തൃശൂർ അധ്യാപികയായി കുട്ടികൾക്കിടയിൽ പൂത്തുന്പിയെപ്പോലെ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ കൂട്ടിലടച്ചത്. തൃപ്രയാർ ശ്രീവിലാസ് യുപി സ്കൂളിലെ മലയാളം അധ്യാപികയായിരുന്നു ശ്രീലക്ഷ്മി. പെട്ടെന്ന് സ്കൂളും കുട്ടികളുമായുള്ള സന്പർക്കം ഇല്ലാതായതോടെ ശ്രീലക്ഷ്മിക്കു വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെട്ടു.
അതോടെ, മറ്റൊരു ജോലി തേടി. കുറച്ചുനാൾ ഒരു ലോക്കൽ ചാനലിൽ വാർത്ത വായിച്ചു. തൃശൂർ ബ്രില്ല്യൻസ് കോളജിൽ പിഎസ്സി കോച്ചിംഗ് ക്ലാസിനു ചേർന്നു, തുടർന്ന് അവിടെ ജോലിചെയ്തു. തൃശൂരിലെ ഫ്ലാറ്റിൽ മകളുമൊത്തു താമസിക്കുന്നതിനിടെയാണു വരുമാനത്തിനായി എന്തെങ്കിലും ചെയ്തുനോക്കിയാലോ എന്ന ചിന്ത തുടങ്ങിയത്.
കച്ചിത്തുരുന്പായി കറ്റാർവാഴ
“ഒറ്റയ്ക്കു ചെയ്യാവുന്ന എന്തെങ്കിലും ജോലി. ചെറിയൊരു വരുമാനം. ഇതായിരുന്നു ചിന്ത. ഇതിനിടയിലാണ് സോപ്പ് ഉണ്ടാക്കുന്ന ഒരു വീഡിയോ യൂട്യൂബിൽ കാണാനിടയായത്. പിറ്റേന്നുതന്നെ (2020 ഒക്ടോബർ 24) അടുത്തുള്ള സുമംഗല ആന്റിയുടെ വീടിന്റെ ടെറസിലുള്ള കറ്റാർവാഴയുടെ ഒരു തണ്ട് മുറിച്ചുകൊണ്ടുവന്നു. അവശ്യസാധനങ്ങൾ വാങ്ങി അന്നുതന്നെ ഞാനും മകളുംകൂടി പരീക്ഷണം ആരംഭിച്ചു. അതാണു കച്ചിത്തുരുന്പായത്.
പിറ്റേന്ന് സോപ്പുണ്ടാക്കി സുമംഗല ആന്റിക്കുതന്നെ കാണിച്ചുകൊടുത്തു. ആന്റിക്കു വലിയ അദ്ഭുതം. വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ആദ്യം കിട്ടിയ അഭിനന്ദനം. സോപ്പ് നിർമാണ ശ്രമം മകൾ അഷ്മിത വീഡിയോയിൽ പകർത്തിയിരുന്നു. അതു ഫേസ്ബുക്കിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വളരെ നല്ല പ്രതികരണം ലഭിച്ചു.
630 രൂപ മുതൽമുടക്കിൽ ആദ്യമുണ്ടാക്കിയ ആ നാലു സോപ്പുകളാണ് എന്റെ ജീവിതത്തെതന്നെ മാറ്റിമറിച്ചത്. അധ്യാപികയിൽനിന്നു യുവസംരംഭകയിലേക്കുള്ള പരിണാമം അങ്ങനെയായിരുന്നു”.
എവർലി ഓർഗാനിക്സ്
ആദ്യശ്രമം വൻ വിജയമായതോടെ പിന്നെ റെഡ് വൈൻ, പപ്പായ, ബീറ്റ് റൂട്ട് എന്നിങ്ങനെ വിവിധ പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് ഞാനും മോളും സോപ്പു നിർമാണം ആരംഭിച്ചു. ശ്രീലക്ഷ്മിയുടെ വാക്കുകളിൽ പറഞ്ഞാൽ ഒരു സാന്പാറ് കഷണത്തിൽനിന്നുവരെ അവൾ സോപ്പുണ്ടാക്കുമെന്നു കൂട്ടുകാരും മറ്റും പറയുന്ന അവസ്ഥ. അങ്ങനെ 15 വ്യത്യസ്ത ഇനം സോപ്പുകൾ.
എവർലി ഒാർഗാനിക്സ് എന്ന പേരിൽ ഉത്പന്നങ്ങൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ ലഭിക്കുന്ന ഓർഡറനുസരിച്ചു വില്പന ആരംഭിച്ചു. വളരെ മനോഹരമായി റാപ്പുചെയ്ത് ഗിഫ്റ്റ് പാക്കാക്കിയായിരുന്നു വില്പന. ഉപഭോക്താക്കളുടെ ഡിമാന്റനുസരിച്ച് പിന്നീട് ഷാംപൂ, കണ്ടീഷണർ, ഷവർ ജെൽ, ലിപ്സ്റ്റിക്, കൺമഷി, പെർഫ്യൂം, ഹെയർ ഓയിൽ, ഫേസ് ക്രീം തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമാണം തുടങ്ങി. എല്ലാം സ്വന്തം ഫ്ലാറ്റിലായിരുന്നു ആദ്യം.
ഇൻസൾട്ട് ആണ് ഇൻവെസ്റ്റ്മെന്റ്
ഏറെ ദുരിത പൂർണമായിരുന്നു തുടക്കം. പിന്തുണയ്ക്കാൻ വന്നവരേക്കാൾ പരിഹസിച്ചവരും പിന്തിരിപ്പിക്കാൻ ശ്രമിച്ചവരുമായിരുന്നു ഏറെയും. വെള്ളം സിനിമയിൽ സിദ്ദിഖ് ജയസൂര്യയോടു പറയുന്ന ഡയലോഗ് "ഇൻസൾട്ടാണ് മുരളീ, ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്'എന്നത് അക്ഷരാർഥത്തിൽ എന്റെ കാര്യത്തിൽ ശരിയായിരുന്നു.
എങ്കിലും സ്വന്തമായി ഒരു പാത വെട്ടിത്തെളിക്കാൻ ഈശ്വരൻതന്ന അവസരമായി ഞാനിതിനെ കരുതി. ഒരു വർഷം പിന്നിട്ടതോടെ 2021 ഒക്ടോബറിൽ തൃശൂർ അയ്യന്തോളിൽ ഒരു വീട് വാടകയ്ക്കെടുത്ത് പ്രൊഡക്ഷൻ യൂണിറ്റ് അവിടേയ്ക്കു മാറ്റി. ഗുണമേന്മയുള്ള ജൈവ ഉത്പന്നമായതിനാൽ വില അല്പം കൂടുതലാണെങ്കിലും ഡിമാൻഡ് വർധിച്ചു.
ഇതോടെ, ബംഗളൂരുവിൽ പുതിയ ഫാക്ടറി വാടകയ്ക്കെടുത്തു നിർമാണം തുടങ്ങി. ഇപ്പോൾ 35 തരം സൗന്ദര്യവർധക ഉത്പന്നങ്ങൾ നിർമിക്കുന്നുണ്ട്. ഇപ്പോൾ തൃശൂരിലും കോണ്‍ട്രാക്ട് അടിസ്ഥാനത്തിൽ ബംഗളൂരുവിലും പ്രൊഡക്ഷൻ നടക്കുന്നുണ്ട്. വിദേശത്തുനിന്നു ഡിമാൻഡ് വന്നതോടെ ദുബായിലെ ലൈസൻസ് എടുത്തു. അവിടെയുള്ള ഒരു കന്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. അവിടെയും പ്രൊഡക്ഷൻ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.
ആമസോണ്‍, ഫ്ലിപ്കാർട്ട്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയിലും ഉത്പന്നങ്ങൾ ലഭ്യമാണ്. അടുത്ത ഒക്ടോബർ ആകുന്പോഴേക്കും തൃശൂരിൽ സ്വന്തം കെട്ടിടത്തിലൊരു പ്രൊഡക്ഷൻ യൂണിറ്റ് പ്ലാൻ ചെയ്ത് മുന്നോട്ടുപോവുകയാണ്. ഇപ്പോൾ തൃശൂർ അനന്യ ടവറിലെ തൃശൂർ ഐടി പാർക്കിലാണ് ഓഫീസ്.
ഹോട്ടലുകളും റിസോർട്ടുകളും
റാഡിസണ്‍, താജ്, താമര തുടങ്ങിയ ഹോട്ടൽ ഗ്രൂപ്പുകളുമായും മൂന്നാർ, ഇടുക്കി, എറണാകുളം, വയനാട് എന്നിവിടങ്ങളിലെ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും സോപ്പ്, ഷവർജൽ, പെർഫ്യൂം എന്നിവയുടെ കോണ്‍ട്രാക്ടുണ്ട്.
കോ വർക്കിംഗ് സ്പേസ്
തൃശൂർ ടൗണിൽ അനന്യ ടവറിലെ ഐടി പാർക്കിൽ 15,000 ചതുരശ്രയടി കെട്ടിടം വാടകയ്ക്ക് എടുത്ത് സ്ത്രീശക്തീകരണം ലക്ഷ്യംവച്ചു സ്ത്രീ സംരംഭകർക്കായി കോ വർക്കിംഗ് സ്പേസ് എന്ന ആശയം നടപ്പാക്കി വരികയാണ്.
ഇലക്ട്രിസിറ്റി, വൈഫൈ എന്നിവ അടക്കമുള്ള ശീതീകരിച്ച ഒരു ടേബിൾ സ്പേസിന് മാസം 5,000 രൂപ മാത്രം ഈടാക്കി നൽകിയാണ് സംരംഭകരെ പ്രമോട്ട് ചെയ്യുന്നത്. ഇതിനകം പലരും ഇതു സ്വന്തമാക്കിക്കഴിഞ്ഞു.
എവർലി കഫെ
തൃശൂർ സിറ്റി സെന്ററിൽ രണ്ടുമാസം മുൻപ് ആരംഭിച്ച പുതുസംരംഭമാണ് എവർലി കഫെ. രാവിലെ ഒന്‍പതു മുതൽ വൈകിട്ട് ഒന്‍പതു വരെ പ്രവർത്തിക്കുന്ന ഈ കഫെയിൽ കുക്കീസ്, വിവിധതരം കേക്കുകൾ, ഫ്രോസണ്‍ ഐറ്റംസ്, ജ്യൂസുകൾ, സ്നാക്സ് എന്നിവയെല്ലാം ലഭ്യമാണ്. കേക്കുകൾ, കുക്കീസ് എന്നിവയുടെ ഉത്പാദനം വർധിപ്പിച്ച് ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ കൂടി ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ് ഇവർ.
തോൽക്കാനുള്ളതല്ല ജീവിതം
"നമുക്ക് ആകെയുള്ളത് ഒരു ജീവിതം. അത് മറ്റുള്ളവരുടെ ഇഷ്ടത്തിനു ജീവിച്ചാൽ നമ്മുടെ ജീവിതം ആരു ജീവിക്കും. ഞാനും മോളും ഞങ്ങൾക്കുവേണ്ടിത്തന്നെ ജീവിക്കാൻ തീരുമാനിച്ചു. അധ്യാപനത്തിൽനിന്നു സോപ്പു നിർമാണത്തിലേക്കു തിരിഞ്ഞതിൽ മുഖം ചുളിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്ത പലരും ഇപ്പോൾ പിന്തുണയുമായി വന്നു.
പക്ഷേ, എനിക്കു സജീവ പിന്തുണ നൽകുന്നതും കട്ട സപ്പോർട്ടുമായി കൂടെയുള്ളതും അഞ്ചാംക്ലാസുകാരി ഇവളുതന്നെ.'- മോളെ ചേർത്തുപിടിച്ച് ശ്രീലക്ഷ്മി നിറചിരിയോടെ പറഞ്ഞു.
സെബി മാളിയേക്കൽ