ആർ. അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു
Thursday, December 19, 2024 12:51 AM IST
ബ്രിസ്ബെയ്ൻ: ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ ആർ. അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫി പരന്പരയിലെ മൂന്നാം ടെസ്റ്റ് അവസാനിച്ചതിനു പിന്നാലെയാണ് അശ്വിന്റെ വിരമിക്കൽ.
മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനുശേഷം മാധ്യമങ്ങൾക്കു മുന്നിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇക്കാര്യം ആദ്യം ഔദ്യോഗികമായി അറിയിച്ചത്. തുടർന്ന് രോഹിത്തിനൊപ്പം പത്രസമ്മേളനത്തിൽ ചേർന്ന അശ്വിൻ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. 2011 ഏകദിന ലോകകപ്പ് ട്രോഫിയും 2013 ഐസിസി ചാന്പ്യൻസ് ട്രോഫിയും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
അപ്രതീക്ഷിത പ്രഖ്യാപനം
തികച്ചും അപ്രതീക്ഷിതമായാണ് അശ്വിൻ വിരമിക്കിൽ പ്രഖ്യാപിച്ചത്. ഡേ-നൈറ്റ് ടെസ്റ്റ് നടന്ന അഡ്ലെയ്ഡിൽ മാത്രമായിരുന്നു അശ്വിൻ ഈ പരന്പരയിൽ ഇന്ത്യക്കുവേണ്ടി കളിച്ചത്. 53 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമായിരുന്നു അഡ്ലെയ്ഡിൽ അശ്വിന്റെ പ്രകടനം.
ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റിൽ (115) രണ്ടാം സ്ഥാനവും അശ്വിനു സ്വന്തം. 14 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് അശ്വിൻ വിരാമമിട്ടത്. 2010 ജൂണ്‍ അഞ്ചിനു ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റിലൂടെയായിരുന്നു അശ്വിന്റെ രാജ്യാന്തര അരങ്ങേറ്റം. 2011 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരേ ഡൽഹിയിൽവച്ച് ടെസ്റ്റിൽ അരങ്ങേറി.
വിക്കറ്റ് വേട്ടയിൽ രണ്ടാമൻ
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തോടെയാണ് അശ്വിൻ മൈതാനം വിട്ടത്. 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെ മാത്രമാണ് അശ്വിനു മുന്നിലുള്ളത്. 2011 മുതൽ 2024 വരെ നീണ്ട കരിയറിൽ 106 ടെസ്റ്റിൽനിന്ന് 537 വിക്കറ്റ് അശ്വിൻ സ്വന്തമാക്കി. 7/59 ആണ് മികച്ച പ്രകടനം. 37 അഞ്ചു വിക്കറ്റ് പ്രകടനവും 25 നാലു വിക്കറ്റ് പ്രകടനവും കാഴ്ചവച്ചു.
ബാറ്റിംഗിലും അശ്വിൻ മോശക്കാരനല്ലായിരുന്നു. ആറ് സെഞ്ചുറിയും 14 അർധസെഞ്ചുറിയും ഉൾപ്പെടെ 3503 റണ്‍സ് ടെസ്റ്റിൽ അശ്വിന്റെ പേരിലുണ്ട്. 124 ആണ് ഉയർന്ന സ്കോർ. ഏകദിനത്തിൽ 116 മത്സരങ്ങളിൽനിന്ന് 156 വിക്കറ്റും ഒരു അർധസെഞ്ചുറി ഉൽപ്പെടെ 707 റണ്‍സും നേടി. 65 ട്വന്റി-20 മത്സരങ്ങളിൽനിന്ന് 72 വിക്കറ്റും 184 റണ്‍സും ഉണ്ട്. ടെസ്റ്റിൽ എക്കാലത്തെയും വിക്കറ്റ് വേട്ടയിൽ ഏഴാം സ്ഥാനവും അശ്വിനുണ്ട്. 800 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കൻ മുൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
റിക്കാർഡുകളുടെ തോഴൻ
ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്താണെങ്കിലും ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യക്കാരൻ, ടെസ്റ്റിൽ 50, 100, 200, 300, 400, 500 വിക്കറ്റുകൾ വേഗത്തിൽ നേടിയ കളിക്കാരൻ, ടെസ്റ്റിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ സീരീസ്, ഇന്ത്യക്കായി ഏറ്റവും കൂടുൽ അഞ്ചു വിക്കറ്റ് നേട്ടം (37) തുടങ്ങിയ റിക്കാർഡുകളെല്ലാം അശ്വിനു സ്വന്തം. ഇന്ത്യക്കുവേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ സഖ്യത്തിലും അശ്വിന്റെ പേരുണ്ട്. അശ്വിൻ-രവീന്ദ്ര ജഡേജ സഖ്യം 58 മത്സരങ്ങളിൽനിന്ന് 587 വിക്കറ്റ് വീഴ്ത്തി. അനിൽ കുംബ്ലെ-ഹർഭജൻ സിംഗ് (501 വിക്കറ്റ്) സഖ്യമാണ് രണ്ടാം സ്ഥാനത്ത്.
ടെസ്റ്റിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന് ഒപ്പം പങ്കിടുകയാണ് അശ്വിൻ. ഇരുവർക്കും 11 പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരങ്ങളുണ്ട്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അതിവേഗം 350 വിക്കറ്റ് തികച്ചതിന്റെ റിക്കാർഡും അശ്വിൻ മുരളീധരന് ഒപ്പം പങ്കിടുകയാണ്. ഇരുവരും 66 മത്സരങ്ങളിൽ 350 വിക്കറ്റ് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അഞ്ചു വിക്കറ്റും സെഞ്ചുറിയുമുള്ള കളിക്കാരുടെ പട്ടികയിലും അശ്വിനുണ്ട്. സെഞ്ചുറിയും അഞ്ചു വിക്കറ്റ് പ്രകടനവും നാലു ടെസ്റ്റിൽ അശ്വിൻ നടത്തി.
വിരമിക്കാൻ കാരണം
സമീപനാളിലെ മോശം പ്രകടനമാണ് അശ്വിന്റെ വിരമിക്കൽ തീരുമാനത്തിനു പിന്നിൽ. 38 വർഷവും 92 ദിനവും പ്രായമുള്ള അശ്വിൻ, ഇന്ത്യയുടെ വിദേശ ടെസ്റ്റ് മത്സരങ്ങളിൽ പ്ലേയിംഗ് ഇലവനിൽ സ്ഥിരം സാന്നിധ്യമല്ല. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലുണ്ടെങ്കിലും പിങ്ക് ടെസ്റ്റിൽ മാത്രമാണ് കളിച്ചത്.
നേടിയത് ഒരു വിക്കറ്റ് മാത്രവും. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരന്പര ഇംഗ്ലണ്ടിനെതിരേ എവേ ഗ്രൗണ്ടിലാണ്. അടുത്ത ഹോം ടെസ്റ്റ് പരന്പര ആകുന്പോഴേക്കും അശ്വിന്റെ പ്രായം മുപ്പത്തൊന്പതാകും. മാത്രമല്ല, ന്യൂസിലൻഡിന് എതിരായ ഹോം പരന്പരയിലും അശ്വിനു തിളങ്ങാൻ സാധിച്ചില്ല. ഇന്ത്യ 0-3നു പരാജയപ്പെട്ട പരന്പരയിൽ 41.22 ശരാശരിയിൽ ഒന്‍പതു വിക്കറ്റ് മാത്രമായിരുന്നു അശ്വിന്റെ സന്പാദ്യം.
രവിചന്ദ്രൻ അശ്വിൻ
മത്സരം, വിക്കറ്റ്, ശരാശരി, റണ്‍സ്, ബാറ്റ് ശരാശരി
ടെസ്റ്റ് 106 537 24.00 3503 25.75
ഏകദിനം 116 156 33.20 707 16.44
ട്വന്റി-20 52 72 23.22 184 26.28
ഇന്ത്യക്കായി ടെസ്റ്റ് വിക്കറ്റ്
താരം, മത്സരം, വിക്കറ്റ്
അനിൽ കുംബ്ലെ 132 619
ആർ. അശ്വിൻ 106 537
കപിൽ ദേവ് 131 434
ഹർഭജൻ സിംഗ് 103 417
രവീന്ദ്ര ജഡേജ 78 319
ടെസ്റ്റിൽ വിക്കറ്റ് വേട്ടക്കാർ
താരം, മത്സരം, വിക്കറ്റ്
മുത്തയ്യ മുരളീധരൻ 133 800
ഷെയ്ൻ വോണ്‍ 145 708
ആൻഡേഴ്സണ് 188 704
അനിൽ കുംബ്ലെ 132 619
സ്റ്റൂവർട്ട് ബ്രോഡ് 167 604
ഗ്ലെൻ മഗ്രാത്ത് 124 563
ആർ. അശ്വിൻ 106 537
നഥാൻ ലിയോണ്‍ 132 533
കോട്ണി വാൽഷ് 132 519
ഡെയ്ൻ സ്റ്റെയിൻ 93 439