കോറമാണ്ഡൽ എക്സ്പ്രസ് ലൂപ് ലൈനിലേക്കു കയറിയെന്നു നിഗമനം
Sunday, June 4, 2023 12:42 AM IST
ന്യൂഡൽഹി: കോറമാണ്ഡൽ എക്സ്പ്രസ് പ്രധാന ലൈനിലേക്കു കയറാതെ ലൂപ് ലൈനിലേക്കു കയറിയതാണ് അപകടത്തിനു കാരണമായതെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ലൂപ് ലൈനിലുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചു കയറിയ കോറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ പാളംതെറ്റി.
ഇതേസമയം അതുവഴി വന്ന ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ കോച്ചുകൾ കോറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിൽ ഇടിച്ചു മറിയുകയായിരുന്നു.
കോറമാണ്ഡൽ എക്സ്പ്രസ് 128 കിലോമീറ്റർ സ്പീഡിലായിരുന്നു; ബംഗളൂരു-ഹൗറ എക്സ്പ്രസ് 116 കിലോമീറ്റർ സ്പീഡിലും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് റെയിൽവേ ബോർഡിനു കൈമാറി. അപകടത്തെക്കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിഗ്നലിംഗ് തകരാറാണ് അപകടകാരണമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം മെയിൻലൈനിലേക്കു പ്രവേശിക്കാൻ സിഗ്നൽ ലഭിച്ചതു കൊറമണ്ഡൽ എക്സ്പ്രസിനായിരുന്നു. എന്നാൽ, ലൂപ്ലൈനിലേക്കു കയറിയ കോറമാണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറി പാളം തെറ്റുകയായിരുന്നു.
ഇതേസമയം, ബംഗളൂരു-ഹൗറ എക്സ്പ്രസ് രണ്ടാമത്തെ മെയിൻ ലൈനിലൂടെ അതിവേഗമെത്തുകയും കോറമാണ്ഡൽ എക്സ്പ്രസിന്റെ പാളംതെറ്റിയ കോച്ചുകളിൽ ഇടിക്കുകയും ചെയ്തു-റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്റ്റേഷൻ മേഖലയിൽ ട്രെയിനുകൾക്ക് കയറിവരാനും നിർത്തിയിടാനുമാണു ലൂപ്ലൈനുകൾ നിർമിക്കുന്നത്. ഒന്നിലേറെ എൻജിനുകളുള്ള ഗുഡ്സ് ട്രെയിനുകളുടെ സൗകര്യാർഥം 750 മീറ്റർ നീളത്തിലാണു സാധാരണ ലൂപ് ലൈനുകൾ നിർമിക്കുക.