സഞ്ചാരികളുടെ പറുദീസയാകാൻ കൊതിച്ച്...
കോട്ടൂർ സുനിൽ
Monday, March 3, 2025 1:30 PM IST
പതിഞ്ഞ ഈ പാറസമുച്ചയം നാടിന്റെ അഭിമാനമായി മാറുന്നു. തലസ്ഥാന ജില്ലയിലെ അമ്പൂരി എന്ന പഞ്ചായത്തിൽ ദ്രവ്യപ്പാറ എന്ന് അറിയപ്പെടുന്ന പാറസമുച്ചയം ചരിത്രത്തിന്റെ കൈയൊപ്പും പുരാണങ്ങളുടെ മേലാപ്പും അണിഞ്ഞ് നിലകൊള്ളുന്നു.
കേരളത്തിലെ എണ്ണം പറഞ്ഞ ഗുഹാ ക്ഷേത്രങ്ങളിലൊന്ന് ഇവിടെയാണ്. ഇവിടെ ഇപ്പോഴും പൂജകൾ നടക്കുന്നു. ചരിത്രത്തിലും ഈ പാറയ്ക്ക് സ്ഥാനമുണ്ട്. തിരുവിതാംകൂർ രാജവംശത്തിന്റെ സ്ഥാപകനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് തന്റെ രാജാഭിഷേകത്തിനു മുൻപ് ഒളിച്ചോടിയപ്പോൾ ഇവിടുത്തെ ഗുഹയിലാണ് കഴിഞ്ഞത്. എ
ട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷ തേടി ദിവസങ്ങൾ ഇവിടെ കഴിഞ്ഞു. അന്ന് ആദിവാസികളായ കാണിക്കാരാണ് മാർത്താണ്ഡവർമയെ ചാണകം കയറ്റിയ കാളവണ്ടിയിൽ രക്ഷപ്പെടുത്തി അയച്ചത്. അതിന് ഉപകാരമായി ഈ ഭൂമി അവർക്ക് തന്നെ കരംതീരുവ ഒഴിവാക്കി പതിച്ചു നൽകിയതും ചരിത്രമാണ്. അതാണ് കാണിപ്പറ്റു ഭൂമി.
പുരാണത്തിലും ഈ മലയെകുറിച്ച് പരാമർശമുണ്ട്.പഞ്ചപാണ്ഡവരിലെ ഭീമൻ ഇവിടെ വന്നിരിന്നതായും പൂജ നടത്തിയിരുന്നതായും ഐതീഹ്യം പറയുന്നു. ഈ പാറയിൽ കാണുന്ന പാട് ഭീമന്റെ പാദത്തിന്റെയാണത്രേ.
രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്ത്ത് നടത്താൻ കഴിയുന്ന പ്രത്യേകതരം ഞാറ് ആദിവാസികൾ ഈ നിലത്ത് കൃഷി നടത്തിയിരുന്നതായി ഐതീഹ്യമുണ്ട്. ഈ നിലത്തു നിന്ന് വിളവെടുക്കുന്ന നെല്ല് കുത്തി അരിയാക്കി അവർ ഗുഹാക്ഷേത്രത്തിൽ പായസം വച്ച് നിവേദിച്ചിരുന്നുവത്രെ.
ആദിവാസികൾ അക്കാലത്ത് സുലഭമായിരുന്ന പ്രത്യേക ഇനം ഞാർ നട്ട് ഉച്ചയ്ക്ക് കതിരിട്ട് വൈകുന്നേരത്തോടു കൂടി കൊയ്ത് അന്നന്ന് കഞ്ഞി വച്ചിരുന്നതിനാൽ ഈ പാടം അന്നൂരി പാടം എന്നറിയപ്പെട്ടിരുന്നതായും അത് പിന്നീട് അമ്പൂരിയായി മാറി എന്നും മറ്റൊരു ഐതിഹ്യം.
അമ്പൂരിയിലെ പാമ്പാരംകാവിനുടത്താണ് ഈ പാറ. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1,600 അടി ഉയരത്തിലാണ് ദ്രവ്യപ്പാറ. ഇവിടെ ഏറ്റവും മുകളിൽ ക്ഷേത്രമുണ്ട്. താഴെ നിന്നു മുകളിലെത്താൻ 72 പടികളും ഇവിടെയുണ്ട്.
തമിഴ്നാട്ടിൽ നിന്നു വന്ന ജൈന ബുദ്ധ മതക്കാർ ഇവിടെ തമ്പടിച്ചിരുന്നു. അവർ നിർമിച്ചതാകാം ക്ഷേത്രം എന്നും പറയപ്പെടുന്നു. അഗസ്ത്യമല ഈ രണ്ടു മതക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നതായി അവരുടെ ഗ്രന്ഥമായ വിരാട സൂചികയിൽ പറയുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് പ്രശസ്തമായ ഈ പാറക്കൂട്ടം ഇന്ന് അതി ജീവനത്തിന്റെ വക്കിലാണ്. പാറയ്ക്ക് മുകളിൽ നിന്നാൽ നഗരക്കാഴ്ചകൾ കാണാനാകും. പിന്നെ ദ്രവ്യപ്പാറയ്ക്ക് അഭിമുഖമായി നിൽക്കുന്ന അഗസ്ത്യമലയിൽ നിന്ന് ഒഴുകിയെത്തുന്ന ഔഷധക്കാറ്റിന്റെ സുഗന്ധവും.
കുടപ്പനമൂട് പൊട്ടൻചിറയിൽ നിന്ന് മലമുകൾ വരെ റോഡുണ്ട്. അവിടെ നിന്ന് അരക്കിലോമീറ്റർ കാൽനട യാത്ര നടത്തി വേണം ദ്രവ്യപ്പാറയിലെത്താൻ. വാഴിച്ചൽ, കുട്ടമല വഴി, പുറുത്തിപ്പാറ റോഡിലൂടെയും ദ്രവ്യപ്പാറയ്ക്ക് അരികിലെത്താം.
ഈ റോഡുകളെ തമ്മിൽ ബന്ധിപ്പിച്ചാൽ ഒരു ഭാഗത്തു കൂടി വാഹനത്തിൽ മലയുടെ നെറുകയിലെത്തി മറുഭാഗം വഴി മലയിറങ്ങാം. മലമുകളിൽ റിസോർട്ടുകൾ കൂടി ഉണ്ടെങ്കിൽ നെയ്യാർ ഡാമിലും തൃപ്പരപ്പിലും എത്തുന്ന ടൂറിസ്റ്റുകൾക്കും വിദേശികൾക്കും ഇവിടം കൂടി സന്ദർശിക്കാം.
നെല്ലിക്കാമലയും തൊട്ടടുത്ത കൊണ്ടകെട്ടി മലയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഒരു റോപ്പ് വേ കൂടി ഉണ്ടായാൽ അമ്പൂരിയും ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കും. വിനോദ സഞ്ചാരവകുപ്പ് ഇനിയും ശ്രദ്ധിക്കാത്ത ദ്രവ്യപ്പാറ സഞ്ചാരികളുടെ പറുദീസയാകാൻ കൊതിക്കുന്ന മലനിരയാണ്.
ഗ്രാമീണടൂറിസം ഭൂപടത്തിലേക്ക് ദ്രവ്യപ്പാറയെ അടയാളപ്പെടുത്തേണ്ട കാലം കഴിഞ്ഞു. അധികൃതർ ഇതൊന്ന് കണ്ടാൽ അത് മലയോര ടൂറിസത്തിന്റെ സാധ്യതകളിലേക്കാവും വെളിച്ചം വീശുക.
പഞ്ചായത്തിലെ ജനപ്രതിനിധികൾ ഒരേ മനസോടെ പ്രവർത്തിച്ചാൽ ദ്രവ്യപ്പാറയിലെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ കഴിയും. മുമ്പ് ചില സ്വകാര്യ കൈയേറ്റ ശ്രമങ്ങൾ നടന്നെങ്കിലും അതെല്ലാം നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ വിഫലമായി.
ഇവിടെ എത്താൻ
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 40 കിലോമീറ്ററോളം അകലെയാണ് ദ്രവ്യപ്പാറ. മലയുടെ നെറുകയിൽ നിന്നാൽ ശംഖുംമുഖം ബീച്ച് ഉൾപ്പെടെയുള്ള വിദൂരക്കാഴ്ചകളും അകലെയുള്ള പച്ചപ്പുകളും അഗസ്ത്യമലയും കുരിശുമലയും കാളിമലയും ഡാമുകളും കാണാം.
കള്ളിക്കാട്, വാഴിച്ചൽ, കുട്ടമല വഴി കുടപ്പനമൂട്, അവിടെ നിന്നു പൊട്ടൻചിറയിൽ എത്തിയാൽ മലയുടെ അടിവാരം വരെ റോഡുണ്ട്. അവിടെ നിന്ന് അരക്കിലോമീറ്റർ കാൽനടയായി വേണം ദ്രവ്യപ്പാറയിലെത്താൻ.
പതിവ് വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ മുഷിപ്പ് ഒഴിവാക്കി യാത്രചെയ്യാൻ താല്പര്യമുള്ളവർക്ക് പോകാൻ പറ്റിയ ഇടമാണ് ദ്രവ്യപ്പാറ.