തെരഞ്ഞെടുപ്പു ഫലം സർക്കാരിന് താക്കീതായിരിക്കും: പി.ജെ. ജോസഫ്
Sunday, June 22, 2025 1:02 AM IST
കോട്ടയം: കേരളത്തിൽ കഴിഞ്ഞ ഒന്‍പതു വർഷമായി അധികാരത്തിലിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനെതിരേയുള്ള ശക്തമായ താക്കീതായിരിക്കും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിലൂടെ പുറത്തുവരുന്നതെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാൻ പി.ജെ. ജോസഫ്.
കേരള യൂത്ത് ഫ്രണ്ട് 56-ാം സംസ്ഥാന ജന്മദിനസമ്മേളനം കോട്ടയത്ത് കേരള കോൺഗ്രസ് ഓഫീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ സര്‍ക്കാരിന് തുടർഭരണം ലഭിച്ചിട്ടും യുവാക്കളുടെ തൊഴില്‍ പ്രശ്നം പരിഹരിക്കാനും യാഥാര്‍ഥ്യപരമായ യുവജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാനും കഴിഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള ദുരവസ്ഥകൾ തിരുത്തിക്കുറിക്കാൻ യൂത്ത് ഫ്രണ്ട് ശക്തമായ യുവജനപ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ സജ്ജമാണെന്നു പി.ജെ. ജോസഫ് പറഞ്ഞു.
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ പി.സി. തോമസ് , മോൻസ് ജോസഫ് എംഎൽഎ, അഡ്വ. ജോയ് ഏബ്രഹാം, തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ്, കെ.എഫ്. വർഗീസ്, കുഞ്ഞുകോശി പോൾ, അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ, പ്രിൻസ് ലൂക്കോസ്, വി.ജെ. ലാലി, എ.കെ. ജോസഫ്, ബിനു ചെങ്ങളം, എം. മോനിച്ചൻ എന്നിവർ പ്രസംഗിച്ചു.