ജിഎസ്ടി സ്ലാബ് പുനഃക്രമീകരണം: സ്വര്‍ണവ്യാപാരികള്‍ക്ക് ആശങ്ക
Wednesday, August 20, 2025 10:52 PM IST
കൊച്ചി: ജിഎസ്ടി സ്ലാബുകള്‍ പുനഃക്രമീകരിക്കുമെന്ന പ്രഖ്യാപനത്തില്‍ സ്വര്ണവ്യാപാരികള്ക്കിടയില് ആശങ്ക. ജിഎസ്ടി ഇനി രണ്ടു സ്ലാബുകള്‍ മാത്രമാക്കാനും ഏറ്റവും കുറഞ്ഞ സ്ലാബ് അഞ്ചു ശതമാനമാക്കാനുമാണു നീക്കം.
ഇപ്പോള്‍ ആറു ശതമാനമാണ് ഇറക്കുമതിച്ചുങ്കം. ഇതില്‍ മാറ്റം വരുത്തി സ്വര്‍ണത്തിനുള്ള ജിഎസ്ടി മൂന്നു ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി ഉയര്‍ത്താനാണു നീക്കം.
ഇറക്കുമതിച്ചുങ്കം കുറയ്ക്കുമ്പോള്‍ സ്വാഭാവികമായും വില കുറയാനുള്ള സാധ്യതയുള്ളപ്പോള്‍ ജനങ്ങള്‍ക്ക് അഞ്ചു ശതമാനം നികുതിഭാരംകൂടി കൊടുക്കുന്നത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ദുബായില്‍നിന്ന് ഇന്ത്യയിലേക്കു സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ സീപാ കരാര്‍ പ്രകാരം ഒരു ശതമാനം ഇളവുണ്ട്. അവിടെ സ്വര്‍ണത്തിന് ഇറക്കുമതി നികുതിയില്ല. എന്നാല്‍ ആഭരണങ്ങള്‍ക്ക് അഞ്ചു ശതമാനമാണ് ജിഎസ്ടി. ഇന്ത്യയില്‍ അതേ നികുതിഘടന സ്വര്‍ണത്തില്‍ വരുത്താനാണു ശ്രമിക്കുന്നത്.
ജിഎസ്ടി നിലവില്‍ വരുമ്പോള്‍ പവന് 20,000 രൂപയായിരുന്നു വില. അന്ന് 600 രൂപ നികുതി നല്‍കിയിരുന്ന സ്ഥാനത്ത് ഇന്നു നിലവിലെ സ്വര്‍ണവിലയനുസരിച്ച് 2,300 രൂപയോളം ജിഎസ്ടി നല്‍കണം. സ്വര്‍ണത്തിന് അഞ്ചു ശതമാനം നികുതിയാക്കിയാല്‍ 3750 രൂപയോളം പവന് ജിഎസ്ടിയായി മാത്രം നല്‍കേണ്ടിവരും. പണിക്കൂലികൂടി കൂട്ടിയാല്‍ നികുതിബാധ്യത ഇരട്ടിക്കും.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്വര്‍ണ വ്യാപാര മേഖലയില്‍ മൂന്നു ശതമാനം ജിഎസ്ടി എന്നത് ഒരു ശതമാനമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കിയതായി ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.