""അന്‍വര്‍ ഇനി ആരെയെല്ലാമാണ് വെല്ലുവിളിക്കാനുള്ളത്?''
Monday, June 23, 2025 5:40 AM IST
കോഴിക്കോട്: പി.വി. അന്‍വര്‍ ഇനി ആരെയെല്ലാമാണ് വെല്ലുവിളിക്കാന്‍ അവശേഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എക്കെതിരേ പി.വി. അന്‍വര്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്.
അദ്ദേഹം ഇന്നലെ പറഞ്ഞതല്ല ഇന്നു പറയുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍തന്നെ സമ്മതിക്കുകയാണ്. തങ്ങള്‍ ഇതുനേരത്തേ തന്നെ ചൂണ്ടിക്കാട്ടിയതാണ്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അതു മനസിലാക്കാന്‍ വൈകിയതാണെന്ന് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. വ്യക്തികളോടും പ്രസ്ഥാനങ്ങളോടുമുള്ള സമീപനം അവരുടെ നിലപാടിനെക്കൂടി ആശ്രയിച്ചിരിക്കുമെന്ന് പി.വി. അന്‍വറിനോടുള്ള സമീപനത്തക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി. നിലമ്പൂരുകാര്‍ കേരളത്തിന് ആകെ വേണ്ടിയാണ് പോളിംഗ് ബൂത്തിലേക്കു പോയത്. അവിടെ യുഡിഎഫ് സുരക്ഷിത ഭൂരിപക്ഷത്തില്‍ ജയിക്കും.
കണ്ണൂര്‍ കായലോട് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ എല്ലാ പ്രതികളെയും പോലീസ് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കുടുംബത്തിന്റെ പരാതിക്ക് പരിഹാരമുണ്ടാക്കണം. മുന്‍ ഗവര്‍ണറെ താലോലിക്കാനും ഇപ്പോഴത്തെ ഗവര്‍ണര്‍ക്ക് ചുവന്ന പരവതാനി വിരിക്കാനും പോയവരാണ് ഇപ്പോള്‍ തിരുത്താന്‍ നിര്‍ബന്ധിതമായത്.
ഇപ്പോള്‍ തെരുവില്‍ നടക്കുന്നത് നാടകമാകരുത്. മുന്‍ ഗവര്‍ണര്‍ക്കെതിരേ യുഡിഎഫ് നിയമസഭയില്‍ പ്രതികരിച്ചപ്പോള്‍ ഗവര്‍ണറെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെ സ്വീകരിച്ചത്. രാജ്ഭവനെ രാഷ്ട്രീയവത്കരിക്കരുതെന്ന നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കിയതാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.