ഓസ്ട്രിയയിൽ ഇപ്പോൾ വസന്തകാലമാണ്; തണുപ്പുമുണ്ട്. തലസ്ഥാനമായ വിയന്നയിൽനിന്ന് 284 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൗണോ ആം ഇന്നിലെത്താം. അവിടെ 17-ാം നൂറ്റാണ്ടിൽ പണിത ഒരു കെട്ടിടത്തിന്റെ മുന്നിലേക്കാണ് രണ്ടു യുവതികളും ഭർത്താക്കന്മാരും ഇക്കഴിഞ്ഞ 20ന് എത്തിയത്. അവർ ഏറെനേരം അവാച്യമായൊരു നിർവൃതിയോടെ കെട്ടിടത്തിനു മുന്നിൽ നിന്നു. പിന്നെ കൈയിൽ കരുതിയിരുന്ന വെളുത്ത റോസാപ്പൂക്കൾ കെട്ടിടത്തിന്റെ ജനാലകളിൽ തിരുകിവച്ചു.
കുറച്ചു ഫോട്ടോകളും ഒന്നിച്ചെടുത്തു. പക്ഷേ, യുവതികളിലൊരാൾ ഒരു പ്രത്യേക വിധത്തിൽ വലതുകൈ നീട്ടിപ്പിടിച്ചുകൊണ്ട് ഫോട്ടോയ്ക്കു പോസ് ചെയ്തു. പെട്ടെന്ന് സമീപത്തുണ്ടായിരുന്ന പോലീസ് പാഞ്ഞെത്തി യുവതിയെയും ഒപ്പമുള്ളവരെയും പിടികൂടി. കാരണം, യുവതി കൈ നീട്ടിപ്പിടിച്ചത് ഹിറ്റ്ലർ സല്യൂട്ടിനു സമാനമായിട്ടാണ്. ഹിറ്റ്ലറെയോ നാസികളെയോ മഹത്വവത്കരിക്കുന്നതൊന്നും ഓസ്ട്രിയയിൽ സാധ്യമല്ല.
വെറും മൂന്നു കൊല്ലം
ജർമനിയുടെയും ഓസ്ട്രിയയുടെയും അതിർത്തിയിലുള്ള ബ്രൗണോ ആം ഇന്നിൽ, യുവാക്കൾ പൂക്കൾ അർപ്പിച്ച കെട്ടിടത്തിലെ ഒരു വാടകവീട്ടിലാണ് ഹിറ്റ്ലർ 1889 ഏപ്രിൽ 20ന് ജനിച്ചത്. കസ്റ്റംസ് ജീവനക്കാരനായിരുന്ന പിതാവ് അലോയ്സ് ഹിറ്റ്ലർക്ക് ജർമനിയുടെയും ഓസ്ട്രിയയുടെയും അതിർത്തി പ്രദേശത്തേക്കു സ്ഥലം മാറ്റം കിട്ടിയപ്പോൾ വാടകയ്ക്ക് എടുത്തതാണ് ആ വലിയ കെട്ടിടത്തിലെ വീടുകളിലൊന്ന്. അവിടെവച്ച് അലോയ്സിന്റെ ആറു മക്കളിൽ നാലാമനായി, മൂന്നാമത്തെ ഭാര്യ ക്ലാരയിൽ അഡോൾഫ് ഹിറ്റ്ലർ പിറന്നു. ഹിറ്റ്ലർക്കു മൂന്നു വയസുള്ളപ്പോൾ അലോയ്സിനു ജർമനിയിലെ പാസോവിലേക്കു മാറ്റം കിട്ടി.
പിന്നീടവർ ആ വീട്ടിലേക്കു മടങ്ങിയിട്ടില്ല. കെട്ടിടത്തിന് ഹിറ്റ്ലറുടെ പേരിന്റെ അംശം പോലുമില്ല. അതിനു മുന്പിൽ ഫാസിസ്റ്റ് വിരുദ്ധ വാക്യമെഴുതിയ ഒരു ശില സ്ഥാപിച്ചിട്ടുണ്ട്. "മെമ്മോറിയൽ സ്റ്റോൺ എഗൻസ്റ്റ് വാർ ആൻഡ് ഫാസിസം' (യുദ്ധ-ഫാസിസ്റ്റ് വിരുദ്ധ സ്മാരകശില) എന്നാണ് എഴുതിയിരിക്കുന്നത്. മാപ്പുകളിൽ സ്മാരക ശിലയെന്നു മാത്രം കാണാം.
തങ്ങൾ അത്ര ഗൗരവത്തിലല്ല ഫോട്ടോയെടുത്തത് എന്നാണ് ഹിറ്റ്ലറിന്റെ 135-ാം പിറന്നാളാഘോഷിക്കാനെത്തിയ നാലുപേരും പറഞ്ഞതെങ്കിലും ഫോണുകളിൽനിന്ന് നാസി അനുകൂല ചാറ്റുകളും തീമുകളുമാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 60 ലക്ഷം യഹൂദരെയും ലക്ഷക്കണക്കിനു മറ്റു മനുഷ്യരെയും കൊന്നൊടുക്കിയ നരാധമന്റെ ഓർമകൾക്കുമുന്നിൽ പൂക്കളർപ്പിക്കണമെങ്കിൽ അവരുടെ ഉള്ളിലെവിടെയോ ഫാസിസത്തോടുള്ള ആരാധന നേരിയൊരു മയക്കത്തിൽ പത്തിയമർത്തി കിടപ്പുണ്ട്.
കെട്ടിടം 2011 മുതൽ പ്രേതഭവനമായി കിടക്കുകയാണ്. ആളുകൾ പിശാചിന്റെ നരജന്മമായിട്ടാണ് ഹിറ്റ്ലറെ കാണുന്നതെങ്കിലും അതു ചരിത്രത്തിന്റെ ഭാഗമാണ്. അന്നുമിന്നും ലോകമെങ്ങുമുള്ള ഏകാധിപതികളുടെയും വംശവെറിയന്മാരുടെയും സ്വകാര്യ അഹങ്കാരമായ ഹിറ്റ്ലർ ജനിച്ച വീടാണത്. ചരിത്രപ്രാധാന്യം പരിഗണിച്ച് സംരക്ഷിക്കണമെന്ന് ഒരു വിഭാഗം പറഞ്ഞെങ്കിലും നവനാസികളും ലോകമെങ്ങുമുള്ള വംശവെറിയന്മാരും അതിനെ ഒരു സ്മാരകമായി ആഘോഷിക്കാനുള്ള സാധ്യത പരിഗണിച്ച് ഓസ്ട്രിയൻ ആഭ്യന്തര മന്ത്രാലയം ഏറെക്കാലമായി അതു വാടകയ്ക്കു കൊടുത്തിരിക്കുകയായിരുന്നു.
2011ൽ അതും അവസാനിപ്പിച്ചു. ചരിത്രമുറങ്ങുന്നിടം എന്നു പറയാമെങ്കിലും സർക്കാർ അതു പോലീസ് സ്റ്റേഷൻ ആക്കാൻ കഴിഞ്ഞ വർഷം തീരുമാനിച്ചു. നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പണി തീർന്നാലുടനെ പരിശീലനകേന്ദ്രം ഉൾപ്പെടെയുള്ള പോലീസ് കാര്യാലയം ഉദ്ഘാടനം ചെയ്യും.
ഗ്യാസ് ചേംബർപോലെ
1941 മുതൽ 1945 വരെ ജർമനിയുടെ അപ്രമാദിത്വവും ജർമൻകാരുടെ വംശശുദ്ധിയും നിലനിർത്താൻ ഹിറ്റലർ അഴിഞ്ഞാടിയപ്പോൾ ജർമൻ അധിനിവേശ യൂറോപ്പിലെ മൂന്നിൽ രണ്ടു യഹൂദരും കൊല്ലപ്പെട്ടു. ആദ്യമൊക്കെ വെടിവച്ചു കൊല്ലുകയായിരുന്നെങ്കിൽ പിന്നീട് കൂടുതൽ മനുഷ്യരെ കുറഞ്ഞ സമയംകൊണ്ടു കൊല്ലുന്ന ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചു. തടങ്കൽ പാളയങ്ങളിലെ വിഷവാതക മുറികളിൽ ഒരേസമയം ആയിരങ്ങളെ കൊല്ലാൻ തുടങ്ങി. ജർമനിയിലെ മനുഷ്യരും മറ്റു രാജ്യങ്ങളിലെ ഭരണകൂടങ്ങളും നോക്കുകുത്തിയായി നിന്നു.
അതു നടുക്കുന്ന യാഥാർഥ്യമാണ്. ലോകത്തെവിടെ വംശവെറിയും വംശഹത്യകളും ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ടോ അവിടെയൊന്നും മറ്റു രാജ്യങ്ങൾ യഥാസമയം ഇടപെട്ടിട്ടില്ല. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനസമയത്ത് സോവിയറ്റ് യൂണിയൻ ജർമനിയിൽ ഹിറ്റ്ലർ വേട്ടയ്ക്കിറങ്ങിയപ്പോഴേക്കും ജർമനിയും യൂറോപ്പും ശവപ്പറന്പായിക്കഴിഞ്ഞിരുന്നു. ഒന്നാം ലോകയുദ്ധത്തകാലത്ത് 1915 മുതൽ ഓട്ടോമൻ സാമ്രാജ്യം തുർക്കിയിലെ അർമേനിയൻ വംശജരായ 15 ലക്ഷം ക്രിസ്ത്യാനികളെ വകവരുത്തിക്കൊണ്ടിരുന്നപ്പോഴും ലോകം പുലർത്തിയത് ഇതേ നിസംഗതയാണ്. യുദ്ധത്തിലെ സഖ്യങ്ങൾ വംശഹത്യക്കു നിരവധി കാഴ്ചക്കാരെ സൃഷ്ടിച്ചു.
മറ്റുള്ളവരുടെ ഇടപെടലുകളെ തടയുന്ന രാഷ്ട്രപരമാധികാരവും സാന്പത്തിക-രാഷ്ട്രീയ താത്പര്യങ്ങളും സഖ്യങ്ങളുമാണ് ഏകാധിപതികൾക്കു വംശഹത്യ നടത്താനുള്ള ഇരുട്ടുമുറികൾ ഒരുക്കിക്കൊടുക്കുന്നത്. മനുഷ്യത്വത്തിനുമുകളിൽ അടയിരിക്കുന്ന കൂട്ടുകെട്ടുകൾ നൽകുന്ന സൂചനകൾ വംശഹത്യകൾ ഭാവിയിൽ അസംഭാവ്യമല്ല എന്നുതന്നെയാണ്. അതുകൊണ്ടാണ് ബ്രൗണോ ആം ഇന്നിലെ ഹിറ്റ്ലറുടെ പഴഞ്ചൻ വീടും അതിനു മുന്നിൽനിന്നു ഫോട്ടെയെടുത്തവർ അറസ്റ്റിലായതുമൊക്കെ വാർത്തയാകുന്നത്.
ഓസ്ട്രിയയിൽ മാത്രമല്ല 12 വർഷം ഹിറ്റ്ലർ അടക്കിവാണ ജർമനിയിലും ഹിറ്റ്ലർ സല്യൂട്ട്, സ്വസ്തിക തുടങ്ങി നാസിസവുമായി ബന്ധപ്പെട്ട അടയാളങ്ങളുടെയൊന്നും പ്രകടനം അനുവദിക്കില്ല. ബ്രസീൽ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ഹംഗറി, ഇസ്രായേൽ, പോളണ്ട്, റഷ്യ, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളും വംശീയതയുടെ വിഷചിന്ത പുറത്തെടുക്കുന്നവരെ നിയമപരമായി കൈകാര്യം ചെയ്യും.
കാണാനൊന്നുമില്ല പക്ഷേ,
സത്യത്തിൽ ഹിറ്റ്ലർ ജനിച്ച വീട്ടിൽ ഇപ്പോൾ കാണാൻ കാര്യമായിട്ടൊന്നുമില്ല. പക്ഷേ, ആ കെട്ടിടത്തിൽ പിറന്ന ഒരുവന്റെ ഓർമപോലും പ്രസരിപ്പിക്കുന്ന ഭയാനകമായൊരു മരണഗന്ധമുണ്ട്. അതുകൊണ്ടാണ് "ഇൻ'നദിയെക്കാളും ബ്രൗണോ ആം ഇന്നിലെ മറ്റു ചരിത്ര സ്മാരകങ്ങളേക്കാളും പ്രധാനമെന്ന മട്ടിൽ സഞ്ചാരികളുടെ പാദങ്ങൾ ഇവിടേക്കു ചലിക്കുന്നത്.
കണ്ണുകൊണ്ടു മാത്രമല്ല, മനസുകൊണ്ടും ചരിത്രബോധം കൊണ്ടുമാണ് ആളുകൾ ഹിറ്റ്ലറുടെ വീടിരുന്ന കെട്ടിടം കാണുന്നത്. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ ദുർബലമായൊരു തേങ്ങലിൽ ലയിപ്പിച്ച ഗ്യാസ് ചേംബറുകളുടെ ഓർമയല്ലാതെ മറ്റെന്താണ് അതിനു പങ്കുവയ്ക്കാനുള്ളത്?
ഇൻ നദിയുടെ മറുവശത്ത് ജർമനിയാണ്. അവിടത്തെ വംശവെറിയനായ ഏകാധിപതിയായിരുന്നു ഹിറ്റ്ലർ. വികലമായ ദേശീയബോധത്താൽ ഉന്മാദിയായി നാസി പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്ത ഹിറ്റ്ലർ 1933ൽ ജർമനിയുടെ ചാൻസലറായി. 1945 ഏപ്രിൽ 30ന് സോവിയറ്റ് യൂണിയന്റെ സൈന്യം അടുത്തെത്തിയതറിഞ്ഞ് വിഷം കുടിച്ച് ചാകുന്പോൾ 56 വയസായിരുന്നു. ഇന്നും ഏതെങ്കിലുമൊരു ഭരണാധികാരി ഫാസിസ്റ്റാണോയെന്നു സമൂഹത്തിനു സംശയമുണ്ടാകുന്പോൾ, ഹിറ്റ്ലറുടെ നടപടിക്രമങ്ങളുമായി അയാളുടേതിനു സാമ്യമുണ്ടോയെന്നു നോക്കിയാണ് തീർപ്പിലെത്തുന്നത്.
അമിതമായ ദേശീയബോധം, പൗരന്മാരെ പല തട്ടിലാക്കൽ, തുടർച്ചയായ നുണ പ്രചാരണങ്ങളിലൂടെ ഒരുവിഭാഗം ജനങ്ങളെ മറ്റുള്ളവരുടെ ശത്രുവാക്കി മുദ്രയടിക്കൽ, ഭരണാധികാരിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കൽ, സർക്കാരിന്റെ സകല ഉപകരണങ്ങളെയും ഉപയോഗിച്ച് വിമർശിക്കുന്നവരെയും പ്രതിപക്ഷത്തെയും ഉന്മൂലനം ചെയ്യുക തുടങ്ങിയവയായിരുന്നു ഹിറ്റ്ലറുടെ കുതന്ത്രങ്ങൾ. ഇന്നും ഫാസിസത്തിന്റെ ലക്ഷണങ്ങളെ കണ്ടെത്താനുള്ള അളവുകോലുകളായി അവ നിലനിൽക്കുന്നു. എന്നിട്ടുപോലും, എത്രയോ രാജ്യങ്ങളിലേക്കാണ് മനുഷ്യന്റെ ഉള്ളിലെ തിന്മകളെയെല്ലാം പുറത്തെടുക്കുന്ന ഫാസിസം മറയില്ലാതെ ഇഴഞ്ഞെത്തുന്നത്.
പ്രസംഗത്തിലെ ക്രൂരത
1939 ഓഗസ്റ്റ് 22ന് ബവേറിയയിലെ ഒബേർസാൾസ്ബർഗിലുള്ള തന്റെ വേനൽക്കാല വസതിയിൽവച്ച് പോളണ്ട് കീഴടക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി ഹിറ്റ്ലർ സൈനിക ഉദ്യോഗസ്ഥരോടു നടത്തിയ പ്രസംഗം വെറുപ്പിൽ വാറ്റിയെടുത്ത ഉഗ്രവിഷമായിരുന്നു. അതിൽ ഇങ്ങനെ പറയുന്നുണ്ട്: ""വേഗതയിലും ക്രൂരതയിലുമാണ് നമ്മുടെ ശക്തി കുടികൊള്ളുന്നത്. ദശലക്ഷക്കണക്കിനു സ്ത്രീകളെയും കുട്ടികളെയും ജെങ്കിസ്ഖാൻ മരണത്തിലേക്കു തള്ളിവിട്ടത് മനഃപൂർവവും ഹൃദയചാഞ്ചല്യമില്ലാതെയുമാണ്. ചരിത്രം അദ്ദേഹത്തെ കാണുന്നത് മഹത്തായ സാമ്രാജ്യ സ്ഥാപകനായി മാത്രമാണ്.
ദുർബലമായ പാശ്ചാത്യ യൂറോപ്യൻ നാഗരികത എന്നെക്കുറിച്ച് എന്തു പറയുമെന്നത് ഞാൻ കണക്കിലെടുക്കുന്നില്ല. വിമർശനത്തിന്റെ ഒരു വാക്ക് ഉച്ചരിക്കുന്നവരെയെല്ലാം ഞാൻ വെടിവച്ചു വീഴ്ത്തും. അതിനുള്ള ഉത്തരവും നല്കിയിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചല്ല, ശത്രുവിനെ ശാരീരികമായി ഇല്ലാതാക്കിക്കൊണ്ടുവേണം യുദ്ധ ലക്ഷ്യങ്ങൾ കൈവരിക്കാൻ....'' പ്രസംഗത്തിന്റെ ബാക്കിയെഴുതുന്നില്ല...!
അന്ത്യം
ചരിത്രം പക്ഷേ, അതിന്റെ ദുരൂഹമായ ക്രമങ്ങളിലൂടെ കടന്നുപോയി. സോവിയറ്റ് സൈന്യം ബെർലിൻ വളഞ്ഞതോടെ ഏപ്രിൽ 28ന് അർധരാത്രിക്കുശേഷം ഒപ്പമുണ്ടായിരുന്ന കാമുകി ഇവാ ബ്രൗണിനെ ഒളിത്താവളത്തിൽവച്ച് ഹിറ്റ്ലർ വിവാഹം കഴിച്ചു. പിറ്റേന്ന് ഉച്ചകഴിഞ്ഞ്, ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയിൽ രൂപപ്പെടുത്തിയ ഭരണാധികാരിയും ഉറ്റ സുഹൃത്തുമായ മുസോളിനിയെക്കുറിച്ചുള്ള വാർത്ത ഹിറ്റ്ലറുടെ ചെവിയിലെത്തി.
ഫാസിസത്തെയും നാസിസത്തെയും ചെറുക്കുന്ന ഇറ്റലിയിലെ ചെറുസംഘം മുസോളിനിയെ കൊന്നു തലകീഴായി കെട്ടിത്തൂക്കി. പിറ്റേന്ന്, അതായത് ഏപ്രിൽ 30ന് ചുവപ്പുസേന 500 മീറ്റർ അകലെയെത്തിക്കഴിഞ്ഞെന്ന സൂചന കിട്ടിയതോടെ ഹിറ്റ്ലർ സ്വയം ശിരസിൽ വെടിവച്ചു ജീവനൊടുക്കി. ഇവാ ബ്രൗൺ ജീവനൊടുക്കിയത് സയനൈഡ് കഴിച്ചാണ്.
വെറുക്കപ്പെട്ടവൻ ജീവനൊടുക്കിയ ദിവസമാണ് ഏപ്രിൽ 30. ഇനി രണ്ടു ദിവസമേയുള്ളു. അവൻ ജനിച്ച വീട്ടിൽ പിറന്നാളിനു പൂക്കൾ വച്ചവരെപ്പോലെയല്ല, മനുഷ്യവിരുദ്ധമായ ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയും മുളകളെ നുള്ളിക്കളയുന്ന യഥാർഥ മനുഷ്യരെപ്പോലെ സാഹോദര്യത്തിന്റെ പൂന്തോട്ടം വച്ചുപിടിപ്പിക്കാം.
ഹിറ്റ്ലർ ജനിക്കുകയും ജീവനൊടുക്കുകയും ചെയ്ത ഏപ്രിൽ ഓസ്ട്രിയയിൽ വസന്തകാലമാണ്. മരണത്തിന്റെ കൈകൾപോലെ തണുത്തിരിക്കുന്ന ഹിറ്റ്ലറുടെ ജന്മവസതിക്കു പുറത്തും പൂവുകൾ വിരിയുന്ന കാലം. സാഹോദര്യത്തിന്റെ പൂക്കളിറുത്ത് ഹിറ്റ്ലർമാർക്കും മുസോളിനിമാർക്കും തീർക്കാവുന്നതല്ലോ ഭൂമിയുടെ വസന്തം..!
ജോസ് ആൻഡ്രൂസ്