മരുന്നിന്റെ മടുപ്പിക്കുന്ന മണം, കിടക്കയുടെ മരവിപ്പ്, തുളച്ചുകയറുന്ന വേദന, ചിറകറ്റ മോഹങ്ങൾ... ഇങ്ങനെ സങ്കടങ്ങളുടെ പെരുമഴ നനഞ്ഞവരുടെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെ കുടയുമായി വരികയായിരുന്നു അവർ. ചേർത്തുപിടിച്ച്, ഒന്നിച്ചൊരു യാത്ര പോകാമെന്നു പറഞ്ഞു. തികച്ചും അവിശ്വസനീയമായിരുന്നു ആ യാത്ര. അതും അങ്ങകലെ വേളാങ്കണ്ണിയിലേക്ക്...
പള്ളുരുത്തിയിൽനിന്നു സെമി സ്ലീപ്പർ വോൾവോ ബസ് ഉരുണ്ടുതുടങ്ങി. വൈകുന്നേരം നാല് ആയതേയുള്ളൂ, പക്ഷേ, ചന്നംപിന്നം പെയ്യുന്ന മഴയിൽ അന്തരീക്ഷത്തിനു സന്ധ്യയുടെ പ്രതീതി. ചില്ലിലേക്കു ചിതറിവീഴുന്ന മഴത്തുള്ളികളിലേക്കു നോക്കിയിരിക്കുകയാണ് കൊച്ചി സ്വദേശിനി ശാന്താ ഡേവിസ്. മഴത്തുള്ളികളേക്കാൾ വേഗത്തിൽ തന്റെ മനസ് നൃത്തം വയ്ക്കുകയാണെന്ന് അവർക്കു തോന്നി. വേളാങ്കണ്ണി പള്ളിയിലേക്കാണ് ഈ യാത്ര. അതും 30 വർഷങ്ങൾക്കു ശേഷം.
ഇങ്ങനെയൊരു യാത്ര സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു. നിനച്ചിരിക്കാതെ എത്തി കൂടെക്കൂടിയ കാൻസർ എന്ന കൂട്ടുകാരൻ സമ്മാനിച്ച വിഷമങ്ങളും സങ്കടങ്ങളും ശരീരത്തിലും മനസിലും പിടിമുറുക്കിയപ്പോൾ വീടിനു പുറത്തേക്കുള്ള യാത്രകൾ പോലും വല്ലപ്പോഴുമായി മാറിയിരുന്നു. അതിനിടയിലാണ് വേളാങ്കണ്ണിയിലേക്ക് ഈ യാത്ര. വിശ്വസിക്കാനാവുന്നില്ല.
വേദനകൾക്ക് അവധി
അടുത്ത സീറ്റിലിരിക്കുന്ന അനിതയുടെ കുടലിലാണ് കാൻസർ കടന്നുകയറിയത്. ഞെട്ടലോടെയാണ് ആ വിവരം അറിഞ്ഞത്. പിന്നെ പതിയെ അതുമായി പൊരുത്തപ്പെട്ടു. ശാരീരിക അവശതകൾ ഏറെയുണ്ടെങ്കിലും വേളാങ്കണ്ണി തീർഥാടനമെന്നു കേട്ടപ്പോൾ മനസിന് ഇരട്ടി ഊർജം ലഭിച്ചപോലെ. ആദ്യമായിട്ടാണ് വേളാങ്കണ്ണിയിലേക്ക്. അമ്മയെ തനിയെ വിടാനുള്ള മടികൊണ്ട് മകനും ഒപ്പമുണ്ട്. സ്തനാർബുദത്തിന്റെ വിഷമതകളേക്കാൾ ഷൈനിക്കു സങ്കടം തോന്നിയത് ഡോക്ടർ കീമോ തെറാപ്പി നിർദേശിച്ചപ്പോഴായിരുന്നു.
ഇടതൂർന്നു വളരുന്ന മനോഹരമായ മുടി നഷ്ടമാകുന്നതോർത്തപ്പോൾ പല ദിവസങ്ങളിലും കൺകോണുകളിൽ നീർ പൊടിഞ്ഞു. പേടിച്ചിരുന്നതുപോലെ ശരീരത്തിലെ രോമങ്ങളെ മുഴുവൻ കീമോ തെറാപ്പി കവർന്നു. പിന്നെ ആശ്രയം പ്രാർഥനയായിരുന്നു. മുടി വീണ്ടും കിളിർത്താൽ മുണ്ഡനം ചെയ്തേക്കാമെന്നായിരുന്നു നേർച്ച. ഇപ്പോൾ വീണ്ടും ഇടതൂർന്നു വളർന്ന മുടിയുമായാണ് ഷൈനി യാത്രാസംഘത്തിനൊപ്പം ചേർന്നിരിക്കുന്നത്.
ട്രീസ മരുന്നു കഴിക്കാൻ എടുക്കുന്നതു കണ്ടാൽ പലരും അന്പരക്കും. ഒരുപിടി മരുന്നുണ്ട് ഒരു നേരം കഴിക്കാൻ. കാൻസർ എന്ന വില്ലനെതിരേ പൊരുതാൻ അതില്ലാതെ വയ്യ. എന്നാലും വേളാങ്കണ്ണിയിലേക്കു പോകാൻ അവസരം കിട്ടിയപ്പോൾ ഒഴിവാക്കാൻ തോന്നിയില്ല. വണ്ടിയോടിത്തുടങ്ങി അല്പം കഴിഞ്ഞപ്പോൾ ഛർദി തുടങ്ങി. പക്ഷേ, സന്തോഷംകൊണ്ടു നിറഞ്ഞ മനസ് അതിനെയും തരണം ചെയ്തു. യാത്രയിൽ ലോറൻസിന്റെയും തോമസിന്റെയും നാവ് അവരുടെ ഭാര്യമാരായിരുന്നു. കാരണം, ഇരുവരുടെയും തൊണ്ടയിലായിരുന്നു കാൻസർ കൂടു കൂട്ടിയിരുന്നത്. എന്നാൽ, ആ നിശബ്ദതയിലും അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു.
ആ 25 വിഐപികൾ
വേളാങ്കണ്ണിയിലേക്ക് അനേകായിരങ്ങൾ തീർഥാടനം നടത്താറുണ്ടെങ്കിലും കഴിഞ്ഞ മേയ് 31ന് എറണാകുളം പള്ളാരുത്തിയിൽനിന്നു വേളാങ്കണ്ണിയിലേക്കു നടത്തിയ യാത്രയ്ക്ക് ഒരുപാടു പ്രത്യേകതകളുണ്ടായിരുന്നു. ഒരുപക്ഷേ, ഇതുവരെ ആരും നടത്തിയിട്ടില്ലാത്ത ഒരു തീർഥാടനം. ആ യാത്രയിലെ വിഐപികൾ 25 പേരായിരുന്നു.
കാൻസർ രോഗത്തോട് ഒാരോ നിമിഷവും പൊരുതുന്നവർ, രോഗത്തിന്റെ കാഠിന്യത്താൽ കൂടുതൽ സമയം കിടക്കയിൽത്തന്നെ ചെലവഴിക്കുന്നവർ, ഒരു നേരം മരുന്നുകഴിക്കാൻ വൈകിയാൽ വേദനയാൽ പുളയുന്നവർ, കാൻസർ സമ്മാനിച്ച ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വീടിനു പുറത്തേക്കു പോകാത്തവർ... എല്ലാ പരിമിതികളെയും മറികടന്ന് അവർ ആവേശത്തിലാണ്. വേളാങ്കണ്ണിയിലേക്ക് ഒരു തീർഥാടനം.
സഹായിക്കാൻ കൂടെ രണ്ടു നഴ്സുമാരുണ്ട്, അഞ്ചു സന്നദ്ധ പ്രവർത്തകരുണ്ട്, കന്യാസ്ത്രീകളുണ്ട്, ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളുണ്ട്. ജാതിമതഭേദമില്ലാതെ അവർ ഒരേ മനസോടെ തീർഥാടനത്തിനായി ഒരുമിച്ചപ്പോൾ ഒരു പുതിയ ചരിത്രം പിറക്കുകയായിരുന്നു. ഒരുപക്ഷേ, കേരളത്തിൽ ആദ്യമായിട്ടായിരിക്കാം ഗുരുതരമായി കാൻസർ ബാധിച്ചു ചികിത്സയിലുള്ളവരെ ഒന്നിച്ചു ചേർത്ത് ഇത്രയും ദീർഘമായ ഒരു സ്നേഹയാത്ര.
സ്വപ്നം പൂവണിയുന്നു
എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാൻസർ ചികിത്സയിലുള്ളവരാണ് ഈ യാത്രയിൽ പങ്കുചേർന്നത്. രോഗത്തിന്റെ ക്ലേശങ്ങളുമായി വീടുകളിൽ ഒതുങ്ങിക്കഴിയുന്നവരുടെ ആഗ്രഹങ്ങൾക്കു ചെവികൊടുക്കണമെന്ന ആഗ്രഹം പാലിയേറ്റീവ് വിഭാഗത്തിൽനിന്ന് ഉയർന്നപ്പോൾ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷ അകമഴിഞ്ഞ പിന്തുണയാണ് നൽകിയത്.
ആദ്യം ചിലർക്കു വല്ലാർപാടം പള്ളിയിൽ പോകണമെന്നായിരുന്നു ആഗ്രഹം. അതു ക്രമീകരിച്ചു നൽകി. പിന്നീടൊരിക്കൽ ഒരു ബോട്ടുയാത്രയും സംഘടിപ്പിച്ചു. അതിനിടയിലാണ് പലർക്കും വേളാങ്കണ്ണി പള്ളിയിൽ പോകാൻ ആഗ്രഹമുണ്ടെന്ന കാര്യം മനസിലാക്കിയത്. ഒറ്റനോട്ടത്തിൽ ചിന്തിച്ചാൽ നടക്കാത്ത കാര്യം. എന്നാൽ, അതിനു മുൻകൈയെടുക്കാൻ കാരുണ്യവർഷം ചാരിറ്റബിൾ ട്രസ്റ്റ് മുന്നോട്ടു വന്നതോടെ സ്വപ്നം പൂവണിഞ്ഞു.
ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന രോഗികളുമായി പോകാൻ സന്നദ്ധരായ വണ്ടിക്കാരെ കണ്ടെത്തുകയായിരുന്നു ആദ്യത്തെ കടന്പ. പറയുന്പോഴെല്ലാം വാഹനം നിർത്തേണ്ടി വരും. അധികം വേഗമെടുക്കാനാവില്ല.. ഇത്തരം നിബന്ധനകളെല്ലാം പാലിക്കാമെന്ന് പ്രിയ ട്രാവൽസ് ഉടമകൾ പറഞ്ഞതോടെ ആ ഭാഗം ശരിയായി. രോഗികളെ സഹായിക്കാൻ രണ്ടു നഴ്സുമാർ അടങ്ങുന്ന മെഡിക്കൽ ടീം റെഡിയായി. ഒപ്പം പോകാൻ വോളണ്ടിയർമാരും കാരുണ്യവർഷം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളും അതിഥികളായി സന്യാസിനിമാരായ സിസ്റ്റർ ആൻസിയും സിസ്റ്റർ മെറീനയും ചേർന്നതോടെ സ്നേഹയാത്ര ഒരുങ്ങി.
ഒരുപോള കണ്ണടയ്ക്കാതെ
രോഗികളുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തു തീർഥാടനം കഴിഞ്ഞ് യാതൊരു കുഴപ്പവുമില്ലാതെ തിരികെയത്തിക്കുകയെന്നത് അത്ര ചെറിയ കാര്യമല്ലായിരുന്നു. 41 പേരായിരുന്നു യാത്രാസംഘത്തിൽ. മേയ് 31 വൈകുന്നേരം നാലിനു പള്ളുരുത്തിയിൽനിന്നു പുറപ്പെട്ട വോൾവോ ബസിൽ ഇടംപിടിക്കാൻ രോഗികൾ വൈറ്റില, ഇടപ്പള്ളി, കളമശേരി, അങ്കമാലി എന്നിവിടങ്ങളിൽ കാത്തുനിന്നു. എല്ലാ മുഖങ്ങളിലും ആഹ്ലാദവും പുഞ്ചിരിയും.
ദൂരയാത്ര നടത്തിയിട്ടു കാലങ്ങളായവരാണ് ഏറപ്പേരും. യാത്രയിൽ പലർക്കും തലവേദനയും ഛർദിലുമൊക്കെയുണ്ടായി. നഴ്സുമാരായ ബിജിയും ബിനിയും വോളണ്ടിയര്‍മാരും ശുശ്രൂഷയുമായി ഒപ്പം നിന്നു. പ്രമേഹത്തിനടക്കം പലതരം മരുന്നുകൾ കഴിക്കുന്നതു മൂലം പലർക്കും അധിക സമയം മൂത്രം പിടിച്ചുനിര്‍ത്താന്‍ കഴിയുമായിരുന്നില്ല. മറ്റു ചിലർക്ക് ഇടയ്ക്കിടെ ടോയ്ലറ്റ് സൗകര്യം വേണ്ടതുണ്ട്. അവരുടെ ആവശ്യാനുസരണം പെട്രോള്‍ പമ്പുകളില്‍ വണ്ടി നിര്‍ത്തി സൗകര്യമൊരുക്കി. രാത്രി എല്ലാവര്ക്കും നല്ല ഭക്ഷണം നല്കി. ഇടയ്ക്കിടെ രക്തസമ്മര്‍ദവും ഷുഗർനിലയും പരിശോധിച്ചു. ക്ഷീണിച്ചവര്‍ക്കു വെള്ളവും മരുന്നും നല്കി...
ഒരു പോള കണ്ണടയ്ക്കാതെയാണ് അഞ്ചു വോളണ്ടിയർമാർ ഒപ്പം നിന്നത്. ശനിയാഴ്ച പുലർച്ചെ 4.45ഓടെ വണ്ടി വേളാങ്കണ്ണിയില്‍ എത്തി. വണ്ടിയിറങ്ങിയതും ആരും വിശ്രമിക്കാനൊന്നും നിന്നില്ല എന്നതാണ് കൗതുകം. അവശതയും വയ്യായ്കയും മറന്നു മാതാവിന്റെ തിരുസന്നിധിയിലേക്ക് ഒാടുകയായിരുന്നു പലരും. വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. സന്തോഷവും സങ്കടവും ഒരുപോലെ അണപൊട്ടിയ മുഖങ്ങൾ.
മെഴുകുതിരി കത്തിച്ചും പ്രാര്‍ഥിച്ചും അവർ പള്ളിക്കു ചുറ്റുപാടും നടന്നു. അസഹനീയമായ ചൂട് പലരെയും തളർത്തിയിരുന്നു. എന്നിട്ടും രാവിലെയും വൈകിട്ടും അവർ പള്ളിയിലേക്കു ചെന്നു. നിറകണ്ണുകളോടെ പ്രാർഥിച്ചു. വേളാങ്കണ്ണി കടപ്പുറത്തു കാലുകുത്താനാവാത്ത തിരക്ക്.
എങ്കിലും ഏന്തിയും വലിഞ്ഞും അവർ അവിടേക്കും നടന്നു. വളരെ ക്ഷീണിച്ച ചിലരെ വോളണ്ടിയർമാരും സന്യാസിനികളുമെല്ലാം ചേർന്നു താങ്ങിപ്പിടിച്ചു നടത്തി. കടപ്പുറത്തെ കാറ്റേറ്റും തിരമാലകൾ കണ്ടും അവർ മതിമറന്നുനിന്നു. ഒന്നിച്ചു ചിത്രങ്ങൾ പകർത്തി. യാത്രയുടെ ക്ഷീണവും സന്തോഷവുമെല്ലാം ഒരുമിച്ചു ചേര്‍ന്നപ്പോള്‍ എല്ലാവരും നേരത്തേ ഉറങ്ങി. അതിനു മറ്റൊരു കാരണംകൂടിയുണ്ടായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനുള്ള വിശുദ്ധ കുർബാനയിൽകൂടി സംബന്ധിച്ചിട്ടു വേണം മടക്കമെന്ന് അവർ തീരുമാനിച്ചിരുന്നു. കുര്‍ബാനയിൽ പങ്കെടുത്തു. പ്രഭാതഭക്ഷണം കഴിച്ചു. ബസു കയറാൻ വരുന്നിടത്തു വില്പനയ്ക്കു വച്ചിരുന്ന മൽഗോവാ മാമ്പഴം ഓരോ കിലോ വീതം വാങ്ങി വണ്ടിയിൽ കയറി.
അവിശ്വസനീയം
വോളണ്ടിയർമാരായ ആന്റണിയും കുട്ടനും നഴ്സ് ബിനിയുടെ മിടുക്കന്മാരായ രണ്ടു മക്കളും പലരും കൊണ്ടുവന്നിരുന്ന പലഹാരങ്ങൾ ബസിൽ ഒരറ്റം മുതൽ വിതരണം ചെയ്തു. ഇങ്ങോട്ടുവന്നതു പോലെ തന്നെയായിരുന്നു മടക്കവും. പലർക്കും ഛർദിലും അസ്വസ്ഥതകളും. അവരുടെ സൗകര്യത്തിനു വാഹനം നിർത്തിയും മരുന്നുകൾ നൽകിയും യാത്ര മുന്നോട്ടുപോയി.
ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ അഭിപ്രായങ്ങൾ പങ്കുവച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പലരും സംസാരിച്ചത്. ജീവിതത്തിൽ ഒരിക്കലും നടക്കില്ലയെന്നു കരുതിയ സ്വപ്നത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന് അവർ പറഞ്ഞപ്പോൾ കേട്ടിരുന്നവരുടെയും കണ്ണുകളിൽ നനവ്.
ഈ സ്നേഹയാത്ര ഒരുക്കിയതിന് ജനറല്‍ ആശുപത്രിയോടും കാരുണ്യവര്‍ഷം ചാരിറ്റബിള്‍ ട്രസ്റ്റിനോടും ട്രസ്റ്റിന്റെ അമരക്കാരായ അഗസ്റ്റിൻ ചിറയിൽ, ത്രേസ്യാമ്മ ജോൺ, പോൾ പി. ചക്യത്ത്, അജീഷ് ജോസഫ്, ജോസ് പരപ്പിള്ളി എന്നിവരോടും അവര്‍ ഏകസ്വരത്തില്‍ നന്ദി പറഞ്ഞു. പിന്നീട് ഗാനമേളയുടെ നിമിഷങ്ങളായിരുന്നു.
കാലിൽ ബോൺ കാൻസർ ബാധിച്ച ഡെക്സൺ പാട്ടുപാടി പലരെയും നൃത്തംവയ്പിച്ചു. അവശതകളും വേദനകളും മറന്ന് ആടിപ്പാടി രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല. വൈകിട്ട് എഴോടെ തിരിച്ചെത്തി ഒാരോരുത്തരെയും അവരവരുടെ സ്റ്റോപ്പുകളിൽ ഇറക്കി. ഇനിയെന്നു കാണുമെന്നും ഇനിയും ഇത്തരം യാത്രകൾ വേണമെന്നും പറഞ്ഞു ചേർത്തുപിടിച്ചും ഫോൺ നന്പരുകൾ കൈമാറിയും നിറകണ്ണുകളോടെ അവർ യാത്ര ചോദിച്ചു.
രാത്രി ഒൻപതരയോടെ യാത്ര തോപ്പുംപടിയിൽ അവസാനിക്കുന്പോൾ മാൽഗോവ മാന്പഴത്തേക്കാൾ മധുരമുള്ള ഒാർമകളുടെ സംതൃപ്തിയിലായിരുന്നു വോളണ്ടിയറായ ഞാനും ഒപ്പമുണ്ടായിരുന്നവരും ബസിന്റെ പടിയിറങ്ങിയത്.
ഉമ ആനന്ദ്