പ്രധാനമന്ത്രി ഒഡീഷയ്ക്കു തിരിച്ചത് ഉന്നതതല യോഗത്തിൽ പങ്കെടുത്തശേഷം
Sunday, June 4, 2023 12:42 AM IST
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ട്രെയിനപകടം സംബന്ധിച്ചു ഡൽഹിയിൽ നടന്ന ഉന്നതലയോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെ ദുരന്തസ്ഥലത്തേക്കു തിരിച്ചത്. രക്ഷാപ്രവർത്തനം, പരിക്കേറ്റവരുടെ ചികിത്സ, അപകടം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങളാണു യോഗത്തിൽ ചർച്ച ചെയ്തത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കാബിനറ്റ് സെക്രട്ടറി രാജീവ് ഗുപ്ത, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ബല്ല, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) മേധാവി എസ്.എൻ.പ്രധാൻ തുടങ്ങിയവർ പങ്കെടുത്തു.
ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ സൗത്ത് ഈസ്റ്റേണ്‍ സർക്കിൾ റെയിൽവെ സേഫ്റ്റി കമ്മീഷണർ എ.എം. ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ പേർക്കും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.