ട്രംപ്-പുടിൻ ഉച്ചകോടി ഇന്ന്
Friday, August 15, 2025 1:45 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇന്ന് കൂടിക്കാഴ്ച നടത്തും. യുഎസ് സംസ്ഥാനമായ അലാസ്കയിലെ ആങ്കറേജ് നഗരത്തിലെ എൽമണ്ടോർഫ് -റിച്ചാഡ്സൺ സംയുക്ത സൈനികതാവളമാണു വേദി.
റഷ്യയോട് അടുത്തു സ്ഥിതിചെയ്യുന്ന അലാസ്കയിലേക്കു പുടിൻ വിമാനമാർഗം എത്തിച്ചേരുമെന്നാണു റിപ്പോർട്ട്. ഏഴു വർഷത്തിനു ശേഷമാണ് പുടിനും ട്രംപും മുഖാമുഖം കാണുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്. എന്നാൽ, അടുത്തകാലത്ത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളോടു പുടിൻ മുഖംതിരിച്ചതിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചിരുന്നു. മുഖാമുഖ ചർച്ചയിൽ പുടിനോടു കടുത്ത നിലപാട് സ്വീകരിക്കാൻ ട്രംപ് മുതിരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
യുദ്ധത്തിൽ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളിൽ ചിലതിൽ യുക്രെയ്ൻ അവകാശവാദം ഉപക്ഷേിച്ച് വെടിനിർത്തൽ ഉണ്ടാക്കുന്ന നിർദേശം ഇന്നത്തെ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണു സൂചന. ഇതു പ്രകാരം ലുഹാൻസ്ക്, ഡോണറ്റ്സ്ക് പ്രദേശങ്ങൾ യുക്രെയ്നു പൂർണമായി ഉപേക്ഷിക്കേണ്ടിവരും; റഷ്യക്കു ഭാഗിക നിയന്ത്രണമുള്ള സാപ്പോറിഷ്യ, ഖേർസൺ പ്രദേശങ്ങൾ മുഴുവനായി യുക്രെയ്നു വിട്ടുകിട്ടും.
അതേസമയം, യുക്രെയ്ന്റെ ഒരുതരി ഭൂമിപോലും റഷ്യക്കു വിട്ടുകൊടുക്കാൻ തയാറല്ലെന്നാണ് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വ്യക്തമാക്കിയിട്ടുള്ളത്.ഉച്ചകോടിക്കു ശേഷം ട്രംപും പുടിനും സംയുക്തമായി പത്രസമ്മേളനം നടത്തുമെന്നാണു റഷ്യ അറിയിച്ചത്.
യുക്രെയ്ന് യൂറോപ്പിന്റെ പിന്തുണ
ട്രംപ്-പുടിൻ ഉച്ചകോടിക്കു മുന്പായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി യൂറോപ്യൻ മിത്രങ്ങളെ സന്ദർശിച്ചു. കഴിഞ്ഞദിവസം ജർമനിയിൽ ചാൻസലർ ഫ്രീഡ്രിക് മെർസുമായി കൂടിക്കാഴ്ച നടത്തിയ സെലൻസ്കി പിന്നാലെ ലണ്ടനിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറെ കണ്ടു. യൂറോപ്പിന്റെ പിന്തുണ യുക്രെയ്നുണ്ടെന്ന് സ്റ്റാർമർ വ്യക്തമാക്കി.
യൂറോപ്യൻ നേതാക്കൾ ട്രംപുമായി ഫോണിൽ സംസാരിക്കുകയും വെർച്വൽ യോഗം ചേരുകയുമുണ്ടായി. ദീർഘകാല പ്രാബല്യമുള്ള വെടിനിർത്തലാണു വേണ്ടതെന്നും സുരക്ഷാ ഉറപ്പുകൾ ലഭിക്കണമെന്നും യോഗത്തിൽ സ്റ്റാർമർ ആവശ്യപ്പെട്ടു.
പുടിനു ട്രംപിന്റെ മുന്നറിയിപ്പ്
ഉച്ചകോടിയിൽ പ്രസിഡന്റ് പുടിൻ വെടിനിർത്തലിനു വിസമ്മതിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു ട്രംപ് ബുധനാഴ്ച മുന്നറിയിപ്പു നല്കി. യുറോപ്യൻ നേതാക്കളുമായും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും ഫോണിൽ ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു ട്രംപ്.
അലാസ്ക ഉച്ചകോടി വിജയിച്ചാൽ സെലൻസ്കിയും പുടിനും താനും പങ്കെടുക്കുന്ന ത്രികക്ഷി ചർച്ച വൈകാതെയുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
ഉച്ചകൊടി പരാജയപ്പെട്ടാൽ റഷ്യക്കെതിരേ അമേരിക്ക ഉപരോധം വർധിപ്പിക്കുമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും പറഞ്ഞു.
യുദ്ധത്തിനു പുറമേ വ്യാപാരവും
യുക്രെയ്ൻ യുദ്ധം മാത്രമല്ല, റഷ്യ-യുഎസ് സാന്പത്തിക സഹകരണവും ഉച്ചകോടിയിൽ ചർച്ചയാകുകയെന്ന് ക്രെംലിൻ വൃത്തങ്ങൾ. യുക്രെയ്നായിരിക്കും മുഖ്യ ചർച്ചാവിഷയമെന്ന് പുടിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് വിശദീകരിച്ചു.
എന്നാൽ അന്താരാഷ്ട്ര വിഷയങ്ങളും സുരക്ഷാകാര്യങ്ങളും ചർച്ചയാകും. ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനുള്ള നിർദേശങ്ങൾ ഉച്ചകോടിയിൽ ഉയരാം. റഷ്യ-യുഎസ് സാന്പത്തിക സഹകരണം അനന്ത സാധ്യതകൾക്കാണു വഴിതുറക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്, പ്രതിരോധ മന്ത്രി ആന്ദ്രെയ് ബിലോസോവ്, ധനമന്ത്രി ആന്റൺ സിലുവാനോവ്, പുടിന്റെ സാന്പത്തികകാര്യ ഉപദേഷ്ടാവ് കിറിൾ ദിമിത്രിയേവ് എന്നിവരും താനും അലാസ്കയിലേക്കുള്ള റഷ്യൻ പ്രതിനിധിസംഘത്തിലുണ്ടാവുമെന്ന് ഉഷക്കോവ് അറിയിച്ചു.
റഷ്യയിൽ യുക്രെയ്ൻ ആക്രമണം
യുക്രെയ്ൻ സേന ഇന്നലെ റഷ്യയിലെ രണ്ടു നഗരങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി. തെക്കൻ നഗരമായ റോസ്തോവ് ഓൺ ഡോണിലെ അപ്പാർട്ട്മെന്റിൽ ഡ്രോൺ പതിച്ച് 13 പേർക്കു പരിക്കേറ്റു. യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബെൽഗരോദ് നഗരത്തിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർക്കും പരിക്കേറ്റു.