1960 സെപ്റ്റംബർ ഒന്ന്. ഇറ്റലിയിലെ പെസ്കാര ഫുട്ബോൾ സ്റ്റേഡിയത്തിൽ ഒളിന്പിക്സ് ഫുട്ബോളിന്റെ നാലാം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ശക്തരായ പെറുവുമായി ഏറ്റുമുട്ടുകയാണ്. കളിതീരാൻ മിനിറ്റുകൾ മാത്രം ബാക്കി.
ഇന്ത്യയുടെ പറക്കുംതാരമായ ക്യാപ്റ്റൻ പി.കെ. ബാനർജി ഇടതുവിംഗിലേക്കു നീട്ടിനൽകിയ പാസ് അതിസുന്ദരമായി കാലിലൊതുക്കി ബലറാം മുന്നോട്ടുനീങ്ങി. ഏവരും എതിർഹാഫിലേക്ക് ഓടിക്കയറുന്നതിനിടയിൽ മൈതാനത്തിന്റെ മധ്യഭാഗത്തേക്കു നൽകിയ ക്രോസ് ഞാൻ ഇടതുകാലിൽ ഒതുക്കി എതിരേവന്ന കളിക്കാരനെ വെട്ടിയൊഴിഞ്ഞ് വലതുകാലുകൊണ്ട് എടുത്ത പവർഫുൾ ഷോട്ട് ഗോളിയെ മറികടന്ന് പോസ്റ്റിന്റെ വലതുമൂലയിലേക്കു പറന്നിറങ്ങി.
88-ാം മിനിറ്റിലായിരുന്നു 32 വാര അകലെനിന്നുള്ള ആ സ്വപ്നതുല്യമായ ഗോൾ..''"നീലക്കടുവകൾ' എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഒരു ഒളിന്പിക്സിലെ അവസാന ഗോൾ. പിന്നീട് ഇതുവരെ ഇന്ത്യൻ ഫുട്ബോൾ ടീം ഒളിന്പിക്സിനു യോഗ്യത നേടിയിട്ടില്ല.
തഞ്ചാവൂർ, കാൽപ്പന്ത് ഗ്രാമം
കാൽപ്പന്തുകളിയോട് ഏറെ കന്പമുണ്ടായിരുന്ന തഞ്ചാവൂർ ഗ്രാമത്തിൽ സർക്കാർ ഉദ്യോഗസ്ഥനായ (ജയിലർ) സ്വാമിദാസിന്റെയും ആരോഗ്യമേരിയുടെയും ആറു മക്കളിൽ മൂത്തവനായാണ് സൈമണ്‍ സുന്ദർരാജിന്റെ ജനനം.
തഞ്ചാവൂരിന്റെ അഭിമാനമായ ഇന്ത്യൻ ഫുട്ബോൾതാരം കിട്ടുസാർ തഞ്ചാവൂർ സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനായിരുന്നു. സാറിന്റെ ഇടപെടൽമൂലം അവിടത്തെ എല്ലാ സ്കൂളുകളിലും ഫുട്ബോളിനും അത്ലറ്റിക്സിനും നല്ല പരിശീലനം നൽകിയിരുന്നു.
കൂടാതെ, സൈമണിന്റെ അമ്മാവൻ സ്വാറ്റ്സ് ആന്റണി തമിഴ്നാട് സ്റ്റേറ്റ് ഫുട്ബോൾ ടീമിലെ കളിക്കാരനായിരുന്നു. അതുകൊണ്ടുതന്നെ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്കൂൾ ടീമിലും പിന്നീട് തഞ്ചാവൂർ യുണൈറ്റഡിലും കളിച്ചു.
സ്കൂൾകാലഘട്ടത്തിൽ 100, 200 മീറ്റർ ഓട്ടക്കാരനുംകൂടിയായിരുന്നു സൈമൺ. പത്താംതരം കഴിഞ്ഞപ്പോൾ ഫിസിക്കൽ എഡ്യുക്കേഷനിൽ ഡിപ്ലോമ കരസ്ഥമാക്കി. സതേണ്‍ റെയിൽവേസിനായി കളിയാരംഭിച്ച അവസരത്തിലാണ് ഇന്ത്യൻ ടീമിലേക്കു ക്ഷണം ലഭിച്ചത്.
ഇനി സൈമണ്‍ സുന്ദർരാജ് തന്നെ പറയട്ടെ:
ഒളിന്പിക്സ് യോഗ്യതാ മത്സരം
1959ൽ കോൽക്കത്തയിലായിരുന്നു ഇന്താേനേഷ്യയുമായുള്ള യോഗ്യതാമത്സരത്തിന്റെ ആദ്യപാദം. 4-2ന് ഇന്ത്യ ജയിച്ചു. ജക്കാർത്തയിൽ നടന്ന രണ്ടാംപാദമത്സരത്തിലും 2 -1ന് നമ്മൾ ജയിച്ചു. ആദ്യ മത്സരത്തിൽ രണ്ടു ഗോളും രണ്ടാം മത്സരത്തിൽ ഒരു ഗോളും നേടാനായത് ദൈവാനുഗ്രഹമായി ഇന്നും കരുതുന്നു.
മൂന്നു ഗോളുകളും പിറന്നത് പെനാൽറ്റി ബോക്സിനു പുറത്തുനിന്നായിരുന്നു; ഒരെണ്ണം 40 വാര അകലെനിന്നും. അന്നൊക്കെ എതിർടീമിന്റെ പെനാൽറ്റി ബോക്സിനുള്ളിലേക്കു കയറാനാവാതെ വരുന്പോൾ ലോംഗ്റേഞ്ച് ഷോട്ടുകൾ പരീക്ഷിക്കുന്ന പതിവ് അന്നത്തെ കളിക്കാർക്കുണ്ടായിരുന്നു.
ഒളിന്പിക് മത്സരങ്ങൾ
1956 ലെ ഒളിന്പിക്സ് സെമിയിൽ പ്രവേശിച്ച ടീമിനെ പരിശീലിപ്പിച്ച, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കോച്ചായിരുന്ന സയ്ദ് അബ്ദുൾ റഹിം (എസ്.എ. റഹിം) തന്നെയായിരുന്നു ഞങ്ങൾ കളിച്ച 1960ലെ റോം ഒളിന്പിക്സ് ടീമിന്റെയും കോച്ച്.
56ൽ ചില രാജ്യാന്തര പ്രശ്നങ്ങൾമൂലം പല പ്രമുഖ ടീമുകളും ഒളിന്പിക്സിന് എത്തിയിരുന്നില്ല. എന്നാൽ, റോമിലെ 16 ടീമിൽ യുഗോസ്ലാവിയ, ഡെന്മാർക്ക്, ബ്രിട്ടൻ, ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ഇറ്റലി, ഹംഗറി തുടങ്ങിയ പ്രമുഖ ടീമുകൾ എല്ലാംതന്നെ ഉണ്ടായിരുന്നു.
ഹംഗറി, ഫ്രാൻസ്, പെറു എന്നിവരടങ്ങിയ നാലാം ഗ്രൂപ്പിൽ ആയിരുന്നു നമ്മൾ. 4-2-4 ശൈലിയിലായിരുന്നു നമ്മുടെ കളി. ഓഗസ്റ്റ് 26ന് ഹംഗറിയുമായി ആദ്യമത്സരം. 2-1നു തോറ്റെങ്കിലും 79-ാം മിനിറ്റിൽ തുളസിദാസ് ബലറാം (ടി. ബലറാം ) അത്യുജ്വലമായൊരു ഗോൾ നേടി ഇന്ത്യയുടെ മാനംകാത്തു.
ഫ്രാൻസിനെ ഞെട്ടിച്ച ഗോൾ
രണ്ടാംമത്സരം 29ന് ഫ്രാൻസുമായിട്ടായിരുന്നു. 71-ാം മിനിറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ പ്രദീപ്കുമാർ ബാനർജി (പി.കെ. ബാനർജി) അടിച്ച ഗോളിലൂടെ ഇന്ത്യ മുന്നിലെത്തിയപ്പോൾ ഫ്രാൻസ് മാത്രമല്ല, ഫുട്ബോൾ ലോകം മുഴുവൻ ഞെട്ടി.
82-ാം മിനിറ്റിൽ ഫ്രാൻസ് സമനിലഗോൾ നേടി മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും അന്ന് ഒളിന്പിക്സ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന സ്റ്റാൻലി റോസ് പറഞ്ഞു, ""ഏഷ്യയിൽനിന്ന് ആദ്യമായാണ് ഇതുപോലൊരു ഉഗ്രൻ ടീം ഒളിന്പിക്സിന് എത്തുന്നത്.''''
പെറുവുമായി നടന്ന മൂന്നാം മത്സരത്തെക്കുറിച്ചാണല്ലോ ആരംഭത്തിൽ പറഞ്ഞത്. അന്ന് യുഗോസ്ലാവിയയ്ക്കായിരുന്നു സ്വർണമെങ്കിലും ആദ്യ മത്സരത്തിൽ നമ്മെ തോൽപ്പിച്ച ഹംഗറിക്കായിരുന്നു വെങ്കലം. അന്നത്തെ ഇന്ത്യൻ ടീം
പി.കെ. ബാനർജി (ക്യാപ്റ്റൻ), ടി. ബലറാം, സൈമണ്‍ സുന്ദർരാജ്, ചുനി ഗോസ്വാമി, മാരിയപ്പ കെന്പയ്യ, യൂസഫ് ഖാൻ, എസ്. ലത്തീഫ്, ഒ. ചന്ദ്രശേഖരൻ, ജർണയിൽസിംഗ്, റാം ബഹദൂർ, അരുണ്‍ ഘോഷ്, ലഹ്റി, ആറടി നാലിഞ്ച് ഉയരമുള്ള ഇന്ത്യ കണ്ട പ്രഗത്ഭനായ ഗോൾകീപ്പർ പീറ്റർ തങ്കരാജ്. സബ്സ്റ്റിറ്റ്യൂട്ടായി ദേവദാസ്, ഫ്രാങ്കോ, ഹക്കിം, നാരായണൻ ( രണ്ടാംഗോളി). എസ്.എ. റഹീം ( കോച്ച് ).
ഇതിൽ ഒ. ചന്ദ്രശേഖരൻ (ഇരിങ്ങാലക്കുട), ദേവദാസ് (കണ്ണൂർ) നാരായണൻ (ഒറ്റപ്പാലം) എന്നിവർ മലയാളികളായിരുന്നു.
ഇന്തോനേഷ്യയുമായുള്ള യോഗ്യതാമത്സരങ്ങളിൽ മലയാളിയായ ടി.എ. റഹ്മാൻ (കോഴിക്കോട്) കളിച്ചിരുന്നെങ്കിലും ഒളിന്പിക്സിനു മുൻപ് പരിക്കുപറ്റിയതിനാൽ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല.
ജി.വി. രാജയിലൂടെ മലയാളമണ്ണിലേക്ക്...
1961ൽ എംയുസി ഗ്രൗണ്ടിൽ ടൂർണമെന്റ് കളിക്കുന്പോൾ എന്റെ വലതുകാലിന്റെ കാർട്ടിലേജിനു സാരമായ പരിക്കേറ്റു. ഇതോടെ ഇന്ത്യ സ്വർണം നേടിയ 62ലെ ഏഷ്യൻ ഗെയിംസ് നഷ്ടമായി.
ഓപ്പറേഷൻ നടത്തി കളിക്കളത്തിലേക്കു തിരിച്ചുവരാൻ ഒരുങ്ങിയെങ്കിലും പഴയ ഫോം വീണ്ടെടുക്കാൻ ആകുമോ എന്ന ആശങ്കയുണ്ടായി. അതുകൊണ്ട് കോച്ചിംഗിലേക്കു തിരിയാൻ തീരുമാനിച്ചു.
1963ൽ ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പോയി ഒരു വർഷത്തെ കോച്ചിംഗ് ഡിപ്ലോമ ചെയ്തു. ഈയവസരത്തിലാണു കായിക കേരളത്തിന്റെ ഭീഷ്മാചാര്യനായ ഗോദവർമരാജ (ജി.വി.രാജ) കേരള സ്പോർട്സ് കൗണ്‍സിൽ കോച്ചായി ക്ഷണിക്കുന്നത് (കേരള സ്പോർട്സ് കൗണ്‍സിൽ ആരംഭിച്ച അദ്ദേഹം 1971ൽ വിമാനാപകടത്തിൽ മരിക്കുന്നതുവരെ കേരള സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റായിരുന്നു).
66 - 67 കാലയളവിൽ ആലുവ എഫ്എസിടിയിൽ എത്തുന്നതുവരെ അവിടെ തുടർന്നു. ഇതിനിടെ നിരവധി കോച്ചിംഗ് ക്യാന്പുകൾ. അന്‍പതോളം ദേശീയ, അന്തർദേശീയ താരങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞു.
ആദ്യ സന്തോഷ് ട്രോഫി
കേരള ഫുട്ബോൾ അസോസിയേഷൻ ഭരണം ഹൈക്കോടതി റിസീവറായിരുന്ന അഡ്വ.പി.കെ. ദണ്ഡപാണിയുടെ നേതൃത്വത്തിൽ നടക്കുന്പോഴാണ് 1973ൽ ജസ്റ്റീസ് ഗോവിന്ദൻനായർ ക്ഷണിച്ചതുകൊണ്ട് ഞാൻ കേരളത്തിന്റെ സന്തോഷ് ട്രോഫി കോച്ചായി എത്തുന്നത്.
ക്യാപ്റ്റൻ ടി.കെ.എസ്. മണിയുടെ നേതൃത്വത്തിലുള്ള 26 അംഗ ടീമിനെയാണ് അന്ന് ഒരുക്കിയത്. പ്രീമിയർ ടയേഴ്സിൽനിന്ന് 10, ടൈറ്റാനിയത്തിൽനിന്ന് ആറ്, എഫ്എസിടിയിൽനിന്ന് അഞ്ച്, കെഎസ്ഇബി, കെഎസ്ആർടിസി, കാലിക്കട്ട് വാഴ്സിറ്റി, കാലിക്കട്ട് ടീം എന്നിവയിൽനിന്ന് ഓരോരുത്തർ, കൂടാതെ എംബിബിഎസുകാരനായ ഡോ. എം.ഐ. മുഹമ്മദ് ബഷീറും.
കേരളത്തിന്റെ പ്രഗത്ഭരായ പല കളിക്കാർക്കും ഗോളിമാരായ സേതുമാധവൻ, വിക്ടർ മഞ്ഞില എന്നിവർക്കും പരിക്കുപറ്റി. എന്നിട്ടും ആ സന്തോഷ് ട്രോഫിയിൽ ഞങ്ങൾ മുത്തമിട്ടു.
1997ൽ വിരമിക്കുന്നതുവരെ എഫ്എസിടിക്കായി നെഹ്റു ട്രോഫി, ജി.വി. രാജ, ചാക്കോള, എഫ്എസിടി, മാമ്മൻ മാപ്പിള ട്രോഫി തുടങ്ങി നിരവധി ദേശീയ കിരീടങ്ങൾ നേടിക്കൊടുത്തു. ഇതിനിടെ മൂത്ത മകൻ സെൽവിനോ മരിച്ചു. കേരളത്തിൽ തുടരാൻ പലരും സ്നേഹപൂർവം നിർബന്ധിച്ചെങ്കിലും ഞാൻ തഞ്ചാവൂരിലേക്കു മടങ്ങുകയായിരുന്നു.
സങ്കടം, ഫുട്ബോളിന്റെ ദുരവസ്ഥ
1950 മുതൽ 62 വരെയുള്ള ഒരു വ്യാഴവട്ടമായിരുന്നു ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലം. ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ഡൗണായി. ലോകകപ്പ് ഫുട്ബോളിന്റെ ഏഷ്യൻ യോഗ്യതാമത്സരത്തിൽ സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മൂന്നാം ഗോൾ വഴങ്ങിയപ്പോൾ സങ്കടവും ദേഷ്യവുംവന്ന ഞാൻ ടിവി ഓഫ് ചെയ്തു.
സന്തോഷ് ട്രോഫിയിൽ പ്രായപരിധി നിശ്ചയിച്ച് ആ ടൂർണമെന്റിന്റെ നിലവാരം തകർത്തു. മരിക്കുംമുന്പ് ഇന്ത്യ ഒളിന്പിക്സിലോ ലോകകപ്പിലോ കളിക്കുന്നതു കാണണമെന്നായിരുന്നു സ്വപ്നം. അതിനി നടക്കില്ലെന്ന് ഉറപ്പായി. കേന്ദ്രസർക്കാർ ഫുട്ബോൾ അസോസിയേഷനെ പിന്തുണയ്ക്കുന്നില്ല.
ഒളിന്പ്യൻമാരെ മറന്നു
വിരമിച്ച കളിക്കാർക്കും കലാകാരന്മാർക്കും എല്ലാം പെൻഷൻ ഉണ്ട്. പക്ഷേ, ഞങ്ങൾ ഒളിന്പ്യന്മാരെ അസോസിയേഷനും സർക്കാരും പാടേ മറന്നു. ഇങ്ങനെ ചിലർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അവർക്കു യാതൊരു പിടിയുമില്ല.
56ലെ മെൽബണ്‍ ഒളിന്പിക്സ് സെമിയിൽ കളിച്ച മുഹമ്മദ് സുൽഫിക്കർദീന് ദാരിദ്ര്യംമൂലം തന്റെ രണ്ടു പെണ്മക്കളെ കെട്ടിച്ചയയ്ക്കാനാകാതെയാണു മരിച്ചത്. റോം ഒളിന്പിക്സിൽ സഹതാരമായിരുന്ന യൂസഫ് ഖാൻ പാർക്കിൻസൺസ് ബാധിച്ചു മരുന്നുവാങ്ങാൻ പോലും കാശില്ലാതെയാണു മരിച്ചതെന്ന ദുഃഖവാർത്ത അദ്ദേഹത്തിന്റെ വേർപാടിനു ശേഷമാണ് ഞങ്ങൾ പലരും അറിഞ്ഞത്.
അത്രമാത്രം അവഗണനയാണു സംസ്ഥാന ഫുട്ബോൾ അസോസിയേഷനുകളും ഓൾ ഇന്ത്യ അസോസിയേഷനും കാട്ടുന്നത്: ദുഃഖം മറച്ചുവയ്ക്കാതെ സൈമണ്‍ സുന്ദർരാജ് പറഞ്ഞുനിർത്തി.
ഭാര്യ ക്ലാരയോടൊപ്പം തഞ്ചാവൂരിൽ ജീവിതസായാഹ്നം ആസ്വദിച്ചു കഴിയുകയാണ് ഈ ഒളിന്പ്യൻ ഫുട്ബോളർ. ഇളയ മകൻ സോഫ്റ്റ്വെയർ എൻജിനിയറായ സാമുവേൽ കുടുംബസമേതം ചെന്നൈയിലാണ് താമസം.
സെബി മാളിയേക്കൽ