.
ഇപ്പോൾ ചാറ്റം ഹൗസ് പുറത്തുവിട്ട റിപ്പോർട്ടിൽ ഡെപ്സാംഗ് സമതലത്തിന്റെ തെക്കുഭാഗത്തുള്ള നദീതടമായ റാകി നാലയിൽ ചൈനീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുള്ളതായും വ്യക്തമാണ്.
സിൻജിയാംഗ്-ടിബറ്റ് ഹൈവേ നിർമാണവും പുരോഗമിക്കുന്നു
വടക്കു-പടിഞ്ഞാറൻ ചൈനയിലെ സ്വയംഭരണ പ്രദേശമായ സിൻജിയാംഗിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ജി-695 ഹൈവേയുടെ നിർമാണം ചൈന 2035ൽ പൂർത്തിയാക്കും.
അക്സായ് ചിൻ, ഡെപ്സാംഗ് സമതലങ്ങൾ, ഗൽവാൻ താഴ്വാരം, പാംഗോഗ് സോ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ജി-695 ഹൈവേയ്ക്ക് 2412 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഉയർന്ന പർവതപാതകൾ ഉൾപ്പെടെയുള്ള ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. ചൈനീസ് സൈനികവിന്യാസത്തിന് ജി-695 ഹൈവേ തന്ത്രപ്രധാനമാകുമെന്നാണ് റിപ്പോർട്ട്.
ഇതിനുപുറമേ പാംഗോഗ് തടാകത്തിനു കുറുകെ ചൈന നിർമിക്കുന്ന പാലവും സേനകളെ അതിവേഗം വിന്യസിക്കാൻ ചൈനയെ സഹായിക്കും. ഡെപ്സാംഗ് സമതലപ്രദേശങ്ങളിൽ ചൈന ബഫർസോണ് വേണമെന്നാവശ്യപ്പെടുന്നത് അക്സായ് ചിന്നിലെ ഇന്ത്യൻ സൈന്യത്തിന്റെ ചരക്കുനീക്ക, ഗതാഗത താവളമായ ദൗലത്ത് ബേഗ് ഓൾഡി എയർസ്ട്രിപ്പിന്റെ പ്രവർത്തനങ്ങൾ തടയുന്നതിനാണെന്നും ചാറ്റം ഹൗസ് റിപ്പോർട്ടിൽ പറയുന്നു.