സ്കൂൾജീവിതകാലത്ത് ഒരു ഫുട്ബോൾ മത്സരത്തിൽ പോലും കളിക്കാത്ത ഒരാൾ. കോളജിലെ എൻസിസി ടീമിൽ ചേരാൻ മടിയായതിനാൽ ഫുട്ബോൾ ടീമിൽ ചേരുന്നു. ഫോർവേഡായി തുടക്കം. പിന്നെ ഗോളി. സന്തോഷ് ട്രോഫിയിലും ഇന്ത്യൻ ടീമിലും മിന്നുംപ്രകടനം.
"പറക്കുംഗോളി' എന്നറിയപ്പെട്ട വിക്ടർ മഞ്ഞില ജൂണ് 22ന് 75 -ാം പിറന്നാൾ പിന്നിട്ടു. കോപ്പ അമേരിക്കയും യൂറോകപ്പും ആവേശം പടർത്തുന്പോൾ കളിജീവിതത്തിലെ ഉദ്വേഗം നിറഞ്ഞതും രസകരവുമായ അനുഭവ മുഹൂർത്തങ്ങളുമായി വിക്ടർ മഞ്ഞില സൺഡേ ദീപികയോട്.
"1976 സെപ്റ്റംബർ 17. ദക്ഷിണ കൊറിയയിലെ സിയൂളിൽ ആറാമത് പ്രസിഡന്റ് കപ്പ് നടക്കുന്നു. ആദ്യമത്സരത്തിൽ ദക്ഷിണ കൊറിയയോടും രണ്ടാം മത്സരത്തിൽ സിംഗപ്പുരിനോടും ഇന്ത്യൻ ടീം തോറ്റു. ഇതോടെ ഫലത്തിൽ ഇന്ത്യ ടൂർണമെന്റിൽനിന്നു പുറത്തായി. മൂന്നാം മത്സരം ബ്രസീലിലെ സാവോപോളോയുമായാണ്.
ഇന്ത്യൻ കോച്ച് ആയിരുന്ന കർണാടകക്കാരൻ ജി.എം.എച്ച്. പാഷ സാർ വന്ന് എന്നോടു പറഞ്ഞു: "നമ്മൾ എന്തായാലും ടൂർണമെന്റിൽനിന്നു പുറത്തായി. അതുകൊണ്ട് ഇന്നത്തെ കളിയിൽ സുന്ദരേശന് (രണ്ടാം ഗോളിയായ അദ്ദേഹം കർണാടകക്കാരനാണ്) ഒരവസരം കൊടുക്കാം.' ഇതു പറയുന്പോൾ ടീം മാനേജർകൂടിയായ ഒാൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി വിജയരംഗവും കൂടെയുണ്ടായിരുന്നു. ഞാൻ തലയാട്ടി.
അടുത്ത ദിവസം കളിതുടങ്ങി. സാവോപോളോ ആക്രമിച്ചുകളിക്കുന്നു. പതിമൂന്നാം മിനിറ്റിൽ അവർ ഗോളടിച്ചു. അധികം വൈകാതെ രണ്ടാം ഗോളും. പാഷ സാർ സൈഡ് ബഞ്ചിലിരുന്ന എന്റെ അടുത്തുവന്ന് ചെവിയിൽ പതുക്കെ "സോറി' പറഞ്ഞു, പെട്ടെന്ന് റെഡിയാകാനും. ഞാൻ വാംഅപ്പ് ചെയ്തു പെട്ടെന്ന് ഇറങ്ങി. ഗോളെന്നുറച്ച നിരവധി ഷോട്ടുകൾ അതിസാഹസികമായി സേവ് ചെയ്തു. അടുത്ത ദിവസം അന്തർദേശീയ പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ അത് എഴുതി. റോയിട്ടർ കൊടുത്ത തലക്കെട്ട് ഇതായിരുന്നു: ""ഈസി ഫോർ ബ്രസീൽ, മഞ്ഞില ബ്രില്യന്റ്'.
അതൊരു വലിയ അംഗീകാരമായിരുന്നു. നാട്ടിലേക്കു മടങ്ങുന്നതിനു മുൻപ് നടത്തിയ മീറ്റിംഗിൽ ടീം മാനേജർ വിജയരംഗം പറഞ്ഞത് ഇങ്ങനെ: ""പ്രസിഡന്റ് കപ്പിൽ വലിയ പ്രതീക്ഷയൊന്നും നമുക്ക് ഉണ്ടായിരുന്നില്ല. അത്ര ശക്തരായിരുന്നു എതിരാളികൾ. നമ്മെക്കൊണ്ട് ആവുന്നതുപോലെ കളിച്ചു. അഭിമാനകരമായി എടുത്തുപറയാൻ അധികമൊന്നുമില്ല. വിക്ടർ മഞ്ഞിലയുടെ ഒറ്റയാൾപ്രകടനമല്ലാതെ...'.
കച്ചവടകുടുംബത്തിൽ
പറവട്ടാനിയിലെ മഞ്ഞില കുടുംബത്തിനു തൃശൂർ റൗണ്ട് സൗത്തിൽ അരി, കയർ, പായ എന്നിവയുടെ കച്ചവടമായിരുന്നു. ഒരു കൂട്ടുകുടുംബത്തിന്റെ സൗകര്യങ്ങളും അസൗകര്യങ്ങളും അനുഭവിച്ചായിരുന്നു വളർച്ച. അപ്പന്റെ സഹോദരങ്ങളിൽ ഒരാളായിരുന്നു വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക സെക്രട്ടറിയും ഡബിൾ ഹോഴ്സ് മാനേജിംഗ് ഡയറക്ടറുമായിരുന്ന എം.ഒ. ജോണ്.
മഞ്ഞില ലാസറിന്റെയും മറിയാമ്മയുടെയും ആറു മക്കളിൽ മൂന്നാമനായിരുന്നു വിക്ടർ. തൃശൂർ സെന്റ് തോമസിന്റെ പ്രൈമറി സ്കൂളായിരുന്ന തോപ്പിലും സെന്റ് തോമസ് ഹൈസ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പത്താം ക്ലാസിൽ പഠിക്കുന്പോഴാണ് നെല്ലിക്കുന്നിൽ പുതിയ വീടുവച്ച് കുടുംബം മാറിത്താമസിച്ചത്. കാൽപ്പന്തിന്റെ ലോകത്തേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് വിക്ടർതന്നെ പറയട്ടെ...
അപ്രതീക്ഷിതമായി
തോപ്പ് സ്കൂളിലേക്ക് തോപ്പ് മൈതാനത്തുകൂടി നടന്നുപോകുന്പോൾ വെറ്ററിനറി കോളജിന്റെ കളി നടക്കുന്നുണ്ടാകും. അവരുടെ ഗോൾകീപ്പർ ആയിരുന്ന ഡോ. രാജഗോപാൽ വായുവിൽ ഉയർന്ന് ഡൈവ് ചെയ്യുന്നതും പന്ത് കൈയിൽ ഒതുക്കുന്നതുമെല്ലാം ആരാധനയോടെ നോക്കിനിൽക്കും. സാധാരണയിൽ കവിഞ്ഞ ഉയരമോ കായികക്ഷമതയോ ഇല്ലാത്തതിനാൽ മറ്റു കൂട്ടുകാർക്കൊപ്പം കിളിത്തട്ടുകളിയിലും ഞൊണ്ടിക്കളിയിലും ആയിരുന്നു ഞാൻ സജീവം.
തൃശൂർ സെന്റ് തോമസ് കോളജിൽ പ്രീഡിഗ്രിക്കു ചേർന്നപ്പോൾ എൻസിസിയിൽ ചേരാനുള്ള മടികാരണമാണ് ഫുട്ബോൾ ടീമിൽ പോയി ചേർന്നത്. ചരൽമൈതാനത്താണു കളി. എനിക്കാണെങ്കിൽ ബൂട്ടില്ല. കൂട്ടുകാരൻ മംഗലം ജോണിയാണ് അവന്റെ ജ്യേഷ്ഠന്റെ പഴയ ഷൂസ് തന്നത്. ആദ്യം ഫോർവേഡ് ആയിരുന്നു. പിന്നെയാണ് ഗോൾകീപ്പറായത്.
പറന്പന്റെ ആദ്യപാഠം
ഒരു ദിവസം കളി തുടങ്ങാൻനേരം ഗോളി നിൽക്കാൻ ആരുമില്ല. മറ്റുള്ളവർ നിർബന്ധിച്ച് ഗോളിയായി നിന്നു. കളി കഴിഞ്ഞതോടെ സീനിയർ കളിക്കാരനായിരുന്ന ജോസ് പറന്പൻ പറഞ്ഞു: ""ഇനി നീ ഗോളി നിന്നാൽ മതി. അതിൽ നിനക്കു നല്ല ഭാവിയുണ്ട്'' ഗോൾകീപ്പിംഗിന്റെ ബാലപാഠം അദ്ദേഹത്തിൽനിന്നായിരുന്നു. ബോൾ കൈയിലൊതുക്കാൻ എങ്ങനെ ഡൈവ് ചെയ്യണമെന്നും ലാൻഡ് ചെയ്യണമെന്നും അദ്ദേഹം കാണിച്ചുതന്നു. ഹൈജംപ് പിറ്റിൽ ഡൈവിംഗ് പരിശീലനവും.
അദ്ദേഹം അന്നു വരച്ചുതന്ന പൊസിഷനിംഗ് ആണ് ഇന്നും ഞാൻ ശിഷ്യരെ പരിശീലിപ്പിക്കുന്നത്. അന്നൊന്നും കൈകളിൽ ഗ്ലൗസ് ഇല്ലായിരുന്നു. വീഴുന്പോൾ പരിക്കിനുള്ള സാധ്യത കൂടുതലായിരുന്നു. എന്നിട്ടും അതെല്ലാം അതിജീവിച്ചു. കോളജിന്റെ സ്ഥിരംഗോളിയായതോടെയാണു സ്വന്തമായി ബൂട്ട് വാങ്ങിയത്. കളിയിൽ പൂർണശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ പ്രീഡിഗ്രി എന്ന കടന്പകടന്നതു നാലു വർഷമെടുത്താണ്. അതോടെ സയൻസ് ഗ്രൂപ്പുകാരനായ ഞാൻ ബികോമിനു ചേർന്നു.
ഡേവിസ് മേച്ചേരിയുടെ നിർബന്ധം
1968 ലാണ് കാലിക്കട്ട് യൂണിവേഴ്സിറ്റി ആരംഭിക്കുന്നത്. ആ വർഷംതന്നെ സൗത്ത് ഇന്ത്യൻ യൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിൽ കാലിക്കട്ട് തെക്കൻ മേഖലാ ചാന്പ്യന്മാരായി. സേതുമാധവൻ ആയിരുന്നു ഗോൾകീപ്പർ. പിറ്റേവർഷം എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ സെലക്ഷൻ ട്രയൽസ് നടക്കുകയാണ്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള നാലു സോണുകളിലെ ടീമുകളെ കൊണ്ടുവന്നുള്ള കളിയാണ്. തലേവർഷത്തെ ഗോളി സേതുമാധവൻ ഉള്ളതിനാൽ എനിക്കു യാതൊരു സാധ്യതയുമില്ല.
സുഹൃത്തും പിന്നീട് കാലിക്കട്ട് വാഴ്സിറ്റി ക്യാപ്റ്റനുമായ ഡേവിസ് മേച്ചേരിയാണ് നിർബന്ധിച്ച് ട്രയൽസ് കാണാൻ കൊണ്ടുപോയത്. സി സോണിന്റെ ആദ്യമത്സരം കഴിഞ്ഞപ്പോൾത്തന്നെ ഗോൾകീപ്പർക്കു പരിക്കുപറ്റി പുറത്തുപോയി.
ഇനിയെന്തു ചെയ്യണം എന്നറിയാതെ അവർ നിൽക്കുന്പോഴാണ്, യൂണിവേഴ്സിറ്റി സംഘാടകരിൽ ഒരാളും ആതിഥേയ കോളജിന്റെ കായികാധ്യാപകനുമായ പ്രഫ. ടി.ഡി. ഫ്രാൻസിസിനോട് എന്നെ ചൂണ്ടിക്കാണിച്ച്, നല്ല ഗോൾകീപ്പറാണ് ഒന്നു പരീക്ഷിച്ചുനോക്കാൻ ഡേവിസ് പറയുന്നത്. അങ്ങനെ യാദൃച്ഛികമായി ഞാൻ കളിക്കാനിറങ്ങി. നല്ല പെർഫോമൻസ് നടത്തി. സെലക്ടർമാർ ആശയക്കുഴപ്പത്തിലായി. ഒടുവിൽ സേതുമാധവന്റെകൂടെ എന്നെയും ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടുത്തി.
സന്തോഷ് ട്രോഫി ടീമിൽ
1971 ലാണ് ആദ്യമായി സന്തോഷ് ട്രോഫി ടീമിൽ എത്തുന്നത്. തൃശൂരിൽ ചാക്കോളാസ് ട്രോഫിയുടെ കളിക്കിടെ കേരള ടീം കോച്ചായിരുന്ന ബാലകൃഷ്ണൻസാർ എന്നെ വിളിക്കാൻ ചാലക്കുടിക്കാരനായ മുൻ ഇന്ത്യൻ താരം പി.വി. രാമകൃഷ്ണനെ പറഞ്ഞയച്ചു. പിന്നീട് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ലും 74, 75, 76, 79 വർഷങ്ങളിലും സന്തോഷ് ട്രോഫിയിൽ കളിച്ചു. 75ൽ ക്യാപ്റ്റനും ആയിരുന്നു. ഇതിനിടെ നാല് ടൂർണമെന്റുകളിൽ ഇന്ത്യക്കായും കളിച്ചു.
72 മുതൽ, കാലിക്കട്ട് യൂണിവേഴ്സിറ്റി കോച്ചായി 82ൽ പോകുന്നതുവരെ പ്രീമിയർ ടയേഴ്സിനുവേണ്ടിയാണ് കളിച്ചത്. ഇതായിരുന്നു എന്റെ സുവർണകാലം. പിന്നെ 2009ൽ വിരമിക്കുന്നതുവരെ കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽത്തന്നെ.
നക്ഷത്രക്കണ്ണുള്ള കൊറിയൻ സുന്ദരി
സ്കൂൾ, കോളജ് കാലത്ത് ഒരു പ്രണയത്തിലും കുടുങ്ങിപ്പോകാത്ത ഒരാളായിരുന്നു ഞാൻ. അതൊക്കെ തെറ്റാണെന്നായിരുന്നു എന്റെ ധാരണ. 76ലെ പ്രസിഡന്റ് കപ്പ് കളിക്കാൻ പോയപ്പോൾ രസകരമായ അനുഭവം ഉണ്ടായി. സിയൂളിൽ കളികാണാൻ വളരെയധികം വിദ്യാർഥികൾ വരും. കളികഴിഞ്ഞാൽ അവർ ഡ്രസിംഗ് റൂമിനടുത്തേക്കു വരും, കളിക്കാരെ പരിചയപ്പെടും.
അതിൽ നക്ഷത്രക്കണ്ണുള്ള ഒരു പെണ്കുട്ടി ഉണ്ടായിരുന്നു. അവളെന്നെ എപ്പോഴും നോക്കിക്കൊണ്ടിരിക്കും. എന്തൊക്കെയോ കൊറിയൻ ഭാഷയിൽ സംസാരിക്കും. ഇംഗ്ലീഷ് അവൾക്കോ കൊറിയ എനിക്കോ മനസിലായില്ലെങ്കിലും കളികഴിഞ്ഞാൽ അവൾ കൃത്യമായി എന്റെ അടുത്തേക്കുവരും. കൂട്ടുകാരെല്ലാം എന്നെ കളിയാക്കുമെങ്കിലും പിറ്റേന്നും അവൾ വരും.
കൊറിയയിലെ ബാന്ദോ യൂത്ത് ഹോസ്റ്റലിൽ ആയിരുന്നു കളിക്കാരുടെ താമസം. പോക്കറ്റ് മണിയായി കുറച്ച് ഡോളറേ കിട്ടിയിരുന്നുള്ളെങ്കിലും ഒരു ദിവസം ഞങ്ങൾ ഇരുവരും അടുത്തുള്ള ഐസ്ക്രീം പാർലറിൽ പോയി ഐസ്ക്രീം വാങ്ങി ഒരുമിച്ചുകഴിച്ചു. എന്നാണു നാട്ടിലേക്കു തിരിക്കുന്നതെന്ന് അവൾ ചോദിച്ചു. ആംഗ്യത്തിലൂടെയും കൈവിരലുകൾ മടക്കിയുമെല്ലാം ഒരുവിധം പോകുന്ന ദിവസം ഏതെന്ന് ഞാൻ പറഞ്ഞൊപ്പിച്ചു.
പോകുന്നതിന്റെ തലേന്ന് എന്നെ കാണാൻ അവൾ ഒരു സമ്മാനവുമായി വന്നു. അതൊരു ബോഡി ക്രീം ആയിരുന്നു. ഇന്ത്യക്കാരനായ ഞാൻ കൊറിയക്കാരെപ്പോലെ വെളുത്ത് സുന്ദരക്കുട്ടപ്പൻ ആകാനാണോ എന്നറിയില്ല. രണ്ടുമൂന്നുതവണ ഞാൻ അതു പുരട്ടി. എന്തായാലും ഒരുപാടുകാലം ആ സ്നേഹസമ്മാനം എന്റെ പെട്ടിയിൽ കിടന്നു.
ആരാധകമനസുകളിൽ
കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ ജോലിചെയ്തിരുന്ന സമയം. കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിലൂടെ ധൃതിപിടിച്ചു നടക്കുന്പോൾ ലുങ്കിയും പഴയ ഷർട്ടുമിട്ട പ്രായമായ ഒരു മനുഷ്യൻ ഷേക്ക്ഹാൻഡിനായി കൈനീട്ടി. ആളു മാറിപ്പോയോ എന്ന സംശയത്തിൽ നിൽക്കുന്പോൾ അയാൾ ഏറെ ആദരവോടെ ചോദിച്ചു: ""മഞ്ഞിലയല്ലേ'. അദ്ഭുതത്തോടെ നിൽക്കുന്പോൾ
"ഞാൻ നിങ്ങളെ ഒരിക്കലും മറക്കില്ല. 74ലെ നാഗ്ജി ടൂർണമെന്റിൽ പെനാൽറ്റി ബോക്സിനു തൊട്ടടുത്തുനിന്ന് ശ്യാംഥാപ്പ അടിച്ച ഷോട്ട് തടുത്തത് എങ്ങനെ മറക്കും. ഒരു മനുഷ്യനെക്കൊണ്ടും അതു തടുക്കാൻ ആവില്ല , നിങ്ങൾക്കല്ലാതെ'. എനിക്ക് വിശ്വസിക്കാനായില്ല. വർഷം 20 കഴിഞ്ഞിട്ടും ഈ മനുഷ്യൻ അത് ഓർത്തിരിക്കുന്നു. ആൾക്കൂട്ടത്തിലെ മനുഷ്യരുടെ ഈ തിരിച്ചറിയലുകളാണ് എനിക്കു കിട്ടുന്ന ശ്രേഷ്ഠ പുരസ്കാരങ്ങൾ.
ജീപ്പിലെ യാത്രയും പോലീസ് ടീമും
ഒരു ദിവസം രാവിലെ യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിലെ വീടിനു മുന്നിൽ ഒരു പോലീസ് ജീപ്പ് വന്നുനിന്നു. ഒരു സിഐ ഇറങ്ങിവന്ന് "നിങ്ങൾ വിക്ടർ മഞ്ഞിലയല്ലേ' എന്നു ചോദിച്ചു. ഡിഐജി ഓഫീസിലേക്കു വരാൻ പറഞ്ഞു. ആദ്യം ഒന്നു ഭയന്നു. എങ്കിലും, ഷർട്ട് മാറി വണ്ടിയിൽ കയറി. എന്തിനാണെന്നു സിഐയോടു ചോദിച്ചെങ്കിലും അദ്ദേഹത്തിന് അറിയില്ലായിരുന്നു.
ഡിഐജി വളരെ സ്നേഹപൂർവം എന്നോട് ഇരിക്കാൻ പറഞ്ഞു. ഫോണ് എടുത്ത് കറക്കിയ ശേഷം വിക്ടർ മഞ്ഞില വന്നിട്ടുണ്ടെന്നു പറഞ്ഞു. ശേഷം "ഡിജിപി ഓണ് ലൈൻ'എന്നുപറഞ്ഞ് എനിക്ക് റിസീവർ നീട്ടി. "നമസ്കാരം, ഞാൻ ഡിജിപി എം.കെ. ജോസഫ്. ഒരു സഹായം ആവശ്യപ്പെടാനാണ് വിളിപ്പിച്ചത്. കേരള പോലീസിന്റെ കീഴിൽ ഒരു ഫുട്ബോൾ ടീം ആരംഭിക്കാൻ ആലോചിക്കുന്നു.
നിങ്ങളുടെ യൂണിവേഴ്സിറ്റി കളിക്കാരിൽനിന്നു കുറച്ചുപേരെ പോലീസ് ടീമിലേക്കു തരണം. അവരെ സേനയിലേക്കു റിക്രൂട്ട് ചെയ്യാം'. എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും അവരുടെ ഭാവിക്ക് അതൊരു ഗുണമാകും. തരാമെന്നു പറഞ്ഞു. അങ്ങനെ പോയവരാണ് സി.വി. പാപ്പച്ചൻ, സക്കീർ, ഇപ്പോഴത്തെ സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് യു. ഷറഫലി തുടങ്ങിയവർ.
ജിവി രാജയുടെ സ്നേഹം, മരണം...
ഓൾ ഇന്ത്യ സ്പോർട്സ് കൗണ്സിലിന്റെ മീറ്റിംഗിനു പോകുംവഴിയാണ് കേരള ടീം ചെന്നൈയിൽ സന്തോഷ് ട്രോഫി (1971) കളിക്കുന്നുണ്ടെന്ന് അറിഞ്ഞ് ജിവി രാജ അവിടെ വരുന്നത്. പരിശീലനം നടക്കുന്ന ഗ്രൗണ്ടിലേക്കു വന്ന് അദ്ദേഹം ഞങ്ങൾക്ക് ആത്മവിശ്വാസം തന്നു: " ബംഗാൾ വലിയ ടീമാണെന്ന ധാരണ ഒഴിവാക്കുക. ധീരമായി പൊരുതുക, വിജയംവരെ. കളി കാണാൻ ഞാനും ഉണ്ടാകും നാളെ.
' പരിശീലനം കഴിഞ്ഞ് സ്റ്റേഡിയത്തിനടുത്തു പിക്നിക് ഹോട്ടലിൽ കൊണ്ടുപോയി ചായയും വടയും എല്ലാവർക്കും വാങ്ങിത്തന്നു. അടുത്ത ദിവസം കളികാണാൻ വന്നു. കട്ടയ്ക്കു പൊരുതിയ കേരളം കളിതീരാൻ സെക്കൻഡുകൾമാത്രം അവശേഷിക്കേ സുഭാഷ് ഭൗമിക് നേടിയ ഒറ്റ ഗോളിൽ പൊരുതിത്തോറ്റു. കാണികൾ മുഴുവൻ എന്റെ ഓരോ സേവിലും ആർത്തുവിളിക്കുന്നുണ്ടായിരുന്നു. ഗോൾ വീണതോടെ ലോംഗ് വിസിൽ മുഴങ്ങി.
സങ്കടത്തോടെ മുഖംകുനിച്ചു നിന്നിരുന്ന എന്റെ അടുത്തേക്കു ജിവി രാജ ഓടിവന്ന് കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു: "വിക്ടർ, എക്സലന്റ് ആയിരുന്നു ഓരോ സേവും. കളി തോറ്റെങ്കിലും നമ്മൾ അന്തസോടെയാണ് മടങ്ങുന്നത്'. കളിക്കാരെ മുഴുവൻ വിളിച്ച് അഭിനന്ദിച്ചശേഷം അദ്ദേഹം പറഞ്ഞു: "ഞാൻ ഇന്നുതന്നെ യാത്ര തിരിക്കും. നിങ്ങൾക്കുവേണ്ടി ഒരു ഡിന്നർ ഒരുക്കിയിട്ടുണ്ട്. അതിൽ എല്ലാവരും പങ്കെടുക്കണം'.
ഡിന്നർ കഴിഞ്ഞു പിറ്റേന്നുതന്നെ ഞങ്ങൾ നാട്ടിലേക്കു വണ്ടികയറി. ഒലവക്കോട് സ്റ്റേഷനിൽ വണ്ടിയിറങ്ങിയപ്പോൾ പത്രങ്ങളിലെ പ്രധാന വാർത്തകണ്ട് ഞങ്ങൾ തകർന്നുപോയി. ജിവി രാജ വിമാനാപകടത്തിൽ മരിച്ചു.
നിരവധി കളിയനുഭവങ്ങൾ, പരിശീലനാനുഭവങ്ങൾ, രസകരമായ മുഹൂർത്തങ്ങൾ... വിക്ടർ മഞ്ഞിലയുടെ ഒളിമങ്ങാത്ത ഒാർമകൾ പുഴപോലെ ഒഴുകുകയാണ്.
ഭാര്യ റോസിലിൻഡിനൊപ്പം മൂർക്കനിക്കരയിലെ വീട്ടിൽ ആരോഗ്യവാനായി കഴിയുന്ന ഇദ്ദേഹം ഇപ്പോഴും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അഡ്വൈസറി കമ്മിറ്റി അംഗവും കെഎഫ്എയുടെ കോച്ചിംഗ് കമ്മിറ്റി ചെയർമാനും ടെക്നിക്കൽ കമ്മിറ്റി അംഗവും കേരള ഒളിന്പിക് അസോസിയേഷന്റെ അസോസിയേറ്റഡ് വൈസ് പ്രസിഡന്റുമായി ഫുട്ബോൾ ലോകത്തു സജീവം.
ബംഗളൂരു കാർമൽ സ്കൂളിൽ അധ്യാപികയായ മകൾ ദിവ്യ കുടുംബസമേതം ബംഗളൂരുവിലും സൂറിച്ചിലെ റോബർട്ട് കെന്നഡി കോളജിൽ ഫൈനാൻസ് മാനേജരായ മകൻ ദിനൂപ് കുടുംബസമേതം കോയന്പത്തൂരിലുമാണ് താമസം.
സെബി മാളിയേക്കൽ