ഡബ്ല്യുഎസി ബിയോണ്ട് സമ്മിറ്റ് നടത്തി
Tuesday, August 19, 2025 12:12 AM IST
കൊച്ചി: കൊരട്ടി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഡിജിറ്റല്‍ പരിവര്‍ത്തന കമ്പനിയായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് (ഡബ്ല്യുഎസി) ബിയോണ്ട് - ടെക്നോളജി ആന്‍ഡ് മാര്‍ക്കറ്റിംഗ് സമ്മിറ്റ് കൊച്ചിയിൽ നടത്തി.
ബിസിനസ് രംഗത്തെ പ്രമുഖരുടെയും പുതുതലമുറ സംരംഭകരുടെയും സംഗമവേദിയായ പരിപാടി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
നിലവിലെ അനിശ്ചിതമായ ലോകക്രമത്തില്‍ മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ബിസിനസ് വളര്‍ച്ച കൈവരിക്കാനും സാങ്കേതികവിദ്യ സഹായകരമാകുമെന്നു മന്ത്രി പറഞ്ഞു.
ഹൈബി ഈഡന് എംപി, ഡബ്യുഎസി മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ എബിന് ജോസ് ടോം , സിഇഒ ജിലു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഗൂഗിള്‍ സ്പോട്ട്ലൈറ്റ് സെഷന് പുറമേ പ്രമുഖരുടെ ആശയവിനിമയങ്ങളും സമ്മിറ്റിൽ ഉണ്ടായിരുന്നു.