ഐഫോണ്‍ 17 ഇന്ത്യയിൽനിന്ന്
Wednesday, August 20, 2025 10:52 PM IST
മുംബൈ: ആപ്പിൾ ഇന്ത്യയിൽ ഐഫോണ്‍ നിർമാണം വിപുലീകരിക്കുന്നു. ആപ്പിളിന്റെ പുതിയതായി ഇറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 സീരീസിലെ എല്ലാ ഫോണുകളും ഇന്ത്യയിൽ നിർമിക്കുമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബറിലാണ് ഐഫോണ്‍ 17 സീരീസുകൾ ആപ്പിൾ അവതരിപ്പിക്കുക. ഐഫോണ്‍ 17 സീരീസിലെ നാലു മോഡലുകളുടെ ഉത്പാദനം അഞ്ച് പ്രാദേശിക ഫാക്ടറികളിലായി വ്യാപിപ്പിച്ചു. അതിൽ രണ്ടെണ്ണത്തിൽ നിർമാണം ആരംഭിച്ചു. ആദ്യമായാണ് ആപ്പിൾ പുതിയ ഐഫോണുകളുടെ എല്ലാ വേരിയന്റുകളും ഇന്ത്യയിൽ നിർമിക്കുന്നത്.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കും യുഎസ് ഗവണ്മെന്റിന്റെ തീരുവയ്ക്കുമിടയിൽ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വിതരണശൃംഖല വൈവിധ്യവത്കരിക്കാനുമുള്ള ആപ്പിളിന്റെ ശ്രമങ്ങളുടെ ഭാഗവുമാണിത്.
യുഎസിൽ വിൽക്കുന്ന ഐഫോണുകളുടെ വിതരണശൃംഖല സുരക്ഷിതമാക്കാനുള്ള ആപ്പിളിന്റെ തന്ത്രത്തിന്റെ ഭാഗമാണ് നീക്കം. ഇതിനുള്ള മുൻകരുതലെന്ന നിലയിൽ യുഎസ് വിപണിയിലേക്കുള്ള ഐഫോണ്‍ ഉത്പാദനത്തിന്റെ വലിയൊരു പങ്ക് ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് കന്പനി ഇതിനകം തന്നെ മാറ്റിയിട്ടുണ്ട്.
ഈ വർഷം ഏപ്രിൽ, ജൂലൈ മാസങ്ങൾക്കിടയിൽ 7.5 ബില്യണ്‍ ഡോളറിന്റെ ഐഫോണുകൾ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്തു. കഴിഞ്ഞ സാന്പത്തിക വർഷം 17 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്.
ടാറ്റ ഗ്രൂപ്പ് തമിഴ്നാട്ടിൽ പുതിയതായി ആരംഭിച്ച പ്ലാന്റും ഫോക്സ്കോണിന്റെ ബംഗളൂരു പ്ലാന്റും ഈ നിർമാണം വിപുലീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആപ്പിൾ ഐഫോണ്‍ 17 സെപ്റ്റംബറിൽ
അടുത്തമാസം ഐഫോണ്‍ 17, ഐഫോണ്‍ 17 എയർ, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിങ്ങനെ നാലു ഫോണുകൾ അവതരിപ്പിക്കും. കൂടാതെ വാച്ച് സീരീസ് 11, വാച്ച് അൾട്രാ 3, ഐഒഎസ് 26 തുടങ്ങിയ മറ്റ് ഉത്പന്നങ്ങളും അവതരിപ്പിക്കും.
ഇന്ത്യൻ വിപണിയിൽ 89,900 രൂപയിലാകും ഐഫോണ്‍ 17ന്റെ വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 17 എയറിന്റെ പ്രാരംഭവില 99,900 രൂപയിലും ഐഫോണ്‍ 17 പ്രോ 1,45,990 രൂപയിലും പ്രോ മാക്സ് 1,64,990 രൂപയിലുമാണ് പ്രതീക്ഷിക്കുന്നത്.