അതുല്യമായ നേട്ടങ്ങൾ തീർത്ത പൂക്കളങ്ങളുടെ നടുവിലാണ് ഇത്തവണ ഉർവശിയുടെ ഒാണാഘോഷം. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ആറു തവണ നേടുന്ന ആദ്യ വ്യക്തിയെന്ന അനുപമ നേട്ടത്തിന്റെ തിളക്കം. ഈ ഒാണക്കാലത്ത് ഉർവശി സൺഡേ ദീപികയിലൂടെ വായനക്കാരോടു മനസു തുറക്കുന്നു. ഒാണം, ആഘോഷം, സിനിമ, സ്ത്രീ സുരക്ഷ...
വല്ലം നിറയെ പൂക്കൾ, നാടാകെ പുതുവേഷങ്ങൾ, ഒത്തുചേരലിന്റെ ആരവങ്ങൾ, ഉണ്ടു നിറയുന്നതിന്റെ സംതൃപ്തി... ഒാണക്കാലത്തിന്റെ ആവേശത്തേരിൽ മലയാളനാട് ചുവടുവയ്ക്കുന്പോൾ ഒാണപ്പൂക്കളങ്ങളുടെ നടുവിലെ വിടർന്ന റോസാപ്പൂ പോലെ പുഞ്ചിരിയോടെ ഒരാൾ... മലയാള സിനിമയുടെ കരുത്തുള്ള മുഖപ്രസാദം ഉർവശി...
സിനിമയിൽ മുന്നേ നടന്ന പലരും എവിടെയൊക്കെയോ പോയി മറഞ്ഞു, ഒപ്പം നടന്ന പലരും ഇടയ്ക്ക് ഇടറിവീണു, ശേഷം വന്നവർ പോലും പലവഴി ചിതറിപ്പോയി... എന്നാൽ, അന്നും ഇന്നും ഉർവശി ഇവിടെയുണ്ട്, ഉർവശിക്കു പകരം ഉർവശി മാത്രമായി. രക്തത്തിൽ അലിഞ്ഞു ചേർന്ന അഭിനയശേഷിയെ ഓരോ വർഷം കഴിയുന്തോറും കൂടുതൽ ഭംഗിയുള്ളതും കൂടുതൽ കരുത്തുള്ളതുമാക്കി അടയാളപ്പെടുത്തുകയാണ് ഉർവശി.
നായകന്റെ നിഴലിൽ നിൽക്കാനും മരം ചുറ്റാനും നൃത്തം ചെയ്യാനും മാത്രമുള്ളവരാണ് നായികമാരെന്നു ചിലരെങ്കിലും കരുതുന്ന സിനിമാലോകത്ത് ഉർവശിയുടെ അഭിനയ പാടവം കോറിയിടുന്ന മുദ്രകൾ അഭിനയരംഗത്തേക്കു ചുവടുവയ്ക്കുന്ന ഏതൊരു പെൺകുട്ടിക്കും പ്രതീക്ഷയും പ്രചോദനവും പകരും.
സന്തോഷങ്ങളുടെ ഓണക്കാലം
ഒരുപാടു സന്തോഷങ്ങളുടെ പൂക്കൾ പെയ്തിറങ്ങുന്ന ഒരു ഒാണക്കാലത്തെ വരവേൽക്കുകയാണ് ഉർവശി. ആറാം തവണയും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി ഉർവശി പുതിയൊരു റിക്കാർഡ് സൃഷ്ടിച്ചിരിക്കുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ താരങ്ങൾ എന്നു പറയാവുന്ന മമ്മൂട്ടിക്കും മോഹൻലാലിനും മാത്രമേ അഭിനയത്തിന് ആറു സംസ്ഥാന പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുള്ളൂ എന്നു പറയുന്പോഴാണ് ഉർവശിയുടെ അഭിനയത്തികവിന്റെ ആഴം തിരിച്ചറിയുന്നത്. അതായത് മലയാളത്തിന്റെ യഥാർഥ ലേഡി സൂപ്പർ സ്റ്റാർ...
തമിഴ്നാട് സർക്കാരും ഒന്നിലേറെ പ്രാവശ്യം അവാർഡ് നൽകി അവരുടെ കഴിവിനെ ആദരിച്ചു. ദേശീയ തലത്തിൽ അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള ദേശീയ പുരസ്കാരവും ഉർവശിയെ തേടിയെത്തി. അപ്പോഴും ഏതൊരു നിഷ്പക്ഷമതിയുടെയും ഉള്ളിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നടിമാരിലൊരാളായിട്ടും മറ്റൊരു നടിക്കും അവകാശപ്പെടാനാവാത്ത വിധം വേറിട്ട കഥാപാത്രങ്ങൾ ചെയ്തിട്ടും എന്തായിരിക്കും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉർവശിയെ തേടി എത്താതിരുന്നത്? എന്തായാലും അതിൽ ഉർവശിക്കു സങ്കടപ്പെടാൻ ഒന്നുമില്ല, പുരസ്കാരം നൽകാതിരുന്നതിൽ വ്യസനിക്കേണ്ടത് ദേശീയ അവാർഡ് സമിതിയാണ്. അല്ലെങ്കിലും അവാർഡുകളെക്കുറിച്ച് ആകുലപ്പെടുകയോ ആശങ്കപ്പെടുകയോ ചെയ്യുന്ന ഒരു ഉർവശിയെ നമ്മൾ കണ്ടിട്ടില്ലല്ലോ.
പറയാൻ മടിക്കാതെ
തന്നെ ഏൽപിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും മികവുറ്റതാക്കി തിരികെ എല്പിക്കുക. അതിലാണ് അവരുടെ ശ്രദ്ധ. ആറാം തവണ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ സൂക്ഷ്മാഭിനയം മാത്രം മതി ഉർവശി എന്ന നടിയുടെ അപരമായ അഭിനയശേഷി തിരിച്ചറിയാൻ.
മാതൃസങ്കടങ്ങൾ പല നടിമാരും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഉർവശി അതിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്നു. ഒരു സിനിമയിൽ കാണുന്ന അവരുടെ ശൈലിയേ അല്ല മറ്റൊരു ചിത്രത്തിൽ. അധികമാർക്കും വഴങ്ങാത്ത നർമം മുതൽ ഏതു തരം കഥാപാത്രങ്ങളും ഉർവശിയുടെ കൈയിൽ ഭദ്രമാണ്. അതുകൊണ്ടാണ് കാന്പുള്ള സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നവർ ഉർവശിയുടെ ഡേറ്റിനായി മാസങ്ങൾ കാത്തിരിക്കാൻ തയാറാകുന്നത്.
മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരികയും ആകെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തപ്പോൾ കേട്ട ഉറച്ച സ്ത്രീസ്വരങ്ങളിലൊന്ന് ഉർവശിയുടേതായിരുന്നു. സിനിമയിലെ ഏതൊരു പെൺകുട്ടിക്കും ആത്മവിശ്വാസം പകർന്നു ഉർവശിയുടെ പക്വവും ശക്തവുമായ വാക്കുകൾ. തന്റെ പ്രവർത്തന പരിധിയിൽ വരുന്ന പെൺകുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കൂടെ നിൽക്കുമെന്ന പ്രഖ്യാപനത്തിനും ഒരു ജ്യേഷ്ഠ സഹോദരിയുടെ കരുതലിന്റെ കനമുണ്ടായിരുന്നു.
കവിതാരഞ്ജിനി മുതൽ ഉർവശി വരെ
നാടക വേദികളിലെ നിറസാന്നിധ്യങ്ങളായിരുന്ന ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകൾ കവിതാ രഞ്ജിനിയാണ് ഇന്ന് തെന്നിന്ത്യൻ സിനിമകളിൽ അദ്ഭുതകരമായ അഭിനയ മികവോടെ കൈയടി നേടിയ ഉർവശിയായി വളർന്നത്. കലാനിലയം സ്ഥിരംനാടകവേദിയുടെ നാടകങ്ങളില്‍ നായകനായിരുന്നു ചവറ വി.പി. നായർ. നര്‍ത്തകി എന്ന നിലയിലാണ് അമ്മ വിജയലക്ഷ്മി ആദ്യം നാടകവേദിയുടെ ഭാഗമായത്.
കവിതാരഞ്ജിനിയുടെ മൂത്ത സഹോദരിമാർ കലാരഞ്ജിനിയും കല്പ്പനാരഞ്ജിനിയും (കല്പന) സിനിമയിൽ തിളങ്ങി. ഇരുവർക്കും കവിതാരഞ്ജിനി പൊടിമോൾ ആയിരുന്നു.
1979ല്‍ കെ.പി. പിള്ളയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന സിനിമയില്‍ ബാല നടിയായാണ് കവിതാരഞ്ജിനിയുടെ സിനിമാ പ്രവേശനം. കതിര്‍മണ്ഡപത്തിൽ നായികയായ ജയഭാരതിയുടെ ബാല്യകാലം അവൾ മികവോടെ അഭിനയിച്ചു. ചിത്രം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഏതാനും സിനിമകളിൽ ബാലതാരമായി തിളങ്ങി.
പേരുമാറ്റവും പ്രശസ്തിയും
കെ. ഭാഗ്യരാജിന്റെ മുന്താണൈ മുടിച്ച് എന്ന തമിഴ് സിനിമയില്‍ നായികയായപ്പോൾ കവിതാരഞ്ജിനി പേര് മാറ്റി പുതിയ പേര് "ഉര്‍വശി'. സിനിമയും നായികയും പുതിയ പേരും ഹിറ്റ്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നതേയില്ല. 1989ൽ മഴവിൽക്കാവടി, വർത്തമാനകാലം, 1990ൽ തലയിണമന്ത്രം, 1991ൽ കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം 1995ൽ കഴകം, 2006ൽ മധുചന്ദ്രലേഖ. 2023ൽ ഉള്ളൊഴുക്ക് എന്നിങ്ങനെയാണ് സംസ്ഥാന പുരസ്കാരം കൊണ്ടുവന്നത്.
സന്തോഷത്തോടെ ദീപികയ്ക്കൊപ്പം
ദീപികയുടെ വാർഷികപ്പതിപ്പിന്റെ മുഖചിത്രം ഉർവശി ആയിരിക്കണമെന്നാണ് എഡിറ്റോറിയൽ ടീമിന്റെ താത്പര്യമെന്ന് അറിയിച്ചപ്പോൾ വലിയ തിരക്കുകൾക്കിടയിലും ആഹ്ലാദത്തോടെയാണ് കൂടിക്കാഴ്ചയ്ക്കും ഫോട്ടോഷൂട്ടിനുമായി ഉർവശി സമയം നൽകിയത്. ദീപികയുടെ വായനക്കാർക്ക് ഒാണാശംസ നേരിടുന്ന വീഡിയോയും ചിത്രങ്ങളും പകർത്തിയ ശേഷം കൊച്ചിയിലെ ആഡംബര ഹോട്ടലിനു മുൻവശത്തെ പൂന്തോട്ടത്തിലൂടെ ഒപ്പം നടന്ന് അവർ സംസാരിച്ചു തുടങ്ങി.
ഉർവശിയുടെ സംസാരത്തിലെ ലാളിത്യവും സൗഹൃദവും ആറാം സംസ്ഥാന അവാർഡിന്റെ തിളക്കത്തിലും ഒട്ടും തേഞ്ഞുമാഞ്ഞു പോയിട്ടില്ല. പല സിനിമകളിലും കണ്ടിട്ടുള്ള തനി നാട്ടിൻപുറത്തുകാരിയെപ്പോലെയാണ് അവർ ഓണത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ സംസാരിച്ചത്.
ഈ ഓണത്തിന് അല്പം മധുരം കൂടുതലുണ്ടെന്നു പറഞ്ഞാൽ?
ഓണം എന്നും മധുരതരമല്ലേ. പൂക്കളും നിറങ്ങളും രുചികളുമൊക്കെയായി ഏതൊരു മലയാളിക്കും മധുരതരമാണ് ഓണം. അതിൽ പാവപ്പെട്ടവനെന്നോ സന്പന്നനെന്നോ സെലിബ്രിറ്റിയെന്നോ വ്യത്യാസമുണ്ടെന്നു തോന്നുന്നില്ല. പിന്നെ കൊണ്ടാടുന്ന രീതികളിലും മറ്റും കാലത്തിന്റേതായ ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ആഘോഷങ്ങൾ കുറഞ്ഞിട്ടില്ലെന്നു തന്നെയാണ് തോന്നുന്നത്.
ഒരിക്കൽകൂടി സംസ്ഥാന പുരസ്കാരം കിട്ടിയതിന്റെ സന്തോഷം ഈ ഓണത്തെ അല്പംകൂടി സുഖമുള്ളതാക്കിയിട്ടുണ്ടാവാം. എങ്കിലും അവാർഡിൽ അമിതമായി ആഹ്ലാദിക്കുകയോ കിട്ടാത്തതിൽ ദുഃഖിക്കുകയോ ചെയ്യുന്ന രീതി എനിക്കില്ല. കഥാപാത്രങ്ങളെ ഏറ്റവും നന്നായി ചെയ്യുക എന്നതിലാണ് ശ്രദ്ധ. ബാക്കിയെല്ലാം കാലം കൂട്ടിച്ചേർക്കുമെന്ന ചിന്താഗതിക്കാരിയാണ് ഞാൻ.
ഓക്കെ എന്ന വാക്ക്
അഭിനയിക്കുന്ന ഷോട്ട് പൂർത്തിയാകുമ്പോൾ ഓക്കേ എന്നു സംവിധായകൻ പറയുമ്പോഴാണ് ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും തോന്നാറുള്ളത്. ഒരു നടിക്കു കിട്ടുന്ന ആദ്യത്തെ അവാർഡും അതുതന്നെ.
അതുപോലെ തിയറ്ററിൽ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ സന്തോഷത്തോടെ അഭിനയം മികച്ചതെന്നും നല്ല സിനിമയെന്നും പറയുമ്പോഴും അവാർഡ് കിട്ടുന്ന അനുഭവമാണ്. മറ്റു അവാർഡുകൾ കിട്ടുമ്പോഴും സന്തോഷം തോന്നാറുണ്ട്. എന്നാൽ, ആദ്യത്തെ രണ്ടു സന്തോഷം കിട്ടിയാൽ പിന്നെ അവാർഡുകൾ കിട്ടിയില്ലെങ്കിലും ദുഃഖം തോന്നാറില്ല. കിട്ടിയ നേട്ടങ്ങളോർത്ത് അമിതമായ സന്തോഷമോ നഷ്ടപ്പെട്ട അംഗീകാരങ്ങളെക്കുറിച്ച് സങ്കടമോ ഇല്ല.
സ്ത്രീസുരക്ഷ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ ഒാണക്കാലത്ത് സ്ത്രീകളോടു പറയാനുള്ളത്..?
അഭിമാനത്തോടെ ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്. അതു സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും. സ്ത്രീസുരക്ഷ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നതു കൂടുതൽ നല്ലതാണ്. നിലവിൽ പരിഹരിക്കപ്പെടേണ്ട കാര്യങ്ങളിൽ മാറ്റമുണ്ടാകാൻ ഒരുപക്ഷേ, ഇതു നല്ലൊരു അവസരമായിരിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ആത്മവിശ്വാസത്തോടെ ജോലി സ്ഥലങ്ങളിലായിരിക്കാൻ പെൺകുട്ടികൾക്കു കഴിയണം.
ജാഗ്രത പാലിക്കേണ്ടിടത്തു ജാഗ്രത പാലിക്കാനും നോ പറയേണ്ടിടത്തു നോ പറയാനും തിരുത്തേണ്ടിടത്തു തിരുത്താനും നീതി വേണമെന്നു തോന്നുന്നിടത്ത് മടിക്കാതെ അത് ആവശ്യപ്പെടാനും നമുക്കു കഴിയണം. പുതിയ തീരുമാനങ്ങളും കൂടുതൽ മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളും കിട്ടാൻ ഇപ്പോൾ നടക്കുന്ന ചർച്ചകൾ ഒരു നിമിത്തമാകണം. നല്ല കാര്യങ്ങൾക്കു വേണ്ടി സമൂഹവും സംവിധാനങ്ങളും ഒരുമിച്ചു നിൽക്കാം.
ഉള്ളൊഴുക്കില്‍ ഉള്‍പ്പെടെ ദുഃഖപുത്രിയായ ഉര്വശിയെയാണല്ലോ സിനിമകളില്‍ അടുത്തിടെ തുടര്‍ച്ചയായി കണ്ടത്?
കാരണമറിയില്ല; അടുത്ത കാലത്ത് ഇമോഷണല്‍ രംഗങ്ങളെല്ലാം അതില്‍ വല്ലാതെ ഉള്‍ച്ചേര്‍ന്നാണ് അഭിനയിച്ചു പൂര്‍ത്തിയാക്കുന്നത്. ഉള്ളൊഴുക്കിലെ രംഗങ്ങളെല്ലാം അസാധാരണമായി മുഴുകിയാണ് അഭിനയിച്ചതും. സിനിമയില്‍ പാര്‍വതിയുടെ കഥാപാത്രത്തോടുള്ള ഒരു സംഭാഷണം കഴിഞ്ഞു കരയുന്ന ഒരു ഷോട്ടുണ്ട്. അതില്‍ എന്റെ കരച്ചില് അഭിനയമല്ല, സ്വാഭാവികമായിരുന്നു. ജീവിതത്തിലെങ്കില്‍ അത്തരമൊരു ഘട്ടത്തില്‍ ഏതൊരു സ്ത്രീയും കരഞ്ഞുപോകും, അതുകൊണ്ടാവണം..!
ദുഃഖപുത്രി മാത്രമല്ല കേട്ടോ ഞാന്‍... ചിരിയും രസകരമായ മുഹൂര്‍ത്തങ്ങളുമായാണ് അടുത്ത ചിത്രം വരുന്നത്. 'എല്‍. ജഗദമ്മ ഏഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' എന്ന പുതിയ സിനിമ, പേരുപോലെതന്നെ വ്യത്യസ്തവും മികച്ച എന്റര്ടെയ്നറും ആകുമെന്നാണു പ്രതീക്ഷ.
ഭര്‍ത്താവ് ശിവപ്രസാദ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം ഉര്‍വശിയും ഫോസില്‍ ഹോള്‍ഡിംഗ്സും ചേര്‍ന്നാണ്. പ്രധാന കഥാപാത്രമായ ജഗദമ്മയെയാണ് ഉര്‍വശി അവതരിപ്പിക്കുന്നത്.
ദീപിക വായനക്കാരോട്
മലയാളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപികയും അതിന്റെ പ്രസിദ്ധീകരണങ്ങളുമെല്ലാം വർഷങ്ങൾക്കു മുന്‍പുതന്നെ പരിചിതമാണ്. വലിയ പൊങ്ങച്ചങ്ങളൊന്നുമില്ലാതെ മൂല്യങ്ങൾക്കു പ്രാധാന്യം നൽകി മുന്നോട്ടുപോകുന്ന പത്രമായിട്ടാണ് ദീപികയെ മനസിലാക്കിയിട്ടുള്ളത്. പ്രതിഭകളായ പത്രാധിപന്മാർ സേവനം ചെയ്ത പത്രമാണെന്നുമറിയാം. എനിക്ക് അടക്കം കലാരംഗത്തുള്ളവർക്കു ദീപിക എക്കാലവും വലിയ പ്രോത്സാഹനം നൽകിയിട്ടുണ്ട്. ഓണക്കാലത്തിന്റെ സന്തോഷം ദീപികയോടൊപ്പം പങ്കുവയ്ക്കുന്നതിലുള്ള ആഹ്ലാദവും അഭിമാനവും അറിയിക്കുന്നു. എല്ലാ വായനക്കാർക്കും ഹൃദയപൂർവം ഒാണാശംസകൾ.
സിജോ പൈനാടത്ത്