പ്ലാസ്റ്റിക്ക് നിരോധനം: ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന്
1454942
Saturday, September 21, 2024 5:37 AM IST
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ ജില്ലാ ഭരണകൂടം പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. 2019ൽ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് തമിഴ്നാട്ടിൽ സർക്കാർ 19-ഇന പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് കുപ്പിവെള്ളങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.
കുപ്പിവെള്ളങ്ങൾ നിരോധിച്ചതിനെത്തുടർന്ന് ജില്ലയിലെ 70 ഇടങ്ങളിൽ പാതയോരങ്ങളിൽ വാട്ടർ എടിഎമ്മുകൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. നീലഗിരിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഉപയോഗിക്കാൻ പാകത്തിലാണ് ലക്ഷങ്ങൾ ചെലവിട്ട് ജില്ലാ ഭരണകൂടം വാട്ടർ എടിഎമ്മുകൾ സ്ഥാപിച്ചിരുന്നത്.
അഞ്ച് രൂപ കോയിൻ നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളം ലഭ്യമാകുന്ന രൂപത്തിലായിരുന്നു സംവിധാനം ഒരുക്കിയിരുന്നത്. എന്നാൽ എടിഎമ്മുകൾ കേടാവുകയും കുടിവെള്ളം ലഭ്യമല്ലാതാവുകയുമായിരുന്നു. അതുപോലെ പേപ്പർ പ്ലേറ്റുകളും ഗ്ലാസുകളും നിരോധിച്ചു. പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് പകരം സഞ്ചി വിപണിയിലിറക്കുകയും ചെയ്തിരുന്നു.
എന്നാൽ മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ഒന്നും ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ഇപ്പോഴും പൊതു മാർക്കറ്റിൽ പ്ലാസ്റ്റിക്കുകൾ കൊണ്ട് പൊതിഞ്ഞുള്ള പല ഉത്പന്നങ്ങളും വിൽപനക്കുണ്ട്. കടകളിലെ ഒട്ടുമിക്ക സാധനങ്ങളും പ്ലാസ്റ്റിക്കുകൾ കൊണ്ട് പൊതിഞ്ഞാണ് വിൽക്കപ്പെടുന്നത്.
എല്ലാവിധ പ്ലാസ്റ്റിക്കുകളും നിരോധിച്ച് പകരം ബദൽ സംവിധാനം ഏർപ്പെടുത്തുകയാണ് വേണ്ടത്. പ്ലാസ്റ്റിക് നിർമാർജനം കാര്യക്ഷമാക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. കടകളിൽ പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.