അച്ചപ്പൻ ചേട്ടാ എന്നു വിളിച്ചാൽ പൊട്ടിപ്പൊളിഞ്ഞ ചായക്കടയ്ക്കുള്ളിലെ പുകച്ചുരുളുകൾക്കിടയിൽനിന്ന് ആൾ പുറത്തേക്കു വരും. ഒരു കൈലിമുണ്ട് വേഷം... ഇതൊക്കെ കണ്ട് അയ്യോ അത്താഴപ്പട്ടിണിക്കാരൻ... എന്നാണ് മനസിൽ തോന്നുന്നതെങ്കിൽ തെറ്റി. ആൾ ചെറിയൊരു കോടീശ്വരൻ ആണ്! വമ്പൻ വീടുകളും ആഡംബര കാറും ഫോർ സ്റ്റാർ ഹോട്ടലുമൊക്കെ ഇന്നു കുടുംബത്തിനുണ്ട്. ചായത്തട്ടിൽനിന്ന് അധ്വാനംകൊണ്ട് ജീവിതം പടുത്തുയർത്തിയ മനുഷ്യസ്നേഹിയുടെ കഥ....
ഒരു കുഞ്ഞു ചായത്തട്ട്.., ചായക്കട എന്നു വിളിക്കാൻ പറ്റുമോയെന്നറിയില്ല. തകരഷീറ്റും പ്ലാസ്റ്റിക് പടുതയുമൊക്കെ കുത്തിമറച്ചൊരു സംവിധാനം. ഒറ്റനോട്ടത്തിൽ പഴകിപ്പൊളിഞ്ഞൊരു കുടിൽ... ഇതാണ് കുമ്പളങ്ങിക്കാരൻ അച്ചപ്പൻ ചേട്ടന്റെ സംരംഭം. അച്ചപ്പൻ ചേട്ടാ എന്നു വിളിച്ചാൽ ചായക്കടയ്ക്കുള്ളിലെ പുകച്ചുരുളുകൾക്കിടയിൽനിന്ന് ആൾ പുറത്തേക്കു വരും..
ഒരു കൈലിമുണ്ട് വേഷം... ഇതൊക്കെ കണ്ട് അയ്യോ അത്താഴപ്പട്ടിണിക്കാരൻ... എന്നാണ് നിങ്ങളുടെ മനസിൽ തോന്നുന്നതെങ്കിൽ തെറ്റി. ആൾ ചെറിയൊരു കോടീശ്വരൻ ആണ്! കേട്ടിട്ട് വിശ്വാസം വരുന്നില്ലേ... അച്ചപ്പൻ ചേട്ടന്റെ കഥ കേൾക്കുന്ന ആർക്കും അത്ര പെട്ടെന്നു വിശ്വസിക്കാനാവില്ല. ഒരു ചായത്തട്ടുകാരന്റെ ജീവിതത്തിൽ ഇത്രയൊക്കെ നേടാനും സ്വന്തമാക്കാനും കഴിയുമോയെന്നു പലരും അതിശയപ്പെട്ടേക്കാം.
ഏഴു പതിറ്റാണ്ടുകൾ
67 വര്‍ഷം മുമ്പ് അപ്പന് കാക്കോയെ സഹായിക്കാനായി ചായക്കടയിലേക്ക് എത്തിയ പത്തു വയസുകാരന് അച്ചപ്പനു കുടുംബത്തിന് ഒരു തുണയാകണം എന്ന ചിന്ത മാത്രമായിരുന്നു മനസില്‍. അപ്പന് എടുത്തുകൊടുക്കുന്ന ചായയും പലഹാരങ്ങളും വിളമ്പിയും പാത്രങ്ങള്‍ വൃത്തിയാക്കിയുമൊക്കെ ആ രണ്ടാം ക്ലാസുകാരന് നിന്നു. ഇന്ന് 77-ാം വയസില്‍ കുമ്പളങ്ങി പഴേരിക്കല്‍ അഗസ്റ്റിന് എന്ന കുമ്പളങ്ങിക്കാരുടെ സ്വന്തം അച്ചപ്പന്‍ ചേട്ടന്റെ ജീവിതത്തില്‍ ആ ചായത്തട്ടും കഠിനാധ്വാനവും നല്‍കിയത് വര്‍ണാഭ ജീവിതം.
ആഡംബര വീടുകളും ഹോട്ടലും സ്വന്തമാക്കിയ അച്ചപ്പന്‍ ചേട്ടന് എന്നാൽ, ഒരാള്‍ക്കു ശരിയായിട്ടൊന്നു തല ഉയർത്തി നിൽക്കാൻ പോലുമാവാത്ത ആ ചായക്കട വിടാന്‍ തയാറായിട്ടില്ല. എല്ലാം നേടിയത് ഈ ചായത്തട്ടിൽനിന്നാണ്. അല്പമൊരു മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടായാല്‍ പഴയതെല്ലാം വിട്ട് പുതിയ ജീവിതരീതികൾ തേടുന്നവർക്കു മുന്നിൽ വേറിട്ടുനിൽക്കുകയാണ് ഈ മനുഷ്യൻ.
’ നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അതു നിങ്ങള്‍ക്കു നേടിത്തരാന്‍ വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തു’മെന്ന പൗലോ കൊയ്ലോയുടെ വാക്യം അന്വര്‍ഥമാക്കുന്ന രീതിയിലാണ് അച്ചപ്പന്റെ ജീവിതം.
ചരിത്രം പറയുന്ന ചായത്തട്ട്
കുമ്പളങ്ങി കണ്ടത്തിപ്പറമ്പ് ശ്രീ ഭുവന്വേശ്വേരി ക്ഷേത്രത്തിനു സമീപത്തെ ടാര്‍പായ മേഞ്ഞ കടയിലേക്കു കയറണമെങ്കില്‍ ആര്‍ക്കുമൊന്നു തല കുനിക്കേണ്ടിവരും. അതാണ് അച്ചപ്പന്‍ ചേട്ടന്റെ സൗഭാഗ്യങ്ങളുടെ ഉറവിടം. അകത്തേക്കു കയറുന്പോൾ ആദ്യം കാണുന്നത് വിള്ളലുകള്‍ വീണ ഇഷ്ടികഭിത്തിയിലെ യേശുവിന്റെ ഫോട്ടോയാണ്. അതിന് 55 വര്‍ഷം പഴക്കമുണ്ട്. പാരമ്പര്യ ചായക്കടക്കാരാണ് അച്ചപ്പന്‍ ചേട്ടന്റെ കുടുംബം. അപ്പാപ്പന് ജോസഫിനു കുമ്പളങ്ങി വടക്കേ പളളിയുടെ അടുത്തു ചായക്കടയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ കാലശേഷം അവിടെനിന്ന് അല്പം മാറി അമ്പലത്തിന് അടുത്തായി 1955ല്‍ അച്ചപ്പന്റെ അപ്പന് കാക്കോ ചായക്കട തുടങ്ങി. 1960ലാണ് രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ അച്ചപ്പന്‍ ചേട്ടന് അപ്പന്റെ സഹായിയായി ചായക്കടയില്‍ എത്തിയത്. അപ്പന്റെ കാലശേഷം ചായക്കട പൂര്‍ണമായി ഏറ്റെടുത്തു. ഒരണയ്ക്കു ചായ കിട്ടിയിരുന്ന അക്കാലത്തു പുട്ടും വെള്ളേപ്പവും പഴമ്പൊരിയുമൊക്കെ നല്കി അച്ചപ്പന്‍ ചേട്ടന് കുമ്പളങ്ങിക്കാരുടെ മനസ് കീഴടക്കി.
സൗഭാഗ്യമായി ഗോസ്മി
1970ല്‍ കുമ്പളങ്ങിക്കാരിയായ മേരി ഗോസ്മി ജീവിതസഖിയായി എത്തിയതോടെ ജീവിതം കൂടുതല്‍ പച്ചപിടിച്ചു. സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത ഇരുവരുടെയും താമസം രണ്ടു മുറികള്‍ മാത്രമുള്ള കൊച്ചു ചായക്കടയിലേക്കു മാറ്റി. പിന്നീട് കഠിനാധ്വാനത്തിന്റെ ദിനങ്ങൾ. ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ നാലിന് ഉണര്‍ന്നു കടയിലെ കാര്യങ്ങള്‍ നോക്കാന്‍ ഗോസ്മിയും മുന്നില്‍നിന്നു.
ഗോസ്മി ഉണ്ടാക്കിയിരുന്ന അരികൊണ്ടുള്ള പൊങ്ങപ്പം ആയിരുന്നു അക്കാലത്തെ സ്പെഷല്‍ വിഭവം. കുമ്പളങ്ങിയിലെ മറ്റൊരു കടയിലും കിട്ടാത്ത ഈ അപ്പത്തിന്റെ രുചി അറിയാന്‍ നിരവധിപ്പേര്‍ ഇവിടേയ്ക്ക് എത്തി. പുലർച്ചെ അഞ്ചിനു തുറക്കുന്ന ചായക്കട അടയ്ക്കുമ്പോള്‍ രാത്രി ഒമ്പതാകും.
അന്നു കുമ്പളങ്ങിയിലേക്ക് എത്തണമെങ്കില്‍ പാലം ഇല്ലായിരുന്നു. കടത്ത് ഇറങ്ങാനായി നടന്നു പോയിരുന്നവരെല്ലാം അച്ചപ്പന്‍ ചേട്ടന്റെ കടയിലെ കസ്റ്റമേഴ്സായി. ഇന്നും കുമ്പളങ്ങിക്കാര്‍ പ്രത്യേകം പറയാറുള്ള ഗോസ്മി ചേച്ചിയുടെ സ്പെഷല്‍ വെള്ളേപ്പമായിരുന്നു ചായക്കടയിലെ മറ്റൊരു വിഭവം. കടയില്‍നിന്ന് അന്നൊക്കെ പ്രതിദിനം നൂറു രൂപ വരുമാനം കിട്ടുമായിരുന്നു. അന്നും ഇന്നും ആര്‍ഭാട ജീവിതം ഇല്ലായിരുന്ന അച്ചപ്പന്‍ അതില്‍നിന്നു പണം മിച്ചം വച്ചു.
അധ്വാനത്തിന്റെ ദിനങ്ങൾ
അച്ചപ്പനും ഭാര്യയും 16 മണിക്കൂര്‍ വരെ ജോലി ചെയ്തു. ഇതിനിടയില്‍ ഇവര്‍ക്കു മൂന്നു മക്കളും പിറന്നു. മൂത്ത മകള്‍ ഷീബ, ഇളയ ആണ്മക്കളായ ഷീജനും നിക്സനും. താന്‍ പഠിച്ചിട്ടില്ല, അതുകൊണ്ട് തന്റെ അവസ്ഥ മക്കള്‍ക്ക് ഉണ്ടാകരുതെന്ന ഉറച്ച തീരുമാനം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടു മക്കളെ ഡിഗ്രി വരെ പഠിപ്പിച്ചു. കൊച്ചുമുറിക്കടയില് പത്തു വര്‍ഷം താമസിച്ച ശേഷം കടയില്‍നിന്ന് അല്പം മാറി മൂന്നര സെന്റ് സ്ഥലം വാങ്ങി വാര്‍ക്ക വീട് വച്ചു.
മകളെ വിവാഹം ചെയ്ത് അയച്ചു. ഇതിനെല്ലാമുള്ള സമ്പാദ്യം ചായക്കടയാണ് നൽകിയത്. ആണ്മക്കള് ജോലിക്കാര്‍ ആയതോടെ അച്ചപ്പന്റെ ജീവിതത്തോണി സുഗമമായി ഒഴുകാന്‍ തുടങ്ങി. മകന് ഷീജനു പ്രൈവറ്റ് ബാങ്കില്‍ ജോലി ലഭിച്ചു. രണ്ടാമത്തെ മകന് ഒമാന്‍ നേവിയില്‍ ഉദ്യോഗസ്ഥൻ.
അപ്പന്റെ ആഗ്രഹപ്രകാരം കടയ്ക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ വാങ്ങി മക്കള്‍ രണ്ട് ആഡംബര വീടുകള്‍ വച്ചു. മക്കളുടെ അധ്വാനത്തിനൊപ്പം അപ്പന്റെ അധ്വാനത്തില്‍നിന്നുള്ള നല്ലൊരു സമ്പാദ്യംകൂടി അതിനായി വിനിയോഗിച്ചു. ഷീജന് നാലു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നു തോപ്പുംപടിയില്‍ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലും തുറന്നു.
ഇന്നു പലരും ചിന്തിക്കുന്നതിനപ്പുറമുള്ള ആര്‍ഭാട ജീവിതം നയിക്കാൻ സാമ്പത്തിക ശേഷി ഉണ്ടെങ്കിലും നടന്ന വഴിമറക്കാന് ഇദ്ദേഹവും മക്കളും ഒരുക്കമല്ല. സൗഭാഗ്യങ്ങള്‍ സമ്മാനിച്ച ചായത്തട്ട് വിടാന്‍ അച്ചപ്പന്‍ ചേട്ടന് മടിച്ചു. അപ്പന്റെ ആഗ്രഹം അതാണെങ്കില്‍ ചായക്കട തുടരട്ടെയെന്ന് മക്കളും പറഞ്ഞതോടെ അച്ചപ്പനും ഹാപ്പിയായി.
ഭാര്യയെക്കുറിച്ച് നൂറു നാവ്
അമ്പതു വര്‍ഷം സുഖത്തിലും ദുഃഖത്തിലും കൂടെനിന്ന ഭാര്യ ഗോസ്മിയെക്കുറിച്ചു പറയുമ്പോള്‍ അച്ചപ്പന്‍ ചേട്ടന് നൂറു നാവ്. "അയാള്‍ക്കും ആര്‍ഭാടം ഒന്നും ഇഷ്ടമല്ലായിരുന്നു. പത്തു രൂപ കിട്ടിയാല്‍ ഒരു രൂപയെങ്കിലും ഞങ്ങള്‍ മിച്ചം വയ്ക്കും. ഗോസ്മിയും ഒപ്പംനിന്നു കഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഇതൊക്കെ ഉണ്ടായത്. അയാള്‍ കഷ്ടപ്പെടാന്‍ ഒരുക്കമല്ലായിരുന്നെങ്കില്, അനാവശ്യമായി ചെലവാക്കിയിരുന്നെങ്കില്‍ ഒരു മിച്ചവും ഉണ്ടാകുമായിരുന്നില്ല.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22ന് അവള് ഞങ്ങളെ വിട്ടുപോയി. ആ വേര്‍പാട് എനിക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ, മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ആശ്വാസമായി എന്റെ കൂടെയുണ്ട്. അവരുടെ സ്നേഹം കാണുമ്പോള്‍ ഒറ്റപ്പെടലില്ലാതെ ഞാനിങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നു. കഷ്ടപ്പാടും ദുരിതവും നിറഞ്ഞ അമ്പതു വര്‍ഷം അവള് ഒപ്പമുണ്ടായിരുന്നു. ആ കാലത്ത് നല്ലൊരു ജീവിതം നല്കാന് കഴിഞ്ഞില്ല.
അവള് മരിച്ചപ്പോഴെങ്കിലും സുഖമായി കിടക്കട്ടെയെന്നു കരുതി സ്വന്തമായി ഒരു കല്ലറതന്നെ ഞാന്‍ വാങ്ങിക്കൊടുത്തു. (വാക്കുകള്‍ പാതി മുറിഞ്ഞ്, ഭിത്തിയില്‍ തൂക്കിയിരിക്കുന്ന ഭാര്യയുടെ ചിത്രത്തിലേക്കു നോക്കി അച്ചപ്പന്‍ മിഴികള്‍ തുടച്ചു). ഞാന്‍ രണ്ടു നേരം കല്ലറയില്‍ പോകും. വൈകുന്നേരം തിരി കത്തിച്ചു കുറെ നേരം അവിടെനിന്നു പ്രാര്‍ഥിക്കും. ഞങ്ങള്‍ മുഖാമുഖംകണ്ട് ദിവസവും എല്ലാക്കാര്യങ്ങളും പറയും. - പാതിവഴിയില്‍ പിരിഞ്ഞുപോയ പ്രിയതമയുടെ ഓര്‍മകളില്‍ തേങ്ങി അച്ചപ്പന്‍ പറഞ്ഞു.
കടയില്‍ പോകാതെ പറ്റില്ല
ഇപ്പോള്‍ എന്നും രാവിലെ ആറിനു ചായക്കട തുറന്നു വൈകിട്ട് ആറിന് അടയ്ക്കും. ചായയ്ക്കൊപ്പം വെള്ളേപ്പം, പുട്ട്, ബീഫ് കറി, കടലക്കറി, വെജ് കുറുമ, പപ്പടം എന്നിവയാണ് പ്രഭാത ഭക്ഷണത്തിന്റെ മെനു. കറിയും വെള്ളേപ്പവും പുട്ടുമൊക്കെ വീട്ടില്‍ വച്ചുതന്നെ മരുമകള്‍ ഡെന്‍സി ഉണ്ടാക്കിക്കൊടുക്കും. വൈകിട്ടത്തേക്കുള്ള പഴമ്പൊരി, ഉണ്ടമ്പൊരി, ഉരുളക്കിഴങ്ങ് ബോണ്ട, സബോള വട എന്നീ ചെറുകടികള്‍ അച്ചപ്പന്‍ ചേട്ടന് കടയില്‍ വച്ചുതന്നെയാണ് ഉണ്ടാക്കുന്നത്. വെള്ളേപ്പത്തിന് ഉള്ള അരിയിടുന്നതും അതു മാവാക്കി ആട്ടിയെടുക്കുന്നതുമെല്ലാം അച്ചപ്പന്‍ ചേട്ടന്‍തന്നെ. രാവിലെ അഞ്ചിന് ഉണരുന്ന ഇദ്ദേഹം ഉറങ്ങുമ്പോള്‍ രാത്രി പതിനൊന്ന്.
പണ്ട് ഒരണയ്ക്കു വിറ്റിരുന്ന ചായയ്ക്കിന്നു പത്തു രൂപ. പലഹാരത്തിന് എട്ടു രൂപയും. എന്നാലും അച്ചപ്പന്‍ ചേട്ടന്റെ ജീവിതചര്യയില്‍ മാത്രം യാതൊരു മാറ്റവും വന്നിട്ടില്ല. "ഞാന്‍ ഇപ്പോഴും ഒരു പഴഞ്ചന്‍ മോഡലാണ്. എനിക്ക് മൊബൈല്‍ ഫോണൊന്നുമില്ല. ഇതുതന്നെ വേഷം. ഷര്‍ട്ട് ഇടാറില്ല.''''- നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.
എറണാകുളം ജില്ല വിട്ട് ഇദ്ദേഹം പുറത്തേക്കു പോയിട്ടില്ല. അതിനുള്ള കാരണവും അദ്ദേഹത്തിന്റെ പക്കലുണ്ട്. "കട അടച്ചിടാന്‍ എനിക്ക് ഇഷ്ടമില്ല. ദുഃഖവെള്ളിയാഴ്ച മാത്രമാണ് എന്റെ കടയ്ക്ക് അവധി. എന്തെങ്കിലും അസുഖം വന്നാല്‍ പോലും അതൊന്നും വകവയ്ക്കാതെ ഞാന്‍ കട തുറക്കും. പിന്നെ എന്റെ മക്കളും കടയിലെത്തി സഹായിക്കും. ഫോർ സ്റ്റാർ ഹോട്ടൽ ഉടമയാണെങ്കിലും മകന് ഷീജന് രാവിലെ കടയില്‍ വന്ന് എന്നും സഹായിക്കും.
ഏഴു കൊച്ചു മക്കളാണ് എനിക്കുള്ളത്. അവരൊക്കെ വന്നാലും ഇവിടെ വന്നു ചെറിയ സഹായമൊക്കെ ചെയ്തുതരും. ഹോം സ്റ്റേകളും ചില കാറ്ററിംഗ്കാരുമൊക്കെ വെള്ളേപ്പത്തിന് ഓര്‍ഡര്‍ നൽകാറുണ്ട്. അപ്പോള്‍ മകള്‍ ഷീബയും സഹായത്തിനെത്തും. അവരൊക്കെ ഈ കടയില്‍നിന്നു വളര്‍ന്നു പോയവരല്ലേ''''- പറയുന്പോൾ ആ കണ്ണുകളിൽ തിളക്കം.
രണ്ടര മീറ്റര്‍ ചായ
അച്ചപ്പന്‍ ചേട്ടന്റെ ചായയടിക്കും പ്രത്യേക സ്റ്റൈലാണ്. ചായക്കപ്പ് രണ്ടര മീറ്റര്‍ ഉയര്‍ത്തി നിന്നനില്‍പ്പില്‍ കറങ്ങിയാണ് ഇദ്ദേഹത്തിന്റെ സ്പെഷല്‍ മീറ്റര്‍ ചായയടി. ഗുണമേന്മയുള്ള ചായപ്പൊടിയേ ഉപയോഗിക്കൂ. ഒരിക്കല്‍ ഇവിടെനിന്നു ചായ കുടിക്കുന്നവർ വീണ്ടും തേടിയെത്തും. ദിവസവും 300 ചായയാണ് വില്പന. മുന്‍ കേന്ദ്രമന്ത്രി പ്രഫ.കെ.വി.തോമസ് കുമ്പളങ്ങിയിലെ വീട്ടിലെത്തിയാല്‍ അച്ചപ്പന്റെ ചായയും ഉണ്ടമ്പൊരിയും കഴിക്കാതെ പോകാറില്ല. കൊച്ചിയിലെത്തുന്ന പല വിദേശികളും അച്ചപ്പന്റെ കട സന്ദര്‍ശിക്കാറുണ്ട്.
1960ല്‍ ബുള്ളറ്റില്‍ കൊച്ചി സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ പത്രപ്രവര്ത്തകന് അറിഞ്ഞുകേട്ട് അച്ചപ്പന്റെ ചായക്കടയിലെത്തി. മീറ്റര്‍ ചായയടികണ്ട് സായിപ്പ് വീഡിയോയെടുത്തു. രാവിലെ വന്ന അദ്ദേഹം വൈകിട്ട് മടങ്ങാന്‍ നേരം അഞ്ഞൂറു രൂപ പാരിതോഷികം നല്കി. വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുന്നവര്‍ പതിവായി ചായ കുടിക്കുന്നതും ഇവിടെനിന്നാണ്. ഏകദേശം പത്തു പേര്‍ക്കു മാത്രം ഇരിക്കാവുന്ന ഈ ചായക്കടയില്‍ കഴിഞ്ഞാഴ്ച വരെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളും സജീവമായിരുന്നു. സാള്‍ട്ട് ആന്‍ഡ് പേപ്പറിലും സൈറ ബാനുവിലും ചായക്കടയും അച്ചപ്പൻ ചേട്ടനും അഭിനയിച്ചിട്ടുണ്ട്.
കാരുണ്യവഴിയിലും സജീവം
വരുമാനത്തില്‍നിന്ന് ഒരു പങ്ക് നിര്ധനരോഗികള്ക്കായും ഇദ്ദേഹം മാറ്റിവച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു കൊല്ലമായി സമീപത്തെ മൂന്നു കിടപ്പുരോഗികള്‍ക്ക് അച്ചപ്പന്‍ ചേട്ടന് നിത്യവും പ്രഭാത ഭക്ഷണം വീട്ടിലെത്തിച്ചു നല്കുന്നു. മരുന്നു വാങ്ങാനായി പണം ചോദിച്ച് ആരെങ്കിലും നിര്ധനരെത്തിയാലും ആവുംവിധം സഹായിക്കും. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കു മക്കളെ ബുദ്ധിമുട്ടിക്കേണ്ടല്ലോ. അതുകൊണ്ടാണ് കട ഇന്നും തുറക്കുന്നത്.
കട സ്വന്തമാക്കാൻ മോഹം
വാടക സ്ഥലത്താണ് ചായക്കട. അന്ന് 7.50 രൂപ വാടക, ഇന്ന് 500 രൂപയായി. ഇടിഞ്ഞു വീഴാറായ കടയും ആ സ്ഥലവും പണം നല്കി വാങ്ങാൻ ചോദിച്ചിട്ടും സാധ്യമായിട്ടില്ല. 67 വർഷത്തെ വല്ലാത്തൊരു ആത്മബന്ധമായതിനാൽ കട വിട്ടുപോകാനും തോന്നുന്നില്ല. സ്ഥലം സംബന്ധിച്ച് ഉടമയുമായി കേസ് കിടക്കുന്നതിനാല്‍ കടയില്‍ കറന്റും ലഭിച്ചിട്ടില്ല. മകന് ഷീജനും ഭാര്യ ഡെന്‍സി മക്കളായ ഷിന്‍സ് അഗസ്റ്റിന് (പൂത്തോട്ട എസ്എന്‍ ലോ കോളജ് വിദ്യാര്‍ഥി), ഷെര്‍ന ഗോസ്മിന് (പ്ലസ്ടു വിദ്യാര്‍ഥിനി, സെന്റ് ആന്റണീസ് സ്കൂള്‍ കച്ചേരിപ്പടി)എന്നിവര്‍ക്കുമൊപ്പമാണ് അച്ചപ്പന്റെ താമസം.
സംസാരിച്ചിരിക്കുമ്പോള്‍ അച്ചപ്പന്‍ ഇല്ലേന്നുള്ള ചോദ്യം പുറത്തുകേട്ട് അദ്ദേഹം പറഞ്ഞു, കട തുറക്കാന്‍ വൈകിയതുകൊണ്ട് അന്വേഷിച്ചുവരുന്നവരാണ്. അതെ, അച്ചപ്പന്‍ ചേട്ടന്റെ ചായ പതിവായി കുടിക്കാറുള്ള 83കാരി മറിയക്കുട്ടി ചേടത്തിയാണ്. കഴിഞ്ഞ് 35 വര്‍ഷമായി രാവിലെയും വൈകിട്ടും അച്ചപ്പന്‍ ചേട്ടന്റെ കടയിലെ ചായയാണ് മറിയക്കുട്ടിയുടെ ശീലം.
"അച്ചപ്പന്റെ കടേന്നു ചായക്കുടിച്ചില്ലെങ്കി തൃപ്തി വരേയേല കൊച്ചേ. കെട്ടിയാന്‍ ഉള്ളപ്പോ മുതലുള്ള ശീലമാണ്. വീട്ടിന്ന് പാല്‍ച്ചായ കിട്ടും. എങ്കിലും ഞങ്ങ കൊറച്ച് പേര്‍ക്ക് അച്ചപ്പന്റെ കടേലെ ചായ കുടിച്ചേ പറ്റൂ. സ്വതസിദ്ധമായ കുമ്പളങ്ങി ശൈലിയില്‍ മറിയക്കുട്ടിച്ചേടത്തി പറഞ്ഞു. ഇനി ഞാന്‍ കടയിലേക്കു ചെല്ലട്ടെ... ലളിതമായ ജീവിതത്തിലെ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥ പറഞ്ഞ് അച്ചപ്പന്‍ ചേട്ടന് നടന്നുനീങ്ങി.
സീമ മോഹന്‍ലാല്‍