കേസെടുക്കാനായില്ലെങ്കിൽ കാരണം പരാതിക്കാരനെ രേഖാമൂലം അറിയിക്കണം
സ്വന്തം ലേഖകൻ
Monday, June 23, 2025 5:20 AM IST
തിരുവനന്തപുരം: പരാതി ലഭിച്ചിട്ടും കേസെടുക്കാൻ കഴിയില്ലെങ്കിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന കാരണം പരാതിക്കാരനെ പോലീസ് രേഖാമൂലം അറിയിക്കണം. പോലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖയിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്.
വനിതകളെ പകൽ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂ. രാത്രിയിൽ സ്ത്രീകളുടെ അറസ്റ്റ് പാടില്ല. അറസ്റ്റ് മെമ്മോയിൽ അറസ്റ്റിലാകുന്ന വ്യക്തിയുടെ കുടുംബാംഗമോ പ്രദേശത്തെ പ്രമുഖ വ്യക്തിയോ സാക്ഷ്യപ്പെടുത്തണം. അറസ്റ്റിലാകുന്നവർക്ക് അഭിഭാഷകനുമായി സംസാരിക്കാൻ അവസരം ഒരുക്കണം.
കസ്റ്റഡിയിൽ ഉള്ളവരെ ഓരോ രണ്ടു ദിവസം കൂടുന്പോഴും (48 മണിക്കൂർ) മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കണം. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പേരും ഔദ്യോഗിക പദവിയും വ്യക്തമാക്കുന്ന നെയിം ബോർഡ് ധരിച്ചിരിക്കണം.
സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ സ്റ്റേഷനിൽ വനിതാ ഉദ്യോഗസ്ഥയുണ്ടാകണം. പൗരന്മാർക്ക് സ്റ്റേഷനിൽ പ്രവേശിക്കാനും നിയമപരമായ സേവനം ഉറപ്പാക്കാനും അവകാശമുണ്ടെന്നും പൗരാവകാശ രേഖയിൽ പറയുന്നു.