കുന്നുകൂടി മൃതദേഹങ്ങൾ: നെട്ടോട്ടമോടി അധികൃതർ
Monday, June 5, 2023 12:31 AM IST
ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ പെടാപ്പാടുമായി അധികൃതർ. അപകടംനടന്ന് മൂന്നുദിവസമാകുന്പോഴും ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാനായിട്ടില്ല.
സൂക്ഷിക്കുന്നതിനു മതിയായ സംവിധാനങ്ങൾ ഇല്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഇന്നലെ 187 മൃതദേഹങ്ങൾ ബാലസോറിൽനിന്നു ഭുവനേശ്വറിലേക്ക് അധികൃതർ മാറ്റി. ഇവിടെയും സൗകര്യങ്ങളുടെ അപര്യാപ്തത അധികൃതരെ കുഴയ്ക്കുന്നുണ്ട്.
110 മൃതദേഹങ്ങൾ ഭുവനേശ്വർ എയിംസിലേക്കും അവശേഷിച്ചവ ക്യാപ്റ്റിൽ, അംരി, സും തുടങ്ങിയ സ്വകാര്യാശുപത്രികളിലേക്കും മാറ്റി പ്രശ്നത്തിനു താത്കാലിക പരിഹാരം കാണുകയായിരുന്നു. നാൽപ്പത് മൃതദേഹങ്ങൾ മാത്രം സൂക്ഷിക്കാനുള്ള സൗകര്യമാണ് എയിംസിലുള്ളതെന്ന് അധികൃതർ പറഞ്ഞു.
അനാട്ടമി വകുപ്പിൽ പുതിയ സംവിധാനമൊരുക്കി ഏതാനും മൃതദേഹങ്ങൾകൂടി സൂക്ഷിച്ചു. ശവപ്പെട്ടികളും ഫോർമാലിൻ ഉൾപ്പെടെ രാസവസ്തുക്കളും ഇതിനായി ശേഖരിച്ചുവെന്നും എയിംസ് വൃത്തങ്ങൾ സൂചിപ്പിച്ചു.