ഡാമിലേക്കു വീണ മൊബൈൽഫോൺ എടുക്കാൻ ഡാമിലെ വെള്ളം വറ്റിച്ചു!
Saturday, May 27, 2023 1:28 AM IST
കാങ്കേർ (ഛത്തീസ്ഗഡ്): അണക്കെട്ടിലേക്കു വീണ തന്റെ മൊബൈൽ ഫോൺ എടുക്കാൻ ഡാമിലെ 41 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ.
സംഭവത്തെത്തുടർന്ന് ഫുഡ് ഇൻസ്പെക്ടറായ രാജേഷ് വിശ്വാസിനെ അന്വേഷണവിധേയമായി സസ് പെൻഡ് ചെയ്തു. ഗ്രാമവാസികളെ കൂട്ടി ഡീസൽ പന്പ് ഉപയോഗിച്ച് മണിക്കൂറുകൾക്കകമാണ് പാറൽകോട്ട് അണക്കെട്ട് വറ്റിച്ച് മൊബൈൽഫോൺ കണ്ടെടുത്തത്. കടുത്ത ജലക്ഷാമം നേരിടുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥന്റെ പ്രവൃത്തി വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
21ന് സുഹൃത്തുക്കൾക്കൊപ്പമാണ് രാജേഷ് അണക്കെട്ട് സന്ദർശിക്കാനെത്തിയത്. സെൽഫിയെടുക്കുന്നതിനിടെ ഫോൺ അണക്കെട്ടിലേക്കു വീഴുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപ വിലയുള്ള സാംസംഗ് ഗാലക്സി എസ്23 ഫോണാണു നഷ്ടപ്പെട്ടത്.
സംഭവം പുറത്തായതോടെ കാങ്കേർ കളക്ടർ പ്രിയങ്ക ശുക്ല അടിയന്തരമായി റിപ്പോർട്ട് തേടി. ജലവിഭവ വകുപ്പ് സബ് ഡിവിഷണൽ ഓഫീസർ ആർ.സി. ധീവറിനു കളക്ടർ കാരണംകാണിക്കൽ നോട്ടീസ് നല്കി. ഡാമിലെ വെള്ളം വറ്റിക്കാൻ രാജേഷിനു വാക്കാൽ അനുമതി നല്കിയത് ധീവറാണെന്നാണു വിവരം.
പത്തടിമാത്രമേ വെള്ളമുള്ളൂവെന്നും മൂന്നടിയോളം വെള്ളം വറ്റിച്ചാൽ ഫോൺ എടുത്തുതരാമെന്നും ഗ്രാമവാസികളാണു പറഞ്ഞതെന്ന് രാജേഷ് പറഞ്ഞു. എസ്ഡിഒയെ വിളിച്ചപ്പോൾ കർഷകർക്ക് ആവശ്യമില്ലെങ്കിൽ വെള്ളം വറ്റിച്ച് മൊബൈൽഫോൺ എടുത്തോളൂ എന്നാണു പറഞ്ഞത്. ഇതേത്തുടർന്ന് സ്വന്തം ചെലവിൽ വെള്ളം വറ്റിക്കുകയായിരുന്നുവെന്നു രാജേഷ് പറഞ്ഞു. അണക്കെട്ടിലുണ്ടായിരുന്ന 41 ലക്ഷം ലിറ്റർ വെള്ളമാണ് രാജേഷ് വറ്റിച്ചത്.
അതേസമയം, മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ പിതൃസ്വത്തായി കാണുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങളുണ്ടാകുന്നതെന്നായിരുന്നു ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിംഗ് പറഞ്ഞു.ആയിരത്തി അഞ്ഞൂറ് ഏക്കർ ഭൂമിയിൽ ജലസേചനം നടത്താനുള്ള വെള്ളമാണ് പാഴായതെന്നു രമൺ സിംഗ് കൂട്ടിച്ചേർത്തു.
പാഴാക്കിയ വെള്ളത്തിനു തത്തുല്യമായ തുക രാജേഷ് വിശ്വാസിന്റെ ശന്പളത്തിൽനിന്ന് ഈടാക്കാൻ കാങ്കേർ ജില്ലാ കളക്ടർ ഉത്തരവിട്ടു.