ഡൽഹിയിലെ അരുംകൊല: കുറ്റബോധമില്ലെന്നു പ്രതി
Wednesday, May 31, 2023 1:30 AM IST
ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞദിവസം ജനമധ്യത്തിൽ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതിൽ ഒരു പശ്ചാത്താപവുമില്ലെന്ന് പിടിയിലായ പ്രതി സാഹിൽ.
താനുമായുണ്ടായിരുന്ന പ്രണയം പെണ്‍കുട്ടി അവസാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മനസിലായതോടെയാണു കൊല നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണു സുഹൃത്തിന്റെ മകന്റെ പിറന്നാളിന് പോകുകയായിരുന്ന പെണ്‍കുട്ടിയെ പൊതുസ്ഥലത്തുവച്ച് സാഹിൽ ആക്രമിച്ചു കൊലപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കുറച്ചുകാലമായി പെണ്‍കുട്ടി അവഗണിക്കുന്നതിനാൽ പ്രകോപിതനായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇനിയും ശല്യപ്പെടുത്തിയാൽ പോലീസിൽ പരാതി നൽകുമെന്ന് പെണ്‍കുട്ടി സാഹിലിനോട് പറഞ്ഞിരുന്നു. മറ്റൊരു സുഹൃത്തുമായി പെണ്‍കുട്ടി ബന്ധം പുതുക്കിയെന്ന സംശയവും സാഹിലിനുണ്ടായിരുന്നു. പെണ്‍കുട്ടി ശരീരത്തിൽ പ്രവീണ്‍ എന്നെഴുതിയ ടാറ്റൂ പതിച്ചതും പ്രകോപനത്തിനു കാരണമായെന്നാണ് റിപ്പോർട്ടുകൾ.
കൊലപാതകശേഷം രക്ഷപ്പെട്ട സഹിലിനെ ഉത്തർപ്രദേശിലെ ബുലന്ദ്സഹറിൽനിന്നാണു പോലീസ് പിടികൂടിയത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതി പെണ്‍കുട്ടിയെ നിരവധി തവണ മാരകമായി ദേഹത്ത് കത്തികൊണ്ട് കുത്തുന്നതും സ്ലാബെടുത്ത് തലയ്ക്ക് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ഒരു ഘട്ടത്തിൽ ആക്രമണമവസാനിപ്പിച്ചു മടങ്ങിയ യുവാവ് തിരികെ വന്ന് കല്ലെടുത്ത് തലയ്ക്കടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ആളുകൾ പരിസരത്തുകൂടി നടന്നുപോകുന്പോഴാണ് ക്രൂരമായ ആക്രമണം നടന്നത്.
ഏകദേശം 25 മിനിറ്റാണ് പെണ്‍കുട്ടിയുടെ മൃതദേഹം തെരുവിൽ കിടന്നത്. ശരീരത്തിൽ 34 മുറിവുകളുണ്ടായിരുന്നു. തലയോട്ടി പൊട്ടുകയും ചെയ്തിട്ടുണ്ട്. കൊലപാതകം നടന്ന് നിമിഷങ്ങൾക്കകം പ്രതി ഫോണ്‍ ഓഫ് ചെയ്തു സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, പെണ്‍കുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഡൽഹിയുടെ ക്രമസമാധാന ചുമതല സംസ്ഥാനത്തിന് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായമായി പത്തു ലക്ഷം രൂപ അദ്ദേഹം പ്രഖ്യാപിച്ചു.