സുസ്ഥിര ഏവിയേഷൻ ഇന്ധനം: ഐഒസി- എയർ ഇന്ത്യ ധാരണ
Wednesday, August 20, 2025 10:52 PM IST
കൊച്ചി: ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐഒസി) സുസ്ഥിര എവിയേഷൻ ഇന്ധന (എസ്എഎഫ്) വിതരണത്തിന് എയർ ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യൻ ഓയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ (എവിയേഷൻ) ശൈലേഷ് ധർ, എയർ ഇന്ത്യ ഗവേണൻസ്, റെഗുലേറ്ററി, കംപ്ലയൻസ് ആൻഡ് കോർപറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡ് പി. ബാലാജി എന്നിവരാണു ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ഇന്ധനത്തിന്റെ കുറഞ്ഞ കാർബൺ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ആഗോള ഡീകാർബണൈസേഷൻ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും കൂടുതൽ സുസ്ഥിരമായ വ്യോമ ഗതാഗത നടപടികളിലേക്കുള്ള മാറ്റത്തിന് സംഭാവന നൽകാനുമുള്ള പ്രതിബദ്ധതയാണ് പുതിയ ധാരണാപത്രത്തിലൂടെ വ്യക്തമാക്കുന്നതെന്ന് ഇരു കമ്പനികളും അറിയിച്ചു. ഇന്ത്യൻ ഓയിൽ ചെയർമാൻ എ.എസ്. സാഹ്നി, എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
എയർ ഇന്ത്യയുമായി ഒപ്പുവയ്ക്കുന്ന ഈ ധാരണാപത്രം സുസ്ഥിര വ്യോമഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ തന്ത്രപരമായ മുന്നേറ്റമാണെന്ന് എ.എസ്. സാഹ്നി പറഞ്ഞു.
ഇന്ത്യൻ ഓയിലുമായുള്ള ഈ ധാരണാപത്രം സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാരിനുള്ള എയർ ഇന്ത്യയുടെ പിന്തുണയാണെന്ന് കാംപ്ബെൽ വിൽസൻ പറഞ്ഞു.