മൂഴിമലയിൽ ഒറ്റയാൻ കൃഷി നശിപ്പിച്ചു
Monday, June 23, 2025 5:39 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ മൂഴിമലയിൽ ഒറ്റയാൻ വൻതോതിൽ കൃഷി നശിപ്പിച്ചു. പാറാശേരി അന്നക്കുട്ടി, കുടിപ്പുറത്ത് നളിനി, ഭരതന്നൂർ അശോകൻ തുടങ്ങിയവരുടെ കൃഷിയാണ് നശിപ്പിച്ചത്. അന്നക്കുട്ടിയുടെ കൃഷിയിടത്തിലെ നിരവധി തെങ്ങുകൾ കഥാവശേഷമായി. അശോകന്റെ പറന്പിൽ ഇഞ്ചിക്കൃഷിക്കാണ് ഏറെ നാശം. നളിനിയുടെ വീട്ടുമുറ്റത്തെത്തിയ ആന മാങ്ങ പറിച്ചുതിന്നു. സൗത്ത് വയനാട് വനം ഡിവിഷനിലെ നെയ്ക്കുപ്പ വനവുമായി അതിരിടുന്നതാണ് മൂഴിമല ഗ്രാമം.
ഇവിടെയുള്ള കൃഷിയിടങ്ങൾ ദിവസങ്ങളായി ഒറ്റയാൻ മേച്ചിൽപ്പുറമാക്കിയിരിക്കയാണ്. സന്ധ്യമയങ്ങുന്നതോടെയാണ് ആന ജനവാസകേന്ദ്രത്തിൽ എത്തുന്നത്. നേരം പുലർന്നതിനുശേഷമാണ് മടക്കം. രാത്രി വീടിനു പുറത്തിറങ്ങാൻ ആളുകൾക്കു ഭയമാണ്.
വനാതിർത്തിയിൽ കാട്ടാന പ്രതിരോധത്തിന് സംവിധാനങ്ങളില്ല. ഇത് കൃഷിയിടങ്ങളിലേക്കുള്ള ആനയുടെ വരവും മടക്കവും സുഗമമാക്കുകയാണ്. കാട്ടാനശല്യം തടയാൻ സത്വര നടപടി സ്വീകരിക്കണമെന്നും കൃഷി നശിച്ചവർക്ക് എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് മൂഴിമലക്കാരുടെ ആവശ്യം.