എല്ലാ സെമിത്തേരികൾക്കും പല കാലങ്ങളുടെയും ചരിത്രം പറയാനുണ്ടെങ്കിലും പീരുമേട് പള്ളിക്കുന്ന് പള്ളിയിലെ സെമിത്തേരിക്കും കല്ലറകൾക്കും പറയാനുള്ള കഥകൾക്കു കേരള ചരിത്രത്തിൽത്തന്നെ നിർണായക ഇടമുണ്ട്. അവിടെ ശാന്തമായി ഉറങ്ങുന്ന ജോൺ ഡാനിയേൽ മൺറോ എന്ന അതികായനെ നമ്മൾ ഇനിയും വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. ഹൈറേഞ്ചിന്റെ ശില്പി എന്നു വിളിക്കാവുന്ന ജെ.ഡി. മൺറോയുടെ ജീവിതം തേടി ഒരു ചരിത്രാന്വേഷി നടത്തിയ അന്വേഷണ വഴികളിലൂടെ...
ചുറ്റും തലയുയർത്തി നിൽക്കുന്ന കൂറ്റൻ മരങ്ങൾ... നിലയ്ക്കാതെ വീശുന്ന തണുത്ത കാറ്റിന്റെ ചൂളംവിളി കാതുകളിൽ കേൾക്കാം.. വൃക്ഷത്തലപ്പുകളിൽ കുളിർ പെയ്യിക്കുന്ന കോടമഞ്ഞിനെയും തള്ളി നീക്കിയാണ് കാറ്റിന്റെ സഞ്ചാരം. ചുറ്റും നിൽക്കുന്ന വൻ മരങ്ങൾക്കും അവ വേരുറപ്പിച്ചിരിക്കുന്ന ഈ മണ്ണിനും വലിയ കഥകൾ പറയുവാനുണ്ട്. പതിറ്റാണ്ടുകൾക്ക് മുന്പ് ബ്രിട്ടീഷുകാർ നട്ട മരങ്ങൾ ചരിത്രത്തിലേക്കുള്ള വിളക്കുമരം പോലെയാണ് തല ഉയർത്തി നിൽക്കുന്നത്.
വൃക്ഷത്തലപ്പുകൾ തലോടി കടന്നുപോയ ശക്തമായൊരു കാറ്റ് പോകാൻ മടിച്ച് ആ സെമിത്തേരിയിൽ തങ്ങിനിന്നിരുന്ന അവശേഷിച്ചിരുന്ന കോടമഞ്ഞിനെയും താഴ്വാരങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. ഇപ്പോൾ ഇടുക്കി പീരുമേട് പള്ളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ പള്ളിയിലെ സെമിത്തേരി ഏതാണ്ട് മുഴുവനായി മുന്നിൽ തെളിഞ്ഞുവന്നിരിക്കുന്നു. 1869ൽ ബ്രിട്ടീഷുകാർ നിർമിച്ചതാണ് ഈ പള്ളി.
ഈ കബറിടങ്ങളിൽ
എല്ലാ സെമിത്തേരികൾക്കും പല കാലങ്ങളുടെയും ചരിത്രം പറയാനുണ്ടെങ്കിലും പള്ളിക്കുന്ന് പള്ളിയിലെ സെമിത്തേരിക്കും അവിടുത്തെ കല്ലറകൾക്കും പറയാനുള്ള കഥകൾക്ക് കേരളത്തിന്റെ ചരിത്രത്തിൽത്തന്നെ നിർണായക ഇടമുണ്ട്. കാരണം സാധാരണക്കാരല്ല ആ കബറിടങ്ങളിൽ ശാന്തമായി ഉറങ്ങുന്നത്. അവിടെ ഉറങ്ങുന്ന പലരുടെയും ജന്മനാട് ഇതല്ല, എന്നിട്ടും ഈ നാടിനെ നെഞ്ചോടു ചേർത്തു. പലതും പടുത്തുയർത്തി, വികസനപാതകൾ വെട്ടിയൊരുക്കി... അങ്ങനെ ഒരുപിടി പ്രതിഭകളും അധ്വാനികളുമാണ് നിത്യവിശ്രമത്തിന്റെ സുഖസുഷുപ്തിയിൽ ഈ കബറിടങ്ങളിൽ ലയിച്ചുചേർന്നിരിക്കുന്നത്.
പതിറ്റാണ്ടുകൾക്കു മുന്പ് ബ്രിട്ടനിൽനിന്നു കടൽ കടന്നെത്തിയ പ്ലാന്റർമാരുടെ കല്ലറകളെല്ലാം ഇപ്പോൾ ഒരു പുതു തിളക്കത്തിലാണ്. നേരത്തേ വന്നപ്പോഴുള്ള കാഴ്ചകൾ മനസിൽ ഇപ്പോഴും മായാതെയുള്ളതിനാൽ പായലും പൊടിയും പിടിച്ച് അവ്യക്തമായും അനാഥമായുമെന്നപോലെ കിടന്നിരുന്ന കല്ലറകളായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേടുപാടുകൾ പോക്കി കല്ലറകളൊക്കെ മുഖം മിനുക്കിയിരിക്കുന്നു.
31 ബ്രിട്ടീഷുകാർ
വായിക്കാനാവാത്ത വിധം അക്ഷരങ്ങൾ പോലും തേഞ്ഞുമാഞ്ഞു കിടന്നിരുന്ന കല്ലറകൾ പഴമയുടെ ആഢ്യത്വം നഷ്ടമാകാതെ പോളീഷ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. പള്ളിക്കുന്ന് പള്ളിയിലെ വികാരി ഫാ. ലിജു ഏബ്രഹാമിന്റെ ചരിത്രബോധത്തിനും ഉൾക്കാഴ്ചയ്ക്കും നന്ദി. അദ്ദേഹമാണ് ഈ കല്ലറകൾക്കു പുതുമ പകരാൻ മുൻകൈയെടുത്തത്. എന്തിനാണ് ഈ തണുപ്പത്ത് ഈ സെമിത്തേരിയിൽ വന്നിരിക്കുന്നതെന്നായിരിക്കും ഇപ്പോൾ വായനക്കാരുടെ ചിന്ത.
ഇതു വെറുമൊരു സെമിത്തേരിയല്ല, 31 ബ്രിട്ടീഷുകാരെ അടക്കിയ കല്ലറകൾ ഇവിടെയുണ്ട്. നാലു മാസം മുതൽ വയോധികരായവർ വരെ ഇവിടെ നിത്യവിശ്രമത്തിലാണ്. തെക്കനേഷ്യയിലെ ബ്രിട്ടീഷുകാരുടെ സെമിത്തേരികൾ സംരക്ഷിക്കുന്ന ലണ്ടനിലെ BACSA യുടെ (ബ്രിട്ടീഷ് അസോസിയേഷൻ ഫോർ സെമിത്തേരിസ് ഇൻ സൗത്ത് ഏഷ്യ) രജിസ്റ്ററിൽ ഇവിടെ അടക്കം ചെയ്ത മുപ്പത്തിയൊന്ന് വിദേശികളുടെയും പേരുവിവരങ്ങൾ ഉണ്ട്.
കഥ പറയുന്ന കല്ലറ
കല്ലറകളിലൂടെ കണ്ണോടിച്ചു. പേരുകളിൽനിന്നു പേരുകളിലേക്ക്. ഒരു കല്ലറയിൽ കണ്ണുടക്കി, ആവേശത്തോടെ വായിച്ചു, ജോൺ ഡാനിയൽ മൺറോ... ഈ കല്ലറയും അതിലുറങ്ങുന്ന ആളെയും തേടിയാണ് ഈ യാത്ര. ഹൈറേഞ്ചിന്റെ ചരിത്രം മാറ്റിയെഴുതിയ ഒരു അതികായനാണ് നിശബ്ദതയിൽ ശയിക്കുന്നത്. ചരിത്രം പഠിച്ചവർ ഈ കല്ലറയ്ക്കു മുന്നിലെത്തിയാൽ ഹൈറേഞ്ചിനോളം ഉയരമുണ്ട് ആ കല്ലറയ്ക്കെന്നു തോന്നിപ്പോകും.
സ്കോട്ട്ലൻഡിൽ നിന്നുമെത്തി തിരുവിതാംകൂറിൽ വലിയ മാറ്റങ്ങൾക്ക് കളമൊരുക്കിയ ദിവാൻ മൺറോയുടെ കൊച്ചുമകൻ. തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന അർബൻ വിഗോസ് മൺറോയുടെ പുത്രൻ. ഹൈറേഞ്ചിലെ തോട്ടം കൃഷിക്ക് തുടക്കം കുറിച്ചവരിൽ പ്രധാനി. ആദിവാസികൾ മാത്രമുണ്ടായിരുന്ന, കൊടുംകാടായിരുന്ന ഹൈറേഞ്ചിന്റെ ഇന്നത്തെ പുരോഗതിക്കും വികസനത്തിനും തുടക്കം കുറിച്ച ജോൺ ഡാനിയേൽ മൺറോ ഇന്നത്തെ തലമുറയിൽ പലർക്കും അപരിചിതനാണ്.
തോട്ടങ്ങൾ ഉയരുന്നു
മലയരയന്മാരുടെ ഇടയിൽ മിഷൻ പ്രവർത്തനം നടത്താൻ സിഎംഎസ് മിഷനറി ആയിരുന്ന ഹെൻറി ബേക്കർ ജൂണിയറുടെ കോട്ടയത്തുനിന്നു മുണ്ടക്കയത്തേക്കുള്ള വരവാണ് ഇടുക്കിയിലെ തോട്ടം കൃഷിക്കു തുടക്കമിട്ടത്. അദ്ദേഹത്തിനു ശേഷമെത്തിയ ബന്ധുക്കളും പരിചയക്കാരുമായ ഇംഗ്ലീഷുകാരാണ് പീരുമേട്ടിൽ ആദ്യം തോട്ടവ്യവസായം ആരംഭിക്കുന്നത്. ബേക്കറും ബേക്കറിന്റെ സഹോദരന്മാരായ ജോർജ്, റോബർട്ട് എന്നിവരും പിന്നീട് മകൻ ഹാരിയും ഇതിൽ പങ്കാളികളായി.
ആദ്യം കാപ്പിയും പിന്നീട് തേയിലയുമായിരുന്നു കൃഷി. തന്റെ മകൾ ഹെൻറീറ്റയുടെ ഭർത്താവായി ബേക്കർ കണ്ടെത്തിയത് ജോൺ ഡാനിയേൽ മൺറോയെയായിരുന്നു. വളരെ പ്രസിദ്ധമായ മൺറോ കുടുംബത്തിലെ മിടുക്കനായ ചെറുപ്പക്കാരൻ. അങ്ങനെ മൺറോയും തോട്ടം കൃഷിയിൽ പങ്കാളിയായി. പീരുമേട്ടിലെ ആദ്യകാല തോട്ടങ്ങളെല്ലാം ബേക്കർ - മൺറോ കുടുംബക്കാരുടെ വകയായിരുന്നു.
ഹോപ്പ് (Hope), ആഷ്ലി (Ashley), സ്റ്റാഗ് ബ്രൂക്ക് (Stagbrook), ടൈഫോർഡ്(Tyford), വേമ്പനാട് (Vempanad) തുടങ്ങിയ തോട്ടങ്ങളെല്ലാം ഇവരുടേതായിരുന്നു. ഈ കാലഘട്ടത്തിൽ ജോൺ ഡാനിയേൽ മൺറോയാണ് കവിത പോലെ മനോഹരമായ ആഷ്ലി ബംഗ്ലാവ് പണികഴിപ്പിച്ചത്.
ഏലമലക്കാടുകളിലെ വനമേഖലയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ജെ.ഡി. മൺറോയെ 1868ൽ അവിടത്തെ കൃഷിയും വിഭവങ്ങളുടെ ശേഖരണവും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി സൂപ്രണ്ടിന്റെയും മജിസ്ട്രേറ്റിന്റെയും പുതിയ തസ്തികകൾ സൃഷ്ടിച്ച് അവിടെ നിയമിച്ചു. അധികാരിയായി മാറിയതോടെ നാടിനും ഗുണകരമായ നിരവധി പദ്ധതികൾക്കു ചുക്കാൻ പിടിക്കാൻ മൺറോയ്ക്കു സാധിച്ചു.
കൊടുംകാട്ടിലൂടെ യാത്ര
തോട്ടവിഭവങ്ങൾ പീരുമേട്ടിൽനിന്നു പടിഞ്ഞാറോട്ട് കൊണ്ടുപോകാനായി ഒരു കാളവണ്ടിപ്പാത ശരിയാക്കാനും അദ്ദേഹത്തിനു സാധിച്ചു. ഏലപ്പാറ വഴി ചീന്തലാറിനുള്ള റോഡ് വെട്ടിയതും മൺറോയാണ്. അക്കാലത്ത് മന്നാൻമാർ തയാറാക്കിയ പുല്ലുമേഞ്ഞ മുളവീടുകളിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. തിരുവിതാംകൂറിന്റെയും മദിരാശി പ്രസിഡൻസിയുടെയും അതിരുകൾ തീരുമാനിക്കാനുള്ള സർവേയ്ക്കു വേണ്ടി 1877ൽ കൊടുങ്കാടുകൾ കടന്ന് അദ്ദേഹം മൂന്നാറിലെത്തി.
നായാട്ടിലുള്ള താത്പര്യവും ഈ സാഹസികയാത്രയ്ക്കു പ്രേരിപ്പിച്ചു. ഈ യാത്രയുടെ അനുഭവങ്ങൾ ചേർത്ത് അദ്ദേഹം രചിച്ചതാണ് "ദി ഹൈറേഞ്ചസ് ഓഫ് ട്രാവൻകൂർ' എന്ന വളരെ പ്രസിദ്ധമായ ചെറിയ കൃതി. ഇതൊരു റിപ്പോർട്ട് ആണ്. അദ്ദേഹം കണ്ട ഹൈറേഞ്ചിലെ ഭൂപ്രകൃതിയുടെ റിപ്പോർട്ട്. അവിടത്തെ കാലാവസ്ഥയും മണ്ണും മലകളും കൊടുമുടികളും അവയുടെ ഉയരവും നദികളും അവയുടെ ഒഴുക്കും വിവിധതരം വനങ്ങളും ആദിവാസികൾ അടക്കമുള്ള താമസക്കാരും അവരുടെ ജനസംഖ്യയും സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും അതിരുകളുമെല്ലാം ഇതിൽ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.
പൂഞ്ഞാർ കൊട്ടാരത്തിലേക്ക്
നല്ല മഴയുള്ളതും എന്നാൽ, വിലയില്ലാത്തതുമായ മൂന്നാറിലെ മലനിരകൾ കാപ്പി തുടങ്ങിയ കൃഷികൾക്ക് ഏറ്റവും അനുയോജ്യമാണെന്ന് അദ്ദേഹം കണ്ടെത്തി. താൻ കണ്ട മൂന്നാർ മലനിരകളുടെ ഉടമസ്ഥാവകാശം പൂഞ്ഞാർ കോവിലകത്തിനാണെന്നറിഞ്ഞ മൺറോ നേരേ പൂഞ്ഞാർ കൊട്ടാരത്തിലെത്തി. കണ്ണൻദേവൻ കുന്നുകളിൽ കൃഷി ചെയ്യാനുള്ള തന്റെ ആഗ്രഹം അറിയിച്ചു.
അങ്ങനെയാണ് ഹൈറേഞ്ചിന്റെ സാമൂഹിക മാറ്റങ്ങൾക്കു വഴിയൊരുക്കിയ വളരെ പ്രസിദ്ധമായ കണ്ണൻ ദേവൻ കുന്നുകളുടെ പാട്ടക്കരാർ ഉണ്ടാവുന്നത്. 1877 ജൂലൈ 11നാണ് പൂഞ്ഞാർ കോയിക്കൽ കേരളവർമ വലിയരാജാവും ജോൺ ഡാനിയേൽ മൺറോയും തമ്മിൽ ഉടന്പടി ഒപ്പിടുന്നത്. മൺറോയ്ക്കു കാപ്പി കൃഷി ചെയ്യാൻ ഭൂമി നൽകുമ്പോൾ പ്രതിഫലമായി രൊക്കം 5,000 രൂപയും വർഷം തോറും 3,000 രൂപയും നൽകണമെന്നായിരുന്നു വ്യവസ്ഥ. സായിപ്പിനു കൃഷി ചെയ്യാൻ കൊടുത്ത സ്ഥലങ്ങളുടെ അതിരുകളും ഇതിൽ കൃത്യമായി പറയുന്നുണ്ട്.
ഈ കരാറിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം കേരളവർമ രാജാവ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില നിർദേശങ്ങളാണ്. ഈ മലകളിൽ താമസിക്കുന്ന ആദിവാസികൾക്കു കൃഷിക്കും പുതുവൽ പതിവിനും വെള്ളത്തിനും വേണ്ട സ്ഥലം ഒഴിച്ചിട്ടു ബാക്കി സ്ഥലം മാത്രമേ ഉപയോഗിക്കാവൂ എന്നും, ഈ സ്ഥലത്ത് നേരത്തേയുള്ള വഴികൾ, ആറുകൾ, തോടുകൾ എന്നിവയ്ക്കു യാതൊരു മാറ്റവും ഉണ്ടാക്കരുതെന്നും കരാറിൽ പറയുന്നു.
രാജാവിന്റെ പാരിസ്ഥിതിക ബോധത്തിന്റെ അടയാളമാണ് ഈ നിർദേശങ്ങൾ. 1879ൽ ഈ ഉടമ്പടിയിലെ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു ചില നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി മറ്റൊരു കരാറും ഉണ്ടായി. 1883ൽ തന്റെ ഷെയറുകൾ മറ്റു പ്ലാന്റർമാർക്ക് നൽകി മൺറോ പീരുമേട്ടിലേക്കു തിരിച്ചുപോയി. എങ്കിലും അദ്ദേഹം ഒപ്പിട്ട ഈ കരാർ വലിയ മാറ്റങ്ങൾക്കു വഴിതെളിച്ചു.
കുതിരയ്ക്കും കല്ലറ
ജോൺ ഡാനിയേൽ മൺറോ- ഹെൻറീറ്റാ ദമ്പതികൾക്കു ഫ്രാൻസിസ് മേരി, ഏഥൽ മൺറോ, ഇസബൽ ദറോത്തിയ എന്നീ മൂന്നു പെൺമക്കളാണ് ഉണ്ടായിരുന്നത്. 1895ൽ അറുപത്തിമൂന്നാം വയസിൽ ആഷ്ലിയിൽ വച്ചായിരുന്നു മൺറോയുടെ അന്ത്യം. രണ്ടു വർഷം തളർവാതം പിടിച്ചു കിടന്ന ശേഷമാണ് അദ്ദേഹം മരിക്കുന്നത്.
ഏറെ സ്നേഹിച്ചിരുന്ന തന്റെ സന്തതസഹചാരിയായിരുന്ന ഡോണി എന്ന കുതിരയെ അദ്ദേഹത്തിന്റെ നിർദേശപ്രകാരം പള്ളിക്കുന്ന് പള്ളിയുടെ സെമിത്തേരിയിൽത്തന്നെയാണ് അടക്കം ചെയ്തിരിക്കുന്നത്. ഒരു കുതിരയ്ക്കു വേണ്ടിയുള്ള കല്ലറ കേരളത്തിൽ വേറെയുണ്ടോയെന്നറിയില്ല. മൺറോയുടെ മരണ ശേഷം ഭാര്യയായ ഹെൻറീറ്റായും അവരുടെ മരണശേഷം മകളായ ഏഥൽ മൺറോയുമാണ് പിന്നീട് ആഷ്ലിയിലെ തോട്ടങ്ങൾ നോക്കിയിരുന്നത്. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച സമയത്താണ് ഏഥൽ മൺറോ ബ്രിട്ടനിലേക്കു തിരിച്ചുപോയത്.
ജോൺ ഡാനിയേൽ മൺറോയും പിന്നീടെത്തിയ പ്ലാന്റർമാരും തോട്ടംകൃഷി ആരംഭിച്ചതോടെയാണ് കാടായിക്കിടന്ന ഇന്നത്തെ ഇടുക്കി ജില്ല തെളിഞ്ഞു തുടങ്ങിയത്. ഇവർ വെട്ടിയ വഴികളിലൂടെ പിന്നീട് കുടിയേറ്റക്കാർ വന്നതോടുകൂടി ഇടുക്കിയുടെ പല പ്രദേശങ്ങളും ജനപദങ്ങളായി മാറി. ഇടുക്കി പുരോഗതിയുടെ ഹൈറേഞ്ചിലേക്ക് നടന്നുകയറുന്പോൾ ഈ മാറ്റത്തിന്റെ തുടക്കക്കാരനായ ജോൺ ഡാനിയേൽ മൺറോ പള്ളിക്കുന്ന് പള്ളിയിലെ സെമിത്തേരിയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ അന്ത്യവിശ്രമം കൊള്ളുന്നു. മലയാളിയെ മല കയറ്റിയ പ്രതിഭ പക്ഷേ, തന്നെ തിരിച്ചറിയാൻ ഫോട്ടോകളോ ചിത്രങ്ങളോ ഒന്നും ബാക്കിവയ്ക്കാതെയാണ് കടന്നുപോയത്. തന്നെ ഈ നാടിനു തിരിച്ചറിയാൻ ഈ കബറിടംതന്നെ ധാരാളമെന്നു മൺറോ കരുതിയിരുന്നോ?
സുനിൽ സെബാസ്റ്റ്യൻ