സ്വര്ണവില്പനയില് 25 ശതമാനം വര്‍ധന
Friday, November 1, 2024 1:24 AM IST
കൊച്ചി: സ്വര്‍ണവില അനുദിനം റിക്കാര്‍ഡിലേക്ക് കുതിക്കുമ്പോഴും ദീപാവലി ആഘോഷങ്ങള്‍ക്കു മുമ്പുള്ള ധന്തേരസില് രാജ്യത്തൊട്ടാകെ സ്വര്ണവില്പനയില് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധന.
വജ്രാഭരണങ്ങളുടെ വില്പനയില് 12 മുതല്‍ 15 ശതമാനം വരെ വര്‍ധനയാണു രേഖപ്പെടുത്തിയത്. 18 കാരറ്റ് ആഭരണങ്ങള്‍ക്ക് വന്‍തോതില്‍ ഡിമാന്‍ഡുണ്ടായി. പോല്‍ക്കീ, കുന്തന്‍ തുടങ്ങി കല്ല് പതിച്ച ആഭരണങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.
വെള്ളിയുടെ വില്പന കഴിഞ്ഞ കാലങ്ങളിലെ റിക്കാര്‍ഡുകളെല്ലാം തകര്‍ത്ത് 35 ശതമാനത്തിലധികമായി ഉയര്‍ന്നു. വെള്ളി ആഭരണങ്ങള്‍ കൂടാതെ ഡിന്നര്‍ സെറ്റുകളും വിളക്കുകളും ജലധാര യന്ത്രങ്ങളും വീട്ടുപകരണങ്ങളും കൂടി വിപണിയില്‍ എത്തിയതോടെ വെള്ളി വില്പന വലിയ തോതില്‍ കൂടുന്നതായാണു വിപണിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കസ്റ്റംസ് ഡ്യൂട്ടിയില്‍ ഒമ്പത് ശതമാനം ഇളവ് വന്നതോടെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വില്പന നടന്നിട്ടുണ്ട്.
പണമിടപാടുകള്‍ കുറയുന്നതായും നെഫ്റ്റ്, ആര്‍ടിജിഎസ് എന്നിവ വഴി കൂടുതല്‍ ഇടപാടുകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ദീപാവലി ആഘോഷ സ്വര്‍ണവ്യാപാരം കൂടുതല്‍ മെച്ചപ്പെട്ടതായാണു സൂചനകള്‍.
പവന് 60,000 രൂപയ്ക്ക് അടുത്തേക്ക്
ദീപാവലി സീസണില്‍ ആനുപാതികമായ വ്യാപാരം കേരളത്തിലും നടന്നിട്ടുണ്ടെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലെയും സര്‍വകാല റിക്കാര്‍ഡിലാണ് സ്വര്‍ണവ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയുമായി.
സ്വര്‍ണവില പവന് 60,000 കടക്കുമോ എന്ന ആശങ്കയിലാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവര്‍. നാലു ദിവസത്തിനിടെ 2,000 രൂപയുടെ വര്‍ധനയാണു സ്വര്‍ണത്തിനുണ്ടായത്.
ധന്തേരസ്
കാര്‍ത്തിക മാസത്തിലെ ഇരുണ്ട ദ്വിതീയ ദിവസത്തിന്റെ 13-ാം ദിവസം ആഘോഷിക്കുന്ന ഒരു പ്രധാന ഹൈന്ദവ ഉത്സവമാണു ധന്തേരസ്. ഇത് അഞ്ചു ദിവസത്തെ ദീപാവലി ഉത്സവത്തിന്റെ ആരംഭം കുറിക്കുന്നു. ഈ ദിവസം സ്വര്‍ണം, വെള്ളി തുടങ്ങിയവ വാങ്ങുന്നത് ശുഭകരമായാണ് ഹൈന്ദവ വിശ്വാസികൾ കണക്കാക്കുന്നത്.