കുസാറ്റിൽ പാസിംഗ് ഔട്ട് പരേഡ് ഗവർണർ ഉദ്ഘാടനം ചെയ്തു
Monday, June 23, 2025 5:20 AM IST
കളമശേരി: വ്യവസായങ്ങൾക്ക് ആവശ്യമുള്ള അറിവുകൾ ഉത്പാദിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ഇനി സൃഷ്ടിക്കേണ്ടത് നന്മയും മനുഷ്യത്വവും സാമൂഹ്യസേവനതൽപര്യവുമുള്ള ആളുകളെ കൂടിയാണെന്ന് കേരള ഗവർണറും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു.
കുസാറ്റ് കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനിയറിംഗിന്റെ 18-ാം ബാച്ച് ബിടെക് മറൈൻ എൻജിനിയറിംഗ് വിദ്യാർഥികളുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം ഗവർണർ കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. സർവകലാശാലാ ഡീൻ, സിൻഡിക്കറ്റ്, സെനറ്റ് അംഗങ്ങളുമായും ഗവർണർ കൂടിക്കാഴ്ച നടത്തി.
കുസാറ്റ് വൈസ് ചാൻസലർ പ്രഫ. ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ രജിസ്ട്രാർ പ്രഫ. ഡോ. എ.യു. അരുൺ, കൊച്ചിയിലെ മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഓഫീസർ ജെ. സെന്തിൽ കുമാർ, കുസാറ്റ് സിൻഡിക്കറ്റ് അംഗം ഡോ. പി.കെ. ബേബി എന്നിവർ പ്രസംഗിച്ചു.