കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു
Monday, June 23, 2025 5:20 AM IST
വണ്ടിത്താവളം (പാലക്കാട്): മീനാക്ഷിപുരത്തിനു സമീപം കമ്പാലത്തറ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. പുതുനഗരം കുളത്തുമേട് സ്വദേശി മുരളീധരന്റെ മകൻ കാർത്തിക് (19), ചിറ്റൂർ തറക്കളം സ്വദേശി മുരളിയുടെ മകൻ വിഷ്ണുപ്രസാദ് (18) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു വിദ്യാർഥികൾ. ആറംഗ സംഘമാണ് കുളിക്കാനെത്തിയത്. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് സ്കൂബ ടീം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. ആറോടെ കാർത്തിക്കിന്റെ മൃതദേഹവും ഏഴിനു വിഷ്ണുപ്രസാദിന്റെ മൃതദേഹവും ഫയർഫോഴ്സ് സംഘം കണ്ടെടുത്തു. ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്നുരാവിലെ മീനാക്ഷിപുരം പോലീസിന്റെ ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടം നടത്തും.വിഷ്ണുപ്രസാദിന്റെ അമ്മ: ശോഭ. കാർത്തിക് കൊഴിഞ്ഞാമ്പാറ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥിയാണ്. അമ്മ: വിനോദിനി.