മൃതദേഹം കീറിമുറിക്കുക... എങ്ങനെ മരിച്ചതാണെങ്കിലും എത്ര ദിവസമായതാണെങ്കിലും. സാധാരണക്കാരനു ചിന്തിക്കാൻ പോലും കഴിയാത്ത ജോലികൾ അരങ്ങേറുന്ന ഇടമാണ് മോർച്ചറി. ആ മോർച്ചറിയിൽ കാൽനൂറ്റാണ്ട് ജീവിതം സമർപ്പിച്ച ശേഷം പടിയിറങ്ങുകയാണ് പാലക്കാടിന്റെ സ്വന്തം പോലീസ് സർജൻ ഡോ. പി.ബി. ഗുജ്റാൾ. 16,000 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത അദ്ദേഹത്തിന്റെ അനുഭവങ്ങൾ ആരെയും അന്പരപ്പിക്കും.
1999ൽ പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് ഫോറൻസിക് സർജനായി എത്തിയ ദിവസം ഇന്നും ഡോ. ഗുജ്റാളിന്റെ മനസിൽ മായാതെയുണ്ട്. തനിക്കു ജോലി ചെയ്യേണ്ട കെട്ടിടവും അതിന്റെ പരിസരവും കണ്ട ഡോക്ടർ ശരിക്കും ഞെട്ടിത്തരിച്ചുപോയി. യാതൊരു സൗകര്യങ്ങളുമില്ലാതെ അന്പതു വർഷത്തോളം പഴക്കമുള്ള ഭീകരരൂപി പോലെ മോർച്ചറി. കാടുപിടിച്ചു കിടക്കുന്നൊരു കെട്ടിടം. അവിടേക്കു കയറാൻതന്നെ ഭയം തോന്നും. പരിസരമാണെങ്കിൽ ആശുപത്രിയിലെ കൂട്ടിരിപ്പുകാരുടെ മലമൂത്ര വിസർജന കേന്ദ്രം. തൊട്ടടുത്തൊരു പൊട്ടക്കുളം. അവിടെയാണെങ്കിൽ എണ്ണിയാൽ ഒടുങ്ങാത്ത രീതിയിൽ പന്നിക്കൂട്ടം. കരഞ്ഞു വിളിച്ചും പരസ്പരം ഗുസ്തിപിടിച്ചും പരക്കം പാഞ്ഞും അവയുണ്ടാക്കുന്ന ശല്യം വിവരണാതീതം. അന്നു മോർച്ചറിയിൽ ഫ്രീസർ സൗകര്യവുമില്ല.
അജ്ഞാത മൃതദേഹങ്ങൾ അക്കാലത്തു മൂന്നു ദിവസം വരെ മോർച്ചറിയിൽ സൂക്ഷിക്കണമെന്നാണ് നിയമം. പൊട്ടിയൊലിച്ചും കേടായിത്തുടങ്ങിയുമൊക്കെയെത്തുന്ന മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന മുറിയെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കിക്കേ... എത്രത്തോളം ഭീകരമായിരിക്കും അവസ്ഥ. അസാധാരണ മനക്കട്ടിയുള്ളവർ പോലും അവിടേക്കു ജോലിക്കു ചെല്ലാൻ മടിക്കും. എന്നാൽ, എല്ലാ പ്രതിസന്ധികളെയും ഡോ.ഗുജ്റാളിന്റെ ജോലിയോടുള്ള പ്രതിബദ്ധത മറികടന്നു. അല്ലെങ്കിലും സുഖസൗകര്യങ്ങളിൽ ജോലി ചെയ്യാമെന്ന മോഹത്തോടെയല്ലല്ലോ ഫോറൻസിക് സർജന്റെ കുപ്പായം അണിഞ്ഞത്.
സമരഭീഷണി
എന്നിരുന്നാലും ഈ അവസ്ഥയ്ക്ക് ഒരു മാറ്റം കൊണ്ടുവരേണ്ടത് തന്റെ കടമയാണെന്നു ഡോക്ടർക്കു തോന്നി. അസുഖകരമായ ആ സാഹചര്യത്തിൽ ജോലി ചെയ്തുകൊണ്ടുതന്നെ അദ്ദേഹം കെട്ടിടം നവീകരിക്കേണ്ടതിന്റെയും സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി സർക്കാരിനു കത്തുകളയച്ചു. തദ്ദേശ സ്ഥാപനമേധാവികളെ നേരിട്ടു കണ്ടു. പല രീതിയിൽ ശ്രമിച്ചിട്ടും പന്നിക്കൂട്ടത്തെ തുരത്താൻ മാത്രം വഴിയുണ്ടായില്ല. പന്നിക്കൂട്ടത്തിന്റെ പരാക്രമങ്ങൾ ആളുകൾക്കും ജോലിക്കും ഭീഷണിയാണെന്നു തിരിച്ചറിഞ്ഞതോടെ നേരേ പാലക്കാട് നഗരസഭാ ഒാഫീസിൽ എത്തി കാര്യം പറഞ്ഞു. ഉടൻ പന്നിക്കൂട്ടങ്ങളെ തുരത്തിയില്ലെങ്കിൽ ഒാഫീസിനു മുന്നിൽ സമരം തുടങ്ങുമെന്നു മുന്നറിയിപ്പ് നൽകി. ഇതോടെ നഗരസഭ ഉണർന്നു.
പിറ്റേന്നു തന്നെ മാലിന്യങ്ങൾ നിറഞ്ഞു കിടന്നിരുന്ന പൊട്ടക്കുളവും പരിസരവും വൃത്തിയാക്കി. പന്നിക്കൂട്ടത്തെയും അവിടെനിന്നു തുരത്തി. അന്നു മുതൽ ഇന്നുവരെ ഡോക്ടറും നഗരസഭയും ജില്ലാ പഞ്ചായത്തുമൊക്കെ ഒറ്റക്കെട്ടാണ്. തുടർന്നു കാലാകാലങ്ങളിൽ ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിത്തന്നതിന്റെ നന്ദിയും സന്തോഷവും ഡോക്ടർ മറച്ചുവയ്ക്കുന്നില്ല. ഇന്നു മോർച്ചറി വളപ്പിനു പുറത്തു പുതിയൊരു കെട്ടിടം ഒരുക്കിയിട്ടുണ്ട്. ഉറ്റവരുടെ മൃതദേഹം കാത്തു കരഞ്ഞുതളർന്ന് ഇരിക്കുന്നവർക്കായൊരു കേന്ദ്രം. ഡോക്ടർ പറയുന്നു- മോർച്ചറിയിൽ അവരാണ് വിഐപികൾ!
കാൽനൂറ്റാണ്ട്
കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതശരീരം കീറിമുറിച്ചു തുന്നിക്കെട്ടുന്നത് ഒരേ ഡോക്ടറാണ്- ഡോ.പി.ബി. ഗുജ്റാൾ. ഫോറൻസിക് മെഡിസിൻ ചീഫ് കണ്സൾട്ടന്റും പോലീസ് സർജനുമാണ് ഡോക്ടർ. മൃതദേഹങ്ങൾ കീറിമുറിച്ചു പരിശോധിക്കുക മാത്രമല്ല, കേരളത്തിലെ ഒട്ടനവധി അസ്വാഭാവിക മരണങ്ങൾക്കും കേസുകൾക്കും വെളിച്ചംവീശിയ തുന്പുകൾ നൽകിയ ഒരാൾകൂടിയാണ് ഇദ്ദേഹം. മെഡിക്കോ- ലീഗൽ വിദഗ്ധൻ കൂടിയായ ഡോക്ടർ ഏറെക്കാലമായി സർക്കാരിന്റെ മുഖവും കൂടിയാണ്. 25 വർഷമായി ഒരേ സീറ്റിലിരുന്നാണ് കർത്തവ്യ നിർവഹണമെങ്കിലും നിരവധി പ്രമോഷനുകളും ഇൻക്രിമെന്റുകളും ഗുഡ് സർവീസ് എൻട്രികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സേവനത്തിന്റെ വേറിട്ടൊരു ചരിത്രമെഴുതി ഈ മാസം 31ന് അദ്ദേഹം പാലക്കാട് മോർച്ചറിയുടെ പടിയിറങ്ങും.
16,000 ചെറിയ നന്പറല്ല
കാൽ നൂറ്റാണ്ടിനിടെ പതിനാറായിരത്തിലധികം പോസ്റ്റുമോർട്ടങ്ങളാണ് അദ്ദേഹം നടത്തിയത്. നാലായിരത്തോളം കേസുകളിൽ കോടതിയിൽ ഹാജരായി. ഒപ്പം സർക്കാർ, സ്വകാര്യ സംവിധാനങ്ങളിൽ മെഡിക്കോ- ലീഗൽ ബോധവത്കരണ ക്ലാസുകൾ, ഫോറൻസിക് പഠന പ്രബന്ധാവതരണങ്ങൾ... സർവീസ് കാലയളവിൽ ഡോ. ഗുജ്റാളിനെ തേടിയെത്തിയതു നിരവധി നിയോഗങ്ങൾ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കൃത്യതയും സമഗ്രതയുമാണ് ഡോക്ടറുടെ മുഖമുദ്ര. സംശയ നിവാരണത്തിനായി പല ജില്ലകളിലെ ഡോക്ടർമാരിൽനിന്നും പോലീസിൽനിന്നും വിളികളെത്തുന്നതു മിക്കവാറും ഗുജ്റാൾ ഡോക്ടറുടെ ഫോണിലേക്ക് ആവും. അതിനാൽ പലപ്പോഴും പോസ്റ്റുമോർട്ടത്തിന്റെ ഇടവേളകളിലും ഡോക്ടർക്കു വിശ്രമമുണ്ടാകാറില്ല.
ഓരോ മൃതദേഹവും ആദരം അർഹിക്കുന്നു. ഭരണഘടനാപരമായ അവകാശങ്ങൾ മൃതദേഹത്തിനുമുണ്ട്. മാന്യമായ ഇൻക്വസ്റ്റും സമഗ്രമായ പോസ്റ്റുമോർട്ടവും അർഹതപ്പെട്ട സംസ്കാരവുമെല്ലാം മൃതദേഹങ്ങളുടെ അവകാശങ്ങളാണ്. - ഡോക്ടർ പറയുന്നു. ഈ ആശയം മുറുകെപ്പിടിച്ചാണ് ഓരോ പോസ്റ്റുമോർട്ടവും നടത്തിയിട്ടുള്ളത്. പോസ്റ്റ്മോർട്ടം എന്നതു മരണത്തിനു ശേഷം മാത്രം നടക്കുന്ന കാര്യമായിട്ടല്ല കാണേണ്ടത്. മരണത്തിനു മുന്പുള്ള കാര്യങ്ങൾകൂടി ചേരുന്പോഴാണ് പോസ്റ്റുമോർട്ടത്തിനു പൂർണത വരുന്നത്. ഇതാണ് മിക്കപ്പോഴും കേസുകളിൽ നിർണായകമാകുന്നതും.
തുന്പു തേടി പോകേണ്ട
കേസുകൾക്കു തുന്പുണ്ടാക്കുക എന്നതിൽ കവിഞ്ഞു പോസ്റ്റുമോർട്ടത്തിൽ ആത്മാർഥത കാണിക്കുക, അതാണ് ഒരു ഫോറൻസിക് സർജന്റെ ഏറ്റവും പ്രധാന ദൗത്യം. അങ്ങനെ ചെയ്താൽ അതു കേസുകൾക്കും തുണയാകും. ഫോറൻസിക് പഠനമെന്നാൽ ശവംകീറിയുള്ള ശസ്ത്രക്രിയ മാത്രമല്ല, കേസുകളിലെ അഭിപ്രായ തെളിവുകളാണ്.- യഥാർഥ തെളിവുകൾക്കു മുന്നിലെ അടിസ്ഥാന നിഗമനങ്ങൾ.
2000 ജനുവരി 16ന് ട്രെയിൻതട്ടി മരിച്ചയാളുടെ പോസ്റ്റുമോർട്ടമാണ് പാലക്കാട്ടെത്തിയപ്പോൾ ആദ്യം നടത്തിയത്. പിന്നീട് സമൂഹത്തിലെ പ്രമുഖരുടേതടക്കം നിരവധി പോസ്റ്റുമോർട്ടങ്ങൾ. പ്രകൃതി ദുരന്തങ്ങളും കോവിഡ് പോലുള്ള സാമൂഹ്യദുരന്തങ്ങളും അസ്വാഭാവിക മരണങ്ങളുമടക്കം ജീവിതത്തിനു മുന്നിലൂടെ കടന്നുപോയവ എണ്ണിയാൽ തീരില്ല.. പ്രകൃതിദുരന്തങ്ങളിൽപ്പെട്ടവരുടെയും മറ്റും മൃതദേഹങ്ങൾ കൂട്ടത്തോടെയാണ് വരിക. കൂടുതൽ നേരം വച്ചിരിക്കാനാകില്ല.
നിശ്ചിത സമയത്തിനുള്ളിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുകൊടുക്കേണ്ടിവരും. ഒരു മിനിറ്റ് പോലും വിശ്രമിക്കാതെ ചിലപ്പോൾ ജോലി ചെയ്യേണ്ടി വരും. ശ്രീകൃഷ്ണപുരത്ത് മിന്നലേറ്റ് ഏഴു പേർ മരിച്ച സംഭവവും ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരുടെ മൃതദേഹങ്ങളുടെ കണക്കുകളുമെല്ലാം ഡോക്ടർ ഓർമിച്ചെടുത്തു. സാധാരണ ഒരു മനുഷ്യന് ഒട്ടും പൊരുത്തപ്പെടാനാവാത്ത അന്തരീക്ഷത്തിൽ ആത്മാർഥതയോടെ ജോലി ചെയ്യുകയെന്നതാണ് ഫോറൻസിക് സർജന്റെ നിയോഗം.
തിരക്കൊഴിയാതെ...
ജില്ലയിൽ ആകെയുള്ളൊരു പോലീസ് സർജനു തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. പലപ്പോഴും കുടുംബസമേതമുള്ള വിനോദയാത്രകൾ പോലും വെട്ടിച്ചുരുക്കേണ്ടി വന്നിട്ടുണ്ട്. തിരക്കിനിടയിലും പഠനത്തിനും പഠിപ്പിക്കാനും ഗവേഷണത്തിനും സമയം കണ്ടെത്തി. ഇതാണ് പലപ്പോഴും സംസ്ഥാനത്തിന്റെ മെഡിക്കോ- ലീഗൽ രംഗത്തിനു മുതൽക്കൂട്ടായത്. സർക്കാരിന്റെ മാർഗരേഖകൾ തയാറാക്കിയതിനു പുറമേ വിവിധ കോണ്ക്ലേവുകളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചു. സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളജുകളിലും അധ്യാപകനായി. കോഴിക്കോട്ടെ സംസ്ഥാന ഹെൽത്ത് ആൻഡ് ഫാമിലി ഇൻസ്റ്റിറ്റ്യൂട്ടിലും കൊച്ചിയിലെ ജുഡീഷൽ അക്കാദമിയിലും പോലീസ് അക്കാദമിയിലുമെല്ലാം ക്ലാസുകളെടുത്തു. ഭോപ്പാലിലെ നാഷണൽ ജുഡീഷൽ അക്കാദമിയിലും ക്ലാസെടുത്തിട്ടുണ്ട്.
മറയൂരിൽ മറഞ്ഞിരുന്നത്
എറണാകുളം പറവൂർ അയ്യന്പിള്ളി സ്വദേശിയായ ഡോക്ടർ ഗുജ്റാൾ 1999ൽ പാലക്കാട്ട് ചാർജെടുത്തതു മുതൽ പാലക്കാട് ടൗണിൽ തന്നെയാണ് സ്ഥിരതാമസം. പറവൂർ മറ്റപ്പിള്ളി സെന്റ് ജോണ്സ് എൽപി സ്കൂൾ, കുഴുപ്പിള്ളി മാർ ഗ്രിഗോറിയോസ് യുപി സ്കൂൾ, പറവൂർ ഗവ. ബോയ്സ് സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. മാല്യങ്കര എസ്എൻഎം കോളജിൽ പ്രീഡിഗ്രി പൂർത്തിയാക്കി. ആലുവ യുസി കോളജിൽ രണ്ടാംവർഷ ബിഎസ്സി കെമിസ്ട്രി പഠിക്കുന്പോഴാണ് എൻട്രൻസ് ലഭിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ 1982ൽ എംബിബിഎസിനു ചേരുന്നത്.
തുടർന്ന് കോഴിക്കോട്ടും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും സ്വകാര്യ പ്രാക്ടീസ് ചെയ്തു. 1994ലാണ് ഇടുക്കി മറയൂരിൽ അസിസ്റ്റന്റ് സർജനും മെഡിക്കൽ ഓഫീസർ ഇൻ- ചാർജുമായി സേവനം തുടങ്ങിയത്. ഇവിടത്തെ രണ്ടുവർഷത്തെ സേവന കാലയളവിലുണ്ടായ ചില സംഭവങ്ങളും പോസ്റ്റുമോർട്ടത്തിന്റെ സംവിധാനക്കുറവുമാണ് ഗുജ്റാളിനെ ഫോറൻസിക് പഠനത്തിലേക്കു വഴിതിരിച്ചുവിട്ടത്.
ഗുരുവേ നമഃ
കോഴിക്കോട് മെഡിക്കൽ കോളജിൽ 1996ൽ ഫോറൻസിക് പഠനത്തിനായി ചേർന്നു. പലരും പഠിക്കാൻ വിമുഖത കാണിച്ച വിഷയമായിരുന്നു ഫോറൻസിക് സയൻസ്. ചേർന്ന പലരും പാതിവഴിയിൽ പഠനം നിർത്തുന്ന അവസ്ഥ അന്നു കാലത്തുണ്ടായിരുന്നു. മെഡിക്കൽ കോളജിലെ പ്രഫസർ ഡോ. ചന്ദ്രൻ എന്ന ഗുരുനാഥൻ പഠനകാലയളവിൽ എല്ലാവർക്കും വിസ്മയമായിരുന്നു.
കുട്ടികളെ ചേർത്തുനിർത്തിയ അദ്ദേഹത്തിന്റെ ഇടപെടലുകളാണ് അന്നുമുതൽ ഇന്നുവരെ തന്റെ ഫോറൻസിക് സപര്യയ്ക്കു താങ്ങുംതണലുമായുള്ളതെന്നു ഡോ. ഗുജ്റാൾ പറയുന്നു. 1999ൽ ഫോറൻസിക് എംഡി പഠനവും പൂർത്തിയാക്കി. എന്നും രാവിലെ പ്രാർഥിച്ചിട്ടേ വീട്ടിൽനിന്ന് ഇറങ്ങാറുള്ളു. പ്രാർഥനകളിലെന്നും ഗുരുനാഥന്റെ സ്മരണകളുണ്ടാകും. എല്ലാ ആദരവോടും കൂടി മൃതദേഹത്തെക്കുറിച്ചുള്ള സമഗ്രപഠനം, അതാണ് ഗുരുമുഖത്തുനിന്നു ലഭിച്ചത്. ആ ഗുരുത്വം തന്നെയാണ് എന്നും തന്നെ വഴിനടത്തിച്ചതെന്നും ഡോക്ടർ ഒാർമിക്കുന്നു.
ഗുജ്റാൾസ് മെത്തേഡ്
1999ൽ ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടന്ന ഫോറൻസിക് സയൻസ് അന്താരാഷ്ട്ര കോണ്ക്ലേവിൽ ഡോക്ടർ അവതരിപ്പിച്ച പ്രബന്ധം ഗവേഷകരുടെ ശ്രദ്ധയാകർച്ചിരുന്നു. എയ്ഡ്സ്- എച്ച്ഐവി ബാധിതർക്കിടയിലെ ആത്മഹത്യ എന്ന വിഷയത്തിലായിരുന്നു പ്രബന്ധം. ഈ വിഷയത്തിൽ ഇന്ത്യയിൽ ആദ്യത്തേതും ലോകത്തെ രണ്ടാമത്തെയും പഠനഗവേഷണ പ്രബന്ധമായിരുന്നു ഇത്. പോസ്റ്റുമോർട്ടം ടേബിളിലെ കാഴ്ചകൾക്ക് അപ്പുറം സഞ്ചരിച്ചു വേണം സർജന്റെ റിപ്പോർട്ടുകളെന്നു ഡോ. ഗുജ്റാളിനു നിർബന്ധമുണ്ട്. അതുതന്നെയാണ് ഇദ്ദേഹത്തിന്റെ പഠന റിപ്പോർട്ടുകൾക്കു സംസ്ഥാന- കേന്ദ്ര സർക്കാരുകളും ആരോഗ്യവകുപ്പുകളും അന്താരാഷ്ട്ര ഏജൻസികളും വില കല്പിച്ചതിനു പിന്നിൽ.
2003ൽ സ്ത്രീധന പീഡന ആത്മഹത്യകളെക്കുറിച്ചുള്ള പ്രബന്ധം ഇങ്ങനെയാണ് മികച്ച പഠനങ്ങളുടെ പട്ടികയിൽപ്പെടുന്നത്. 2007ൽ പാലക്കാട്ടുണ്ടായ കുഴഞ്ഞുവീണു മരണം സൂര്യാഘാതം മൂലമാണെന്നു പോസ്റ്റുമോർട്ടത്തിലൂടെ സ്ഥിരീകരിച്ചതും ഇദ്ദേഹത്തിന്റെ റിപ്പോർട്ടിലൂടെയായിരുന്നു. പിന്നീട് 18 മുതൽ അന്പതു വയസുകാർക്കിടയിലെ പെട്ടെന്നുള്ള കുഴഞ്ഞുവീണു മരണങ്ങളെ സംബന്ധിച്ചും പ്രബന്ധമിറക്കി. സ്വന്തമായി പുസ്തകം എഴുതിയിട്ടില്ലെങ്കിലും നിരവധി പഠന ഗവേഷണ പ്രബന്ധങ്ങൾ ഹെൽത്ത് മാഗസിനുകളിൽ ഇപ്പോഴും പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.
സംസ്ഥാനത്തെ മെഡിക്കോ-ലീഗലിന്റെ സർക്കാരിന്റെയും പോലീസിന്റെയും അവസാന വാക്കാണ് ഡോ.പി.ബി. ഗുജ്റാൾ. സംസ്ഥാനത്തിന്റെ മെഡിക്കോ- ലീഗൽ മാനുവലിന്റെയും മാർഗനിർദേശങ്ങളുടെയും രചയിതാവും ഡോക്ടർ തന്നെ. വർഷങ്ങൾക്കു മുന്പ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഇതേ മാർഗനിർദേശങ്ങളുടെ സ്രഷ്ടാവും ഡോ. ഗുജ്റാളാണ്. ഫോറൻസിക് രംഗത്തെ സഹപ്രവർത്തകരും വിദഗ്ധരുമെല്ലാം ഈ മാർഗനിർദേശങ്ങളെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്.- ഗുജ്റാൾസ് മെത്തേഡ്.
മൃതദേഹങ്ങൾ ഒഴുകുന്നു
കോവിഡ് മഹാമാരിക്കാലം ഡോ. ഗുജ്റാളിനും മറക്കാനാവില്ല. മനുഷ്യബന്ധങ്ങളുടെ വേർപിരിയലുകൾ വേണ്ടത്ര രീതിയിൽ രേഖപ്പെടുത്താതെ പോയ കാലമാണതെന്നു ഡോക്ടർ പറയുന്നു. പല ദിവസങ്ങളിലും മോർച്ചറി നിറഞ്ഞുകവിഞ്ഞു. 30 മൃതദേഹങ്ങൾ വരെ വന്ന ദിവസമുണ്ട്. മൃതദേഹങ്ങളുടെ കോവിഡ് പരിശോധനാഫലം വരാനുണ്ടായ കാലതാമസം മോർച്ചറി പ്രവർത്തനത്തെ അവതാളത്തിലാക്കി. മൃതദേഹങ്ങൾ വയ്ക്കാൻ ഇടമില്ലാത്ത അവസ്ഥ. അതുപോലൊരു വെല്ലുവിളി ആദ്യമായിരുന്നു.
ഒടുവിൽ അടിന്തരമായി കൂടുതൽ ഫ്രീസറുകൾ സ്ഥാപിച്ചു. മൃതദേഹങ്ങൾ കാണാൻ ബന്ധുക്കൾക്ക് അവസരമില്ലാത്ത അവസ്ഥ ദയനീയമായിരുന്നു. പക്ഷേ, അവരുടെ സങ്കടം കണ്ടപ്പോൾ നിഷ്കർഷകൾ ലഘൂകരിച്ചു ബന്ധുക്കൾക്കു സൗകര്യമൊരുക്കിക്കൊടുത്തു. പോസ്റ്റ്മോർട്ടം മാത്രമല്ല, ആളുകൾക്ക് ഉറ്റവരെ ഒരുനോക്കു കാണാനും അന്ത്യകർമങ്ങൾ ചെയ്യാനും മോർച്ചറി മുറ്റം ഒരുക്കേണ്ടി വന്നു. കുറെ ആഴ്ചത്തേക്കു വീട്ടിലേക്കു പോകാൻ പോലും ഡോക്ടർക്കു കഴിഞ്ഞിരുന്നില്ല.
പൂന്തോട്ട കാവൽക്കാരൻ
1999ൽ മാലിന്യക്കുപ്പ ആയിരുന്നെങ്കിൽ 2003 കാലഘട്ടത്തിൽ പാലക്കാട്ടെ മോർച്ചറി പരിസരം പൂന്തോട്ടമായിരുന്നു. പുറത്തേക്കു കൊണ്ടുപോകുന്ന മൃതദേഹങ്ങൾക്കു പനിനീർപ്പൂക്കളുടെ സുഗന്ധം അകന്പടിയായിരുന്നു. വീര്യംകൂടിയ സുഗന്ധ വസ്തുക്കൾ പുരട്ടിയതായിരുന്നില്ല ഈ മൃതദേഹങ്ങൾ! ചേതനയറ്റ ശരീരങ്ങളെ യാത്രയാക്കാൻ മോർച്ചറി വളപ്പിൽ നിറയെ പൂച്ചെടികളുണ്ടായിരുന്നു. 38 ഇനം ചെന്പരത്തിയും വിവിധയിനം റോസാ ചെടികളുമടക്കം നിരവധി പൂച്ചെടികൾ നിറഞ്ഞു നിന്നിരുന്നു ഇവിടെ.
ഇതിനെ പരിചരിക്കാൻ ജീവനക്കാർ ഒപ്പംനിന്നതാണ് ഗുജ്റാൾ എന്ന പൂന്തോട്ട കാവൽക്കാരനു തുണയായത്. ഇവിടെനിന്നു പൂക്കൾ വിറ്റുപോയിരുന്നതായും ഡോക്ടർ ഓർത്തെടുക്കുന്നു. അത്രത്തോളം പൂക്കളുണ്ടായിരുന്നു വളപ്പിൽ. പ്ലാവുകളും മാവുകളുമെല്ലാം വളർന്നതോടെ തണൽ കാരണം പൂക്കൾ കുറഞ്ഞു. പിന്നീട് മോർച്ചറി നവീകരണത്തിന്റെ ഭാഗമായി ഇവയെല്ലാം മാറ്റേണ്ടിയും വന്നു. ഇപ്പോഴുമുണ്ട് ഏറെ പഴക്കമുള്ള മാവുകളും പ്ലാവുമെല്ലാം മോർച്ചറി വളപ്പിൽ.
സേവനരംഗം വിടില്ല
ഇത്രയുംകാലം ജില്ലാ പോലീസിന്റെ നെടുംതൂണുകളിലൊന്നായിരുന്നു ഡോ. ഗുജ്റാൾ. പല കേസുകളിലും നിർണായക തെളിവുകൾ പുനർജനിച്ചത് ഇദ്ദേഹത്തിന്റെ ഉപദേശങ്ങളിൽനിന്നായിരുന്നു. സർവീസിൽനിന്നു വിരമിക്കുകയാണെങ്കിലും എന്നും വിളിപ്പുറത്തുണ്ടാകുമെന്നു ഡോക്ടർ ഉറപ്പുപറയുന്നു. പ്രായമിത്രയായില്ലേ, വിശ്രമത്തിനു പ്രാധാന്യം നൽകേണ്ട സമയമാണ്. തീർച്ചയായും അതിനു സമയം കണ്ടെത്തും. - ഡോക്ടർ ഉപസംഹരിക്കുന്നു. സഹധർമിണി ഡോ. സന്ധ്യ ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ്. വക്കീലായ മകൻ ഗൗതം കൃഷ്ണയ്ക്കും വിദ്യാർഥിയായ മറ്റൊരു മകൻ ഗൗരീഷ് കൃഷ്ണയ്ക്കുമൊപ്പം കൂടുതൽ സമയം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഡോ. ഗുജ്റാൾ.
എം.വി. വസന്ത്