വീടിനു സമീപത്തെ വിശാലമായ റബർ തോട്ടത്തിലേക്കു നോക്കിയപ്പോൾ കാഞ്ഞിരപ്പള്ളിക്കാരൻ കറിയാച്ചന്റെ മുഖത്തു നിരാശ പടർന്നു, റബർ വില ഇടിഞ്ഞതോടെ ടാപ്പിംഗ് നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുന്നു, ഒരു കാലത്തു പ്രതാപത്തോടെ നിന്നിരുന്ന റബർ തോട്ടം കാടുകയറിത്തുടങ്ങി. വൈകാതെ കാട്ടുപന്നിയും മറ്റും ഇവിടെ പെറ്റുപെരുകാനും സാധ്യതയുണ്ടെന്നു കേട്ടതോടെ ഉറങ്ങാൻ പോലും കഴിയുന്നില്ല. കാടു വെട്ടിത്തെളിക്കണമെങ്കിൽ ആയിരക്കണക്കിനു രൂപ മുടക്കണം. അഞ്ചു പൈസ പോലും നിലവിൽ വരുമാനമില്ലാത്ത തോട്ടത്തിലെ കാടുവെട്ടിയിട്ട് എന്തു കാര്യം...
നെഞ്ചിനുള്ളിൽ വിങ്ങലുമായി ഈ കർഷകൻ തന്റെ റബർത്തോട്ടത്തിലേക്കു നിരാശയോടെ നോക്കി നിൽക്കുന്പോൾ അങ്ങ് അകലെ വയനാട്ടിലെ പുൽപ്പള്ളിയിൽ ഒരു യുവകർഷകൻ കൈയിൽ ആവി പറക്കുന്ന ഒരു കപ്പുമായി തന്റെ റബർ തോട്ടത്തിലേക്കു നോക്കി പുഞ്ചിരി തൂകുന്നു. എന്താണ് ആ പുഞ്ചിരിക്കു പിന്നിലുള്ള രഹസ്യം? അതറിയണേൽ ആദ്യം ആ കപ്പിലേക്കു നോക്കണം, അതിൽ നിറയെ മനംമയക്കും കാപ്പിയാണ്. ഇനി ആ റബർത്തോട്ടത്തിലേക്കു നോക്കുക, അതിൽ മനംനിറയ്ക്കും കാപ്പിച്ചെടിയാണ്. വെറും കാപ്പിച്ചെടിയല്ല, റബറിന് ഇടയിൽ റോയീസ് സെലക്ഷൻ കാപ്പിച്ചെടികൾ. പേരിൽത്തന്നെ എന്തോ ഒരു പ്രത്യേകത തോന്നുന്നില്ലേ... ആ പ്രത്യേകത ഇന്നു നിരാശയിലാണ്ട നൂറു കണക്കിനു റബർ കർഷകരുടെ മുഖങ്ങളിൽ പുഞ്ചിരി തിരികെ കൊണ്ടുവരികയാണ്.
കാപ്പിക്കപ്പുമായി റബർത്തോട്ടത്തിലേക്കു നോക്കി പുഞ്ചിരിക്കുന്ന വയനാടൻ കർഷകന്റെ പേരാണ് റോയി ആന്റണി. രാജ്യത്ത് സ്വന്തം പേരിൽ ഒരു കാപ്പി ഇനമുള്ള മനുഷ്യൻ. നഷ്ടത്തിന്റെ കഥ പറയുന്ന റബർത്തോട്ടങ്ങളെ വേറിട്ട പരീക്ഷണത്തിലൂടെ നേട്ടത്തിന്റെ പട്ടികയിൽ കയറ്റിയ പ്രതിഭാശാലി. റോയീസ് സെലക്ഷൻ കാപ്പിച്ചെടികൾ കടൽ കടന്നു അബുദാബിയിലെ കൊട്ടാരവളപ്പിൽ വരെ വിളഞ്ഞു തുടങ്ങിയിരിക്കുന്നു.
അപ്പന്റെ വഴിയിൽ
വയനാട് പുൽപ്പള്ളി കവളക്കാട്ട് റോയി ആന്റണിയുടെ കൃഷിയിടം കണ്ടിട്ടുള്ളവരെല്ലാം പറയും, അവിടെ ഒരിഞ്ചു സ്ഥലം പോലും പാഴാക്കി കളഞ്ഞിട്ടില്ല. 1962ൽ തൊടുപുഴ കരിങ്കുന്നത്തുനിന്നു പുൽപ്പള്ളിയിലേക്കു കുടിയേറിയവരാണ് റോയിയുടെ പിതാവ് ആന്റണിയും അമ്മ ബ്രിജിറ്റും. മണ്ണിനെ സഹിച്ചും സ്നേഹിച്ചും നാട്ടിലെ അറിയപ്പെടുന്ന കർഷകനും പൊതുസമ്മതനുമായി ആന്റണി മാറി. പാപ്പച്ചൻ ചേട്ടനെന്നു നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന ആന്റണി വീടിനു സമീപത്തായി നൽകിയ സ്ഥലത്താണ് ഉണ്ണീശോ പള്ളി സ്ഥാപിച്ചിരിക്കുന്നത്.
അപ്പന്റെ പാത പിന്തുടർന്ന് എന്നും രാവിലെ പള്ളിയിൽ പോയതിനു ശേഷമാണ് റോയിയുടെയും കുടുംബത്തിന്റെയും ഒരു ദിവസത്തിന്റെ തുടക്കം. ശാസ്ത്രീയ കൃഷിരീതികളൊന്നും വശമില്ലാതിരുന്ന കാലത്ത് അറിയാവുന്ന രീതിയിലൊക്കെ മണ്ണിനോടും പ്രകൃതിയോടും പൊരുതുകയായിരുന്നു വയനാടൻ ജനതയുടെ രീതി. മിക്കവരും ഏകവിള കൃഷിക്കാർ. കുരുമുളക് ആയിരുന്നു പ്രധാന ഇനം. എന്നാൽ, ഇതു സുരക്ഷിതമായ കൃഷിരീതിയല്ലെന്നു കുരുമുളകിന് ദ്രുതവാട്ടം ബാധിച്ചു കൂട്ടത്തോടെ നശിച്ചപ്പോഴാണ് കർഷകർ തിരിച്ചറിഞ്ഞത്. പാപ്പച്ചൻ ചേട്ടൻ പല പ്ലോട്ടുകളിലായി വിവിധ കൃഷികൾ ചെയ്തിരുന്നതിനാൽ കുരുമുളക് പോയിട്ടും പിടിച്ചുനിന്നു. 29 വർഷം മുന്പ് അപ്പൻ മരിച്ചതോടെയാണ് റോയി കൃഷിയിലേക്ക് ഇറങ്ങുന്നത്.
ഇടവിളയുടെ രാജാവ്
റോയി ആന്റണി ആദ്യം തന്റെ കൃഷിയിടത്തിലേക്ക് ഇറങ്ങിനിന്നു. റബർത്തോട്ടത്തെ ശരിക്കുമൊന്നു പഠിച്ചു. റബറിൽ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാനാവില്ലെന്നു തിരിച്ചറിഞ്ഞു. റബർ നടാനായി ഒരേക്കർ സ്ഥലം മാറ്റിവച്ചാൽ അതിൽ 25 മുതൽ 30 ശതമാനം വരെ സ്ഥലമേ റബറിന് ആവശ്യമുള്ളൂ. റബറിന് ഇടയിലുള്ള ബാക്കി സ്ഥലം വെറുതെ കിടക്കുന്നു. മരത്തിന്റെ ഷേഡ് അല്ലേ എന്തു ചെയ്യാൻ കഴിമെന്നു പലരുടെയും ചോദ്യം.
എന്നാൽ, റോയി ആന്റണി പിന്മാറിയില്ല, ആ അന്വേഷണം റോയിയെ എത്തിച്ചത് തമിഴ്നാട്ടിലെ നീലഗിരിയിലുള്ള കുടുംബവക എസ്റ്റേറ്റിൽ. അവിടെ അറബിക്ക വിഭാഗത്തിൽപ്പെട്ട ഒരിനം കാപ്പിച്ചെടി കൃഷി ചെയ്തിരുന്നു. 30 ശതമാനം മുതൽ 80 ശതമാനം വരെ ഷേഡിലും ഇതു നന്നായി വളരുന്നതു കണ്ടതോടെ റോയിയിലെ ഗവേഷകൻ ഉണർന്നു. വയനാട്ടിലെ റബർത്തോട്ടത്തിൽ ഇടവിളയായി ഇതൊന്നു പരീക്ഷിക്കാൻ തീരുമാനിച്ചു. റോയി എന്ന കർഷകന്റെ ജീവിതംതന്നെ മാറ്റിമറിച്ച കാർഷിക പരീക്ഷണത്തിന്റെ തുടക്കമായിരുന്നു അത്. റോയി തെരഞ്ഞെടുത്ത കാപ്പി ഇനം വയനാട്ടിലെ റബർത്തോട്ടത്തിന്റെ മുഖംതന്നെ മാറ്റി.
റോയീസ് സെലക്ഷൻ
ഈ അറബിക്ക ഇനത്തിനു പല പ്രത്യേകതകളുണ്ടായിരുന്നു. അരയ്ക്കൊപ്പം മാത്രം പൊക്കംവയ്ക്കുന്നതിനാൽ പരിചരണവും വിളവെടുപ്പും വളരെ എളുപ്പം. റബർ ടാപ്പിംഗിനു തടസമുണ്ടാക്കുന്നില്ല. സാധാരണ അറബിക്ക മൂന്നു നാലോ വർഷം കഴിഞ്ഞു രോഗം ബാധിച്ചു നശിക്കാനൊക്കെ സാധ്യതയുള്ളപ്പോൾ പത്തും പതിനഞ്ചും വർഷമായിട്ടും യാതൊരു കുഴപ്പവുമില്ലാതെ ഈ കാപ്പിച്ചെടികൾ റബർത്തോട്ടത്തിൽ നിറഞ്ഞുനിന്നു. വലിപ്പം കൂടിയ കുരു, അതിനാൽ കൂടുതൽ വില. ഒരേക്കർ റബർ തോട്ടത്തിൽ 1500 മുതൽ 1800 തൈകൾ വരെ നടാം.
കാപ്പിയിൽനിന്നു മാത്രം വർഷം രണ്ടു ലക്ഷത്തിലേറെ രൂപ അധികമായി നേടാം. റബർത്തോട്ടത്തിൽ വർഷത്തിൽ രണ്ടു തവണയെങ്കിലും നടത്തേണ്ടി വന്നിരുന്ന കാടുവെട്ടിത്തെളിക്കലും ഇതോടെ ഒഴിവായി. വളപ്രയോഗവും ഒന്നിച്ചുമതി. റോയിയുടെ കാപ്പി ഇനവും റബർത്തോട്ടത്തിലെ കൃഷിയും ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു.അങ്ങനെ നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷൻ കാപ്പിക്കൃഷി കാണാനെത്തി. റോയി താരമാക്കിയ കാപ്പിച്ചെടി ഇനത്തിന് "റോയീസ് സെലക്ഷൻ' എന്ന പേരും അവർ നൽകി.
ഇതോടെ കാപ്പിത്തൈകൾ തേടി അന്വേഷണങ്ങളെത്തി. അങ്ങനെ കാപ്പിത്തൈകൾക്കായി നഴ്സറി തുടങ്ങി. കാപ്പിത്തൈകൾ പ്ലാന്റ് ചെയ്തുകൊടുക്കണമെന്ന ആവശ്യവുമായി പലരുമെത്തി. കാപ്പിയുടെ രുചി റോയിയുടെ കുടുംബത്തിന്റെ ജീവിതത്തിലെന്പാടും രുചി പകർന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലുമൊക്കെ ഇന്നു റോയീസ് സെലക്ഷൻ കാപ്പിച്ചെടികൾ പലർക്കും പുതുകാർഷിക സ്വപ്നങ്ങൾ സമ്മാനിക്കുന്നു.
നഷ്ടത്തിനു വിടരുത്
നഷ്ടമാണെന്നു കരുതി റബർത്തോട്ടം കാടുകയറാൻ വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് റോയിയുടെ പക്ഷം. ഇടവിളയായി കാപ്പിച്ചെടി വച്ചാൽ സ്ഥിരവരുമാനം ഉറപ്പാക്കാം. കാപ്പിക്കു പകരം കാപ്പി മാത്രമെന്നതിനാൽ എല്ലാക്കാലത്തും ഒരു ശരാശരി വില കിട്ടുന്ന ഉത്പന്നമാണ് കാപ്പി. റബറിൽനിന്നു മാത്രം കിട്ടുന്ന വരുമാനം വച്ചു തോട്ടം പരിരക്ഷിക്കാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും കഴിയില്ല. ഒരു വിളയിൽ മാത്രം ആശ്രയിക്കുന്ന രീതി കർഷകർ ഉപേക്ഷിക്കണം.
റബറിനു മാത്രമല്ല, തെങ്ങിനും കവുങ്ങിനുമെല്ലാം ഇടവിള കൃഷികൾ ചെയ്തു വരുമാനം കണ്ടെത്തുന്നതാണ് റോയിയുടെ രീതി. അതിന്റെ കൺകുളിർക്കുന്ന കാഴ്ചയാണ് അദ്ദേഹത്തിന്റെ ഇരുപതേക്കർ വരുന്ന കൃഷിയിടം. മാതളം, ഒാറഞ്ച്, പപ്പായ, മുരിങ്ങ, കാന്താരി, മഞ്ഞൾ, ചേന്പ്, കുരുമുളക്, നെല്ല്, തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, നാലു തരം വാഴ, കൊക്കോ, റംബുട്ടാൻ, ലിച്ചി, പുലാസാൻ, പേര, ചാന്പ, പാഷൻ ഫ്രൂട്ട്, അവക്കാഡോ തുടങ്ങി റോയിയുടെ കൃഷിയിടത്തിൽ വിളയാത്തതൊന്നുമില്ല. കവുങ്ങിനിടയിൽ ചേന, കപ്പ, ചോളം, പയർ ഇടവിളയായുണ്ട്. മാങ്കോസ്റ്റിൻ പ്ലാന്റേഷനിൽ ഷേഡ് കിട്ടാൻ കവുങ്ങ് നട്ടിട്ടുണ്ട്. പുതയിടാൻ, കയർ ഫാക്ടറിയിലെ വേസ്റ്റ് ആയിവരുന്ന ബേബി ഫൈബർ ഉപയോഗിക്കുന്നു.
വരൾച്ചയിലും തളരാതെ
കേരളത്തിൽത്തന്നെ ഏറ്റവും കുറച്ചു മഴ പെയ്യുന്ന പ്രദേശത്താണ് തന്റെ കൃഷിയിടമെന്ന് റോയി പറയുന്നു. വരൾച്ചയെയും ജലക്ഷാമത്തെയും അരയേക്കർ കുളവും മഴവെള്ള സംഭരണിയായി ഡാമും തീർത്താണ് ഈ കർഷകൻ നേരിടുന്നത്. പശു, ആട്, കോഴി, കരിങ്കോഴി, താറാവ്, മുയൽ, ജോടിക്ക് ആറായിരം രൂപ വിലയുള്ള കൊളംബിയൻ രമ എന്നിവയെല്ലാം ഇന്ന് ഈ കൃഷിയിടത്തിലുണ്ട്. പച്ചക്കറിക്കൃഷി കണ്ടാൽ ആരും നോക്കിനിന്നു പോകും.
അനേകം ഒറ്റമൂലി മരുന്നുകളും 18 ഇനം ഞാവലുകളും ഇവിടുണ്ട്. തേനീച്ച വളർത്തൽ, ഫാം കൾച്ചർ, നഴ്സറി എന്നിവയെല്ലാം ഈ ഫാമിനു മാറ്റുകൂട്ടുന്നു. കാർബൺ നെഗറ്റീവ് ഫാമിംഗ് നടപ്പാക്കിയിരിക്കുന്നതിലൂടെ തികച്ചും പ്രകൃതിദത്ത ഉത്പന്നങ്ങളാണ് ഇവിടെ വിളയുന്നത്. ഒാർഗാനിക് സർട്ടിഫൈഡ് കർഷകൻ കൂടിയാണ് റോയി ആന്റണി. നഴ്സറിയിൽ അടക്കം മുപ്പതോളം സ്ഥിര ജോലിക്കാരുണ്ട്. കാപ്പി പ്ലാന്റേഷൻ ചെയ്തുകൊടുക്കാൻ 20 പേർ വീതമടങ്ങുന്ന നാലു ടീമുകൾ വേറെയും.
മാനന്തവാടി രൂപതയുടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ ബയോവിൻ ക്ലസ്റ്ററുകളിൽ 15,000ലേറെ അംഗങ്ങളുണ്ട്. ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ എളുപ്പത്തിൽ വിപണനം നടത്താൻ ഈ ശൃംഖല ഏറെ സഹായകമാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പുതുസംരംഭങ്ങൾ
കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ടീം പ്ലാന്റേഴ്സ് എന്ന എക്സ്പോർട്ടിംഗ് കമ്പനി കർഷക കൂട്ടായ്മയിൽ ആരംഭിച്ചിട്ടുണ്ട്. അതുപോലെതന്നെ കോഫി വേവ്സ് എന്ന കോഫിഷോപ്പ് ശൃംഖലയ്ക്കും തുടക്കമാവുകയാണ്. എറണാകുളത്തും കോഴിക്കോട്ടും ഉടനെ ലോഞ്ച് ചെയ്യും. കോഫി പൗഡറും കാപ്പിയും അടക്കം കിട്ടുന്ന ഷോപ്പുകളായിരിക്കും ഇവ. കാർഷിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ അഗ്രികൾച്ചറൽ ഇൻഫാസ്ട്രക്ചർ ഫണ്ട് (എഐഎഫ്) ആണ് ഈ പദ്ധതിക്കു സാന്പത്തിക സഹായം നൽകുന്നത്.
കേരളത്തിലെവിടെ ഉത്പാദിപ്പിച്ച കാപ്പിക്കരുവും എത്ര കുറഞ്ഞ അളവിലും ഇടനിലക്കാരില്ലാതെ വാങ്ങാനും ഇവരുടെ കന്പനി തയാർ.ഇതിനിടയിലാണ് അബുദാബി പാലസിന്റെ ഫാമിലേക്കു മികച്ച കാപ്പിച്ചെടി ഇനം തേടി ഇന്ത്യയിലേക്ക് അന്വേഷണമെത്തിയത്. ഒടുവിൽ അവർ റോയീസ് സെലക്ഷനിലെത്തി നിന്നു. അബുദാബിയിൽനിന്നു പ്രത്യേക സംഘം റോയിയുടെ തോട്ടത്തിലെത്തി പഠനം നടത്തി.
എട്ടു വർഷം പ്രായമായ വിളവെടുത്തുകൊണ്ടിരിക്കുന്ന ചെടികളാണ് അവർ തെരഞ്ഞെടുത്തത്. അങ്ങനെ 64 ലോറികളിലായി നെടുന്പാശേരിയിൽ എത്തിച്ച 2,400 റോയീസ് സെലക്ഷൻ കാപ്പിച്ചെടികൾ ഇന്ന് അബുദാബി പാലസ് ഫാമിൽ വിളഞ്ഞുനിൽക്കുന്നു. കാർഷികരംഗത്തെ ഇസ്രയേൽ ടെക്നോളജിയുടെ നേർക്കാഴ്ച ഇവിടെ കാണാമെന്ന് റോയി പറയുന്നു.
വയനാടും അബുദാബിയും
വയനാട്ടിലെ റോയിയുടെ കൃഷിത്തോട്ടത്തിലെ അതേ കാലാവസ്ഥയാണ് അബുദാബിയിലെ ഫാമിൽ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നത്. അതായത് വയനാട്ടിലെ തോട്ടത്തിൽ തണുപ്പ് ആയിരിക്കുന്പോൾ അതേ തണുപ്പായിരിക്കും അബുദാബിയിലെ കാപ്പി ഫാമിലും. ചൂട് ആയിരിക്കുന്പോൾ അതേ ചൂടും. ഗൂഗിൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒാട്ടോമാറ്റിക് ആയി ഇതു മാറും. ചുരുക്കിപ്പറഞ്ഞാൽ വയനാട്ടിൽ എങ്ങനെ വളരുന്നോ അതേ രീതിയിലാണ് അബുദാബിയിലും ചെടികൾ പരിരക്ഷിക്കപ്പെടുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലുംതന്നെ കാപ്പി ഇതിനകം പ്ലാന്റ് ചെയ്തിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
തീരപ്രദേശ സ്വഭാവമുള്ള അങ്കമാലിയിൽ പോലും ഇവർ കാപ്പി പ്ലാന്റേഷൻ നടത്തിക്കഴിഞ്ഞു. കവടിയാർ കൊട്ടാരത്തിന്റെ ആസ്പിൻവാൾ കന്പനിയുടെ ഉടമസ്ഥതയിൽ കരുവാരക്കുണ്ടിലുള്ള 3,000 ഏക്കർ റബർ എസ്റ്റേറ്റിൽ റോയീസ് സെലക്ഷൻ കാപ്പി നട്ടുകൊടുക്കാനുള്ള കരാറും ഈ കർഷകനെ തേടിയെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കാപ്പി കയറ്റുമതിക്കാരാണ് ആസ്പിൻവാൾ കന്പനി.
അംഗീകാരങ്ങൾ
കാർഷികരംഗത്തെ മികവ് നിരവധി അംഗീകാരങ്ങളും റോയിക്കു നേടിക്കൊടുത്തിട്ടുണ്ട്. 2023ലെ സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ പുരസ്കാരം, ഐസിഎആറിന്റെ മില്യണയർ ഫാർമർ ദേശീയ അവാർഡ്, ഇൻഫോസിസിന്റെ അക്ഷയശ്രീ അവാർഡ് തുടങ്ങിയവ പ്രധാനം.ബിസിനസ് കുടുംബാംഗമായിരുന്ന ഒരു എംഎ ബിഎഡുകാരി അധ്യാപിക മികച്ച കർഷകയും കർഷക സംരംഭകയുമായ കാഴ്ച കാണണേൽ റോയിയുടെ വീട്ടിൽ ചെല്ലണം.
റോയിക്കു തുണയായി ടെക് ഹൈബ്രിഡ് കാപ്പി നഴ്സറി ചുമതല, ജോലിക്കാരുടെ മേൽനോട്ടം,അക്കൗണ്ട്സ് എല്ലാം ഇന്നു കൈകാര്യം ചെയ്യുന്നത് റോയിയുടെ ഭാര്യ അന്നയാണ്. എറണാകുളം മലയിൽ കുടുംബാംഗമാണ് അന്ന. സംവിധായകൻ സിബി മലയിലിന്റെ ബന്ധുകൂടിയാണ്. മക്കളായ പത്താം ക്ലാസുകാരി റീറ്റ, എട്ടാം ക്ലാസുകാരി റോസാൻ, അഞ്ചാം ക്ലാസുകാരി ക്ലാര, യുകെജിക്കാരൻ ആന്റണി എന്നിവർ റോയിയോടും അന്നയോടുമൊപ്പം കൃഷിയുടെ ബാലപാഠങ്ങൾ പഠിച്ചുതുടങ്ങിയിരിക്കുന്നു.
ജോൺസൺ പൂവന്തുരുത്ത്