കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പുരിൽ: കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കു പത്തു ലക്ഷവും ജോലിയും
Wednesday, May 31, 2023 1:30 AM IST
ഇംഫാൽ: കലാപത്തെത്തുടർന്ന് അവശ്യവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെടുന്ന മണിപ്പുരിൽ അവശ്യവസ്തുക്കൾ വേഗത്തിൽ ലഭ്യമാക്കാൻ ധാരണ. മണിപ്പുരിൽ സന്ദർശനം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും തമ്മിൽ നടന്ന ചർച്ചയിലാണു തീരുമാനം.
കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് കേന്ദ്ര-സംസ്ഥാനസർക്കാരുകൾ സംയുക്തമായി പത്തുലക്ഷം രൂപ വീതം ആശ്വാസധനം നൽകും. കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലി ഉറപ്പാക്കും. പെട്രോളിന്റെയും പാചകവാതകത്തിന്റെയും അരിയുടെയും ഭക്ഷ്യധാന്യങ്ങളുടെയും ലഭ്യത ഉറപ്പാക്കും. വിലനിയന്ത്രണം പാലിക്കാനും നടപടിയുണ്ടാകും.
മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം രഹസ്യാന്വേഷണ, സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
തിങ്കളാഴ്ച രാത്രി കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ കുമാർ ഭല്ലയുൾപ്പെടെ ഉന്നതർക്കൊപ്പം ഇംഫാലിലെത്തിയ അമിത് ഷാ മന്ത്രിസഭാംഗങ്ങളുമായും ചർച്ച നടത്തി. പോരടിച്ചു നിൽക്കുന്ന മെയ്തേയ്, കുക്കി വിഭാഗത്തിൽനിന്നുള്ള നേതാക്കൾ, പ്രമുഖ കക്ഷിനേതാക്കൾ എന്നിവരെയും കണ്ടു. കലാപം ഏറ്റവും രൂക്ഷമായ ചുരാചന്ദ്പുർ ഇന്നലെ ആഭ്യന്തരമന്ത്രി സന്ദർശിച്ചു.
മേധാവിത്തമുള്ള ജില്ലകളിൽ പ്രത്യേകഭരണകൂടം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഇതംഗീകരിക്കാനാകില്ലെങ്കിൽ മണിപ്പുരിൽ രാഷ്ട്രപതി ഭരണം വേണമെന്നും കുക്കി പ്രതിനിധികൾ പറഞ്ഞു. കലാപത്തിനു പിന്നാലെ പ്രമുഖ കുക്കിനേതാക്കൾ അന്യസംസ്ഥാനത്തേക്ക് കടന്നിരിക്കുകയാണ്. അമിത് ഷായെ കാണാൻ ഇവർ മടങ്ങിയെത്തുമെന്നാണ് സൂചന.
സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനവും മെയ്തേയ് വിഭാഗക്കാരാണ്. ഇംഫാൽ താഴ്വരയാണു പ്രധാനകേന്ദ്രം. 40 ശതമാനത്തോളം വരുന്ന ആദിവാസിവിഭാഗമായ നാഗകളും കുക്കികളും പർവതമേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
കഴിഞ്ഞമാസം മൂന്നിനാണു കലാപം പൊട്ടിപ്പുറപ്പെട്ടത്. 80 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം. ക്രമസമാധാനപാലനത്തിനായി കരസേന, ആസാം റൈഫിൾസ് തുടങ്ങിയ വിഭാഗങ്ങളിൽനിന്നായി പതിനായിരത്തോളം സേനാംഗങ്ങളെയാണു വിന്യസിച്ചിരിക്കുന്നത്. അർധസൈനികവിഭാഗങ്ങളും മണിപ്പുരിലുണ്ട്.