സാഹിത്യ നഗരം, കോഴിക്കോടിന് ഇനി പുതിയ മേൽവിലാസം. ഈ അപൂർവ ഭാഗ്യം കൈവന്ന നഗരമെന്ന നിലയ്ക്ക് കോഴിക്കോടിനെക്കുറിച്ച് നമുക്ക് അഭിമാനിക്കാം. (കേരളത്തിലെ മറ്റു ചില ജില്ലകളും ഈ സ്ഥാനം സ്വാഭാവികമായും ആഗ്രഹിക്കുകയും അതിനു അർഹതയുണ്ടെന്നു കരുതുകയും ചെയ്യുന്നത് സ്വാഭാവികം.) എന്നാൽ, ഈ ബഹുമതി നൽകുന്നതിനു യുനെസ്കോയ്ക്കു കൃത്യമായ മാനദണ്ഡങ്ങളുണ്ട്.
53ൽ ഒന്ന്
പ്രസിദ്ധീകരണങ്ങളുടെ വൈവിധ്യം, സാഹിത്യസംബന്ധിയായ പ്രവർത്തനങ്ങളുടെ വൈപുല്യം, സജീവമായ നാടക പാരമ്പര്യം, സാഹിത്യപരിപാടികൾക്ക് ആതിഥ്യമരുളുന്ന കീഴ്വഴക്കം, ഗ്രന്ഥാലയങ്ങളുടെ സാന്നിധ്യം, ജനങ്ങളുടെയും മാധ്യമങ്ങളുടെയും സാഹിതീയ താത്പര്യം, എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് "City of Literature' എന്ന സ്ഥാനം യുനെസ്കോ നൽകുക. അപേക്ഷയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ് ഈ സ്ഥാനം നൽകുന്നത്.
നാലു വർഷം കൂടുമ്പോൾ മാനദണ്ഡങ്ങൾക്കനുസൃതമായ പ്രവർത്തനങ്ങളിൽ ഇടിവ് സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുകയും ചെയ്യും. 2004ൽ ആദ്യത്തെ സാഹിത്യനഗരമെന്ന ബഹുമതി ലഭിച്ചത് എഡിൻബറോയ്ക്കായിരുന്നു. ഇപ്പോൾ, 2023ൽ ഈ സ്ഥാനം ലഭിച്ച കോഴിക്കോട് ഉൾപ്പെടെ ലോകത്തു 39 രാജ്യങ്ങളിലായി അമ്പത്തിമൂന്നു നഗരങ്ങളെ സാഹിത്യ നഗരങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏക സാഹിത്യ നഗരമാണ് കോഴിക്കോട്.
ആഘോഷിക്കുന്ന ജനത
ഈ സ്ഥാന ലബ്ധി ഒരു നിസ്സാര കാര്യമല്ല. "ഇതുകൊണ്ടെന്തു പ്രയോജനം' എന്നു ചോദിക്കുന്നവരുണ്ടാകാം. പ്രയോജനം ഉണ്ടാക്കേണ്ടത് നമ്മളാണ്. കോഴിക്കോടിനേക്കാൾ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും പുസ്തകങ്ങൾ വിൽക്കപ്പെടുകയും ചെയ്യുന്ന നഗരങ്ങൾ ഉണ്ടായേക്കാം. ഇതിനേക്കാൾ സാഹിത്യ നായകർ താമസിക്കുന്ന നഗരങ്ങളുമുണ്ടാകാം. ഇവിടത്തേക്കാൾ കൂടുതൽ ഗ്രന്ഥാലയങ്ങളുള്ള നഗരങ്ങളും തീർച്ചയായുമുണ്ട്.
എന്നാൽ, ഇവ മാത്രമല്ല "സാഹിത്യത്തിന്റെ നഗരം' എന്നു വിളിക്കപ്പെടാൻ യോഗ്യത. ഒരു സമൂഹം സാഹിത്യത്തെയും സാഹിത്യപ്രവർത്തനങ്ങളെയും എത്രകണ്ട് പൊതുജീവിതത്തതിന്റെ ഭാഗമാക്കി അഭിമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട മാനദണ്ഡം. ആ അർഥത്തിൽ കോഴിക്കോടിനുള്ള അർഹത തർക്കങ്ങൾക്കതീതമാണ്.
സാഹിത്യം, നാടകം, സംഗീതം (ഫുട്ബോൾ) എന്നിവയ്ക്കായി സ്പന്ദിക്കുന്ന ഒരു ഹൃദയമുണ്ട് കോഴിക്കോടിന്. പൊതുകാര്യ പ്രസക്തരായ ഏതാനും വ്യക്തികൾ മാത്രമല്ല, പ്രായഭേദമോ സ്ത്രീ പുരുഷഭേദമോ ഇല്ലാതെ നഗരവാസികൾ ഇത്തരം പ്രവർത്തനങ്ങളിൽ പൂർണമായും പങ്കാളികളാകുന്നു. ആ താദാത്മ്യം പ്രാപിക്കലാണ് സാഹിത്യ നഗരമാകാനുള്ള കോഴിക്കോടിന്റെ ഏറ്റവും വലിയ യോഗ്യത.
ചരിത്രത്തിന്റെ സമ്മാനം
സാഹിത്യത്തെയും കലയെയും ജാതിമത രാഷ്ട്രീയഭേദ ചിന്തകൾക്കതീതമായി പരിഗണിക്കുന്ന കോഴിക്കോടിന്റെ മനസ് ചരിത്രത്തിന്റെ സമ്മാനമാണ്. അറബിക്കച്ചവടക്കാരും ചൈനക്കാരും പിൽക്കാലത്തു പോർച്ചുഗീസുകാരും മറ്റു വിദേശികളുമെല്ലാം വന്നണഞ്ഞ കോഴിക്കോടിനു സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും വലിയ പാരമ്പര്യമാണുളളത്. ഇപ്പോഴും നഗരം അവിടത്തെ എഴുത്തുകാരുടെയും കലാപ്രവർത്തകരുടെയും നേട്ടങ്ങളെ ആഹ്ലാദപൂർവം കൊണ്ടാടുന്നു.
നഗരത്തിൽ സംഘടിപ്പിക്കപ്പെടുന്ന സാഹിത്യോത്സവവും മറ്റു പരിപാടികളും ജനങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കുന്നു. ഈ നിസ്വാർഥതയും ആത്മാർഥയുമാണ് കോഴിക്കോടിന്റെ ഏറ്റവും വലിയ കൈമുതൽ. ഗ്രൂപ്പ് വഴക്കുകളും ചേരിതിരിഞ്ഞു പരസ്പരം പരാജയപ്പെടുത്തുന്ന കുൽസിതത്വവും കോഴിക്കോടിന് അജ്ഞാതം. കലയ്ക്കും സാഹിത്യത്തിനും വേണ്ടി ഒന്നിക്കുക എന്നത് ഒരു നഗരത്തിന്റെ പ്രമാണമായപ്പോൾ കൈവന്ന അന്താരാഷ്ട്ര അംഗീകാരമാണ് സാഹിത്യനഗരമെന്ന സ്ഥാനലബ്ധി.
മുന്നോട്ടുള്ള വഴി
സാഹിത്യനഗരമെന്ന മേൽവിലാസം പുതിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു തരുന്നുണ്ട്. എഴുത്തുകാർക്ക് കോഴിക്കോട് വന്നു താമസിച്ചു സാഹിത്യരചന നടത്താൻ വേണ്ട സാഹചര്യമുണ്ടാകണം. നൊബേൽ സമ്മാന ജേതാക്കൾ ഉൾപ്പെടെയുള്ള വിശ്രുതരായ എഴുത്തുകാരെ ആകർഷിക്കാൻ വേണ്ട പരിപാടികൾ നിരന്തരം ഉണ്ടാകണം.
നാടകാവതരണങ്ങൾ, സംഗീത പരിപാടികൾ, ചെറുതും വലുതുമായ സാഹിത്യ സംഭവങ്ങൾ, കവിസമ്മേളനങ്ങൾ, വായനാ സദസുകൾ എന്നിങ്ങനെയുള്ള ഭാവനാ പൂർണമായ പരിപാടികൾ തുടർച്ചയായി നടക്കണം. പ്രസാധകർക്ക് ആനുകൂല്യങ്ങൾ വേണം. സാഹിത്യ മ്യൂസിയങ്ങൾ ഉണ്ടാവണം. എഴുത്തുകാരെക്കുറിച്ചുള്ള ഡോക്യൂമന്ററികൾ നിർമിക്കാനും പ്രദർശിപ്പിക്കാനും സൗകര്യമുണ്ടാവണം.
വാർഷിക പരിപാടികളുടെ കലണ്ടർ കാലേകൂട്ടി തയാറാക്കണം. അതാകട്ടെ കേവലം സർക്കാർ പരിപാടികളാകരുത്. സന്നദ്ധസംഘടനകളും സാംസ്കാരിക നായകരും ഇതിൽ പങ്കാളികളാകണം. ഈ കലണ്ടർ നടപ്പിലാക്കാനും പരിപാടികളുടെ കൃത്യതയും നിലവാരവും ഉറപ്പു വരുത്താനും പ്രത്യേക സംവിധാനമുണ്ടാവണം. നടക്കുന്നതൊക്കെ നടക്കട്ടെ എന്നല്ല; നിശ്ചയിച്ചവ നടക്കണം. അതെല്ലാം കേരളത്തിന്റെ ടൂറിസം വിപണനവുമായി ബന്ധപ്പെടുത്തുകയും ചെയ്യാം.
നഗരത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ സ്ഥാന ലബ്ധി തരുന്ന അവസരം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. എല്ലാം സർക്കാർ പണംകൊണ്ടുതന്നെ നടത്തണമെന്ന നിർബന്ധവുമരുത്. സ്വകാര്യ പങ്കാളിത്തത്തോടെയും, നഗരസഭയുടെയും സർക്കാരിന്റെയും നേതൃത്വത്തിലും സാഹിത്യനഗരം ഒരു മികച്ച അനുഭവമാക്കാൻ സാധിക്കണം. അതായിരിക്കട്ടെ, ലക്ഷ്യം.
ഇതാ, മറ്റു രാജ്യങ്ങൾ നമ്മെ ശ്രദ്ധിച്ചുതുടങ്ങി
കോഴിക്കോടിനെ രാജ്യത്തെ പ്രഥമ സാഹിത്യ നഗരമായി യുനെസ്കോ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും സന്തോഷം മേയര്‍ ഡോ. ബീനാ ഫിലിപ്പിന്. മൂന്നു വര്‍ഷം നീണ്ട നിരന്തര പരിശ്രമവും ചിട്ടയായ പ്രവര്‍ത്തനവുമാണ് കോഴിക്കോടിനെ ലോക സാഹിത്യത്തിന്റെ നെറുകെയിലേക്ക് ഉയര്‍ത്തിയത്. അപൂര്വനേട്ടത്തെക്കുറിച്ച് മേയര്‍ ഡോ. ബീനാ ഫിലിപ്പ് സൺഡേ ദീപികയോട്.
ഇതിനുള്ള പ്രവര്‍ത്തനം തുടങ്ങിയത് എപ്പോഴാണ്?
2021ല്‍ ആണ് ഇതേക്കുറിച്ചുള്ള ആലോചനയ്ക്കു തുടക്കമിട്ടത്. 2022ല്‍ കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെഎല്‍എഫ്) ആണ് ആദ്യ പ്രോജക്ട് അവതരിപ്പിച്ചത്. സാധാരണക്കാര്‍ അടക്കം എല്ലാവരും അതിനു വലിയ പിന്തുണ നൽകി. സാഹിത്യ നഗരപദവിക്ക് കോഴിക്കോടിന് അര്‍ഹതയുണ്ടെന്നു പ്രസന്റേഷന് കണ്ടപ്പോള്‍ എല്ലാവര്ക്കും ബോധ്യപ്പെട്ടു. പിന്നീട് ഇതൊരു പാഷനായി മാറി. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ അനുമതി വേഗത്തില്‍ ലഭിച്ചതോടെ പദ്ധതി യാഥാര്‍ഥ്യമായി.
സാഹിത്യ നഗരമായാല്‍ യുനെസ്കോയുടെ സാമ്പത്തിക സഹായം ലഭിക്കുമോ?
ഇല്ല. യുനെസ്കോ ഫണ്ടൊന്നും നല്‍കില്ല. എന്നാൽ, അതിനപ്പുറത്താണ് നേട്ടങ്ങള്‍. നഷ്ടപ്പെട്ടുപ്പോയ നമ്മുടെ സംസ്കാരത്തെ തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്നതാണ് പ്രധാന കാര്യം. സംഗീതമായാലും കലയായാലും ശില്പമായാലും അതിന്റെ പഴമ തിരിച്ചെടുക്കാം. ചെറുപ്പക്കാര്‍ക്കു ധാരാളം തൊഴിലവസരങ്ങള്‍ ലഭിക്കും. ലോക രാജ്യങ്ങളുമായി സാംസ്കാരികമായും വാണിജ്യപരമായും സാഹിത്യപരമായും അക്കാദമികമായും കൈമാറ്റങ്ങൾ നടക്കും. ലോകത്തിന് നമ്മെ അറിയാനുള്ള അവസരമാണിത്.
സാഹിത്യ നഗരപദവി ലഭിച്ചപ്പോള്‍ വന്ന മാറ്റം?
സാഹിത്യ പദവി ലഭിച്ചതോടെ മറ്റു രാജ്യങ്ങളും നമ്മെ ശ്രദ്ധിക്കാന്‍ തുടങ്ങി. ധാരാളം രാജ്യങ്ങള്‍ അവരുടെ നാട്ടിലെ പരിപാടികള്‍ അറിയിച്ചുകൊണ്ട് ഇ-മെയില്‍ സന്ദേശം അയയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതുതന്നെ അഭിമാനകരമാണ്. സിസ്റ്റര്‍ സിറ്റിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് പല രാജ്യങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. റഷ്യയിലെ മൂന്നു നഗരങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. കച്ചവടമടക്കമുള്ള കാര്യങ്ങളാകാം അവരുടെ മനസില്‍.
ഈ നേട്ടത്തെ എങ്ങിനെ വിലയിരുത്തുന്നു?
ഇതു കോഴിക്കോട്ടെ കൂട്ടായ്മയുടെ നേട്ടമാണ്. രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമെല്ലാം തോളോടുതോള്‍ ചേര്‍ന്നുനിന്നതിന്റെ ഗുണം. സാഹിത്യ നഗരമാകാനുള്ള അര്‍ഹത എല്ലാ കാലത്തും കോഴിക്കോടിന് ഉണ്ടായിരുന്നു. ആ അര്‍ഹത ലോകത്തിനു മുമ്പാകെ ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഒരു നിയോഗമായി കരുതുന്നു.
അടുത്ത ഘട്ടമായി എന്തൊക്കെയാണ് നടപ്പാക്കുക?
നഷ്ടപ്പെട്ടു പോയ കോലായ ചര്‍ച്ചകള്‍ തിരിച്ചുകൊണ്ടുവരും. എഴുത്തുകാര്‍ക്കു ചര്‍ച്ചയ്ക്കുള്ള വേദിയൊരുക്കുകയും പുതിയ എഴുത്തുകാര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. എഴുത്തുകാര്‍, കലാകാരന്മാര് എന്നിവര്‍ക്കു കഴിവുകള്‍ തുറന്നുകാട്ടാനുള്ള അവസരം ഉണ്ടാകും. കോഴിക്കാടിന്റെ സാംസ്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കാനും പരിപാടികള്‍ സംഘടിപ്പിക്കാനും ഇതുവഴി സാധിക്കും. മാനാഞ്ചിറയില്‍ പ്രതിവാര വായന സംഘടിപ്പിക്കും. പൊതു ചര്‍ച്ചയിലൂടെ സാഹിത്യ ചക്രവാളം വികസിപ്പിക്കാൻ ചര്‍ച്ചകള്‍ ഒരുക്കും.
ലോകത്തെ എഴുത്തുകാര്‍ ഇവിടെ എത്തുമോ?
കോഴിക്കോട്ടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും എഴുത്തുകാര്‍ക്കു പരസ്പരം സഹകരിച്ച് സാംസ്കാരിക വിനിമയം നടത്താന്‍ ഇന്റര്‍ നാഷണല്‍ റസിഡന്‍സി പരിപാടി സംഘടിപ്പിക്കും. എഴുത്തുകാരുടെയും അവരുടെ സുഷ്ടികളുടെയും ചരിത്രത്തിനു പുതുജീവന്‍ നല്കാന് പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ പ്രതിമാസ യാത്ര സംഘടിപ്പിക്കും. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലേക്കും ചരിത്ര സ്മാരകങ്ങളിലേക്കും സാംസ്കാരിക കേന്ദ്രങ്ങളിലേക്കും മൂസിയങ്ങളിലേക്കുമുള്ള ട്രിപ്പുകള്‍ ഇതില്‍ ലക്ഷ്യമിടുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ വസതി, എസ്കെ പൊറ്റെക്കാട് സാംസ്കാരിക കേന്ദ്രം, മിഠായിത്തെരുവ്, ആകാശവാണി, കൃഷ്ണമേനോന് മ്യൂസിയം എന്നിവ ഇതില്‍ ഉള്‍പ്പെടും.
മിഠായിത്തെരുവില്‍ ലൈബ്രറി കൂട്ടായ്മ ഒരുക്കും. സഞ്ചരിക്കുന്ന ലൈബ്രറികള്‍ തുറക്കും. വായനാശീലം വളര്‍ത്തുന്നതിനു ലക്ഷ്യമിട്ട് ഗ്രാമങ്ങളിലേക്കു പുസ്തക വണ്ടികള്‍ എത്തും. സാധാരണക്കാരനു വാങ്ങാന്‍ കഴിയുന്ന വിധത്തിലുള്ള പുസ്തകങ്ങളായിരിക്കും ഇതിലുണ്ടാവുക. മെബൈല്‍ ലൈബ്രറികളില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും.
മൂന്നാം ഘട്ടത്തില്‍ മൂന്നു ദിവസം നഗരത്തില്‍ പുസ്തകമേള സംഘടിപ്പിക്കും. വായിച്ച് ഒഴിവാക്കിയ സെക്കന്‍ഡ് പുസ്തകങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍നിന്നു ശേഖരിച്ച് ഇവിടെ എത്തിക്കും. നഗരത്തില്‍ ലിറ്റററി സര്‍ക്യൂട്ട് ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ബീച്ചിലെ ഫ്രീഡം സ്ക്വയറില്‍നിന്നാണ് ഇത് ആരംഭിക്കുക. തളി ക്ഷേത്രം, എസ്.കെ. പൊറ്റെക്കാട് സാംസ്കാരികകേന്ദ്രം, മാനാഞ്ചിറ സ്ക്വയര്‍, മാതൃഭൂമി, സെൻട്രല്‍ ലൈബ്രറി വഴി ടൗണ്‍ഹാളില്‍ എത്തിച്ചേരും.
തയാറാക്കിയത്: എം. ജയതിലകന്‍
ചിത്രം: രമേഷ് കോട്ടുളി