ഷിൻഡെപക്ഷത്തെ 22 എംഎൽഎമാരും ഒന്‍പത് എംപിമാരും പാർട്ടി വിടുമെന്ന് ഉദ്ധവ് പക്ഷം
Wednesday, May 31, 2023 1:30 AM IST
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പക്ഷത്തുള്ള 22 എംഎൽഎമാരും ഒന്‍പത് എംപിമാരും പാർട്ടി വിടുമെന്ന് ഉദ്ധവ് താക്കറെ പക്ഷം.
ബിജെപിയുടെ ചിറ്റമ്മനയത്തിൽ ഷിൻഡെപക്ഷ എംഎൽഎമാർ അതൃപ്തരാണെന്ന് ശിവസേന മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.
ബിജെപിക്കെതിരേ ഷിൻഡെപക്ഷത്തുള്ള ഗജാനൻ കിരിത്കർ എംപി തുറന്നടിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ശിവസേനയെ പിളർത്തി ബിജെപി പിന്തുണയോടെ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിസ്ഥാനം ഷിൻഡെയ്ക്കാണെങ്കിലും ഭരണനിയന്ത്രണം ബിജെപിക്കാണെന്നു സാമ്ന കുറ്റപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനകാര്യത്തിലും ബിജെപിയും ഷിൻഡെപക്ഷവും തമ്മിൽ തർക്കമുണ്ട്. 2019ൽ ശിവസേന മത്സരിച്ച 22 സീറ്റുകളും തങ്ങൾക്കു വേണമെന്നു ഗജാനൻ കിരിത്കർ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഏഴു സീറ്റിലധികം ഷിൻഡെ പക്ഷത്തിനു നല്‍കില്ലെന്നാണു സാമ്ന പറയുന്നത്.