ഈ വീട്ടിൽ കളക്ടർമാർ ഒന്നല്ല രണ്ട്. പക്ഷേ, ഭരണം രണ്ടു കളക്ടറേറ്റിൽ. ഭർത്താവ് എറണാകുളത്ത്, ഭാര്യ ഇടുക്കിയിൽ. കേരളത്തിലെ കളക്ടർദന്പതികളായ എൻ.എസ്.കെ. ഉമേഷും വി. വിഘ്നേശ്വരിയും സൺഡേ ദീപികയോടു മനസു തുറക്കുന്നു. പഠനം, സിവിൽ സർവീസ് പരിശീലനം, കണ്ടുമുട്ടൽ, കളക്ടർ ഉദ്യോഗം...
എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ ഔദ്യോഗിക വസതിയായ ക്യാംപ് ഓഫീസിലെത്തിയപ്പോള്‍ ഭാര്യയും നിലവിലെ ഇടുക്കി കളക്ടറുമായ വി. വിഘ്നേശ്വരി ഇടുക്കിയിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു.
കോട്ടയം കളക്ടറായിരുന്ന വിഘ്നേശ്വരി ജൂലൈ 22നായിരുന്നു ഇടുക്കി കളക്ടറായി ചുമതലയേറ്റത്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അഭിമുഖത്തിനായി ഇരുവരെയും ഒരുമിച്ചു കിട്ടിയത്.
കുട്ടിക്കാലത്തു പത്രപ്രവര്‍ത്തകനാകാന്‍ മോഹിച്ചെങ്കിലും എന്‍ജിനിയറിംഗ് പഠിച്ചു. പിന്നീട് 24-ാം വയസില്‍ സിവില്‍ സര്‍വീസ് നേടിയ വ്യക്തിയാണ് എന്‍.എസ്.കെ ഉമേഷ്. സോഫ്റ്റ്വെയര് എന്‍ജിനിയറായിരുന്ന വിഘ്നേശ്വരി അതു വിട്ടാണ് സിവില്‍ സര്‍വീസിലെത്തിയത്.
കളക്ടറായാല്‍ ബീക്കണ്‍ ലൈറ്റിട്ട വണ്ടിയില്‍ പോകാമെന്ന കുട്ടിക്കാല മോഹം കൂടിയാണ് വിഘ്നേശ്വരി നേടിയെടുത്തത്. സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ കളക്ടര്‍ ഉമേഷ് വാചാലനായി. ഏറെ നാൾ പരിചയമുള്ള ആളോടെന്ന പോലെ തമാശകളൊക്കെ പറഞ്ഞ് അദ്ദേഹം മനസുതുറന്നു.
പക്ഷേ, വിഘ്നേശ്വരി വളരെ മിതത്വം പാലിച്ചാണ് സംസാരിച്ചു തുടങ്ങിയത്. സുഹൃത്തുക്കളെ പോലെ വിശേഷങ്ങള്‍ പങ്കുവച്ച മധുര സ്വദേശികളായ കളക്ടര്‍ ദമ്പതികളുടെ ആ സൗഹൃദ സംഭാഷണം വായിക്കാം...?
കുട്ടിക്കാലത്തേ സിവില്‍ സര്‍വീസ് മോഹം ഉണ്ടായിരുന്നോ?
എന്‍.എസ്.കെ. ഉമേഷ്: എന്റെ അച്ഛന് എന്‍.കെ.എസ്. കേശവന് ഇന്ത്യന്‍ ബാങ്കിലും അമ്മ ആര്.ബി. ഭാനുമതിക്ക് സിന്‍ഡിക്കേറ്റ് ബാങ്കിലുമായിരുന്നു ജോലി. തമിഴ്നാട് ധര്‍മപുരി ജില്ലയിലെ പാലക്കോട് എന്ന സ്ഥലത്താണ് ഞാന്‍ മൂന്നാം ക്ലാസുവരെ പഠിച്ചത്.
പിന്നെ സേലം ഈഡന് ഗാര്ഡന് സ്കൂളിലും ബാലഭാരതി മെട്രിക്യുലേഷന്‍ സ്കൂളിലും. സ്കൂള്‍ പഠനകാലത്തു ജേർണലിസ്റ്റ് ആകാനായിരുന്നു ആഗ്രഹം. പ്ലസ്ടു വരെ അതായിരുന്നു ചിന്ത. പ്ലസ്ടു കഴിഞ്ഞാല്‍ മെഡിസിനോ എന്‍ജിനിയറിംഗോ ആണ് ട്രെന്‍ഡ്.
ഞാന്‍ കംപ്യൂട്ടര്‍ സയന്‍സ് ആയതുകൊണ്ട് കോയമ്പത്തൂരില്‍ എന്‍ജിനിയറിംഗിനു ചേര്‍ന്നു. എന്‍ജിനിയറിംഗില്‍ സീനിയര്‍ ആയിരുന്ന അരുണ്‍കുമാര്‍ സിവില്‍ സര്‍വീസ് പഠിക്കുന്നതുകണ്ടാണ് ആ മോഹം എനിക്കും തോന്നിയത്. കുട്ടിക്കാലം മുതല്‍ നല്ല വായനാശീലം ഉണ്ടായിരുന്നതു ഗുണം ചെയ്തു.
ദീപികയുടെ ചില്‍ഡ്രന്‍സ് ഡൈജസ്റ്റ് ഒക്കെ എനിക്കും ചേട്ടന് ഓങ്കാറിനും അമ്മ വാങ്ങിത്തരുമായിരുന്നു. ഹിസ്റ്ററി, പൊളിറ്റിക്സ് പുസ്തകങ്ങളൊക്കെ വായിക്കാന്‍ വളരെ ഇഷ്ടമായിരുന്നു. എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വീസ് തന്നെയായി ലക്ഷ്യം.
ഡല്‍ഹി, ചെന്നൈ, മധുര എന്നിവിടങ്ങളിലെ കോച്ചിംഗ് സെന്ററുകളിൽ പഠനം. ആദ്യ രണ്ടു പ്രാവശ്യം ക്ലിയര്‍ ചെയ്തില്ല. മൂന്നാം തവണയാണ് വിജയിച്ചത്. സിവില്‍ സര്‍വീസ് നേടുന്നതിനു മുമ്പ് ഞാന്‍ തമിഴ്നാട് സര്‍ക്കാര്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ക്ലര്‍ക്കായും ജോലി ചെയ്തു.
വി. വിഘ്നേശ്വരി: ടിസിഎസില്‍ ബാങ്കിംഗ് സോഫ്ട് വെയര്‍ സൊല്യൂഷന്‍സിലാണ് ജോലി ചെയ്തിരുന്നത്. പക്ഷേ, അതില്‍ ഞാന്‍ സംതൃപ്തയല്ലായിരുന്നു. കാരണം കുട്ടിക്കാലത്തു മധുര മീനാക്ഷി ക്ഷേത്രത്തിനു പുറത്തുവച്ച് മനസില്‍ ഉണ്ടായ ഒരു മോഹം തന്നെയായിരുന്നു. (ഇരുവരും പരസ്പരം നോക്കി ചിരിക്കുന്നു). അവിടെ വച്ച് ഞങ്ങളുടേത് ഉള്‍പ്പെടെ മറ്റു വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി സൈറണ്‍ മുഴക്കിവന്ന ഒരു ഹൈക്കോടതി ജഡ്ജിയുടെ കാര്‍ മാത്രം കടത്തിവിട്ടു.
ആ കാറിനുള്ളില്‍ ഒരു പയ്യന് അഭിമാനത്തോടെ ഇരിക്കുന്നത് ഞാന്‍ കണ്ടു. ബീക്കണ്‍ ലൈറ്റിട്ട കാറില്‍ ഞാന്‍ ഇരുന്നാല്‍ എന്റെ മാതാപിതാക്കളും ഇതുപോലെ അഭിമാനിക്കുമെന്നു കുട്ടിയായ എനിക്കു തോന്നി. പിന്നെ ബീക്കണ്‍ വച്ച കാറില്‍ ആര്‍ക്കൊക്കെ യാത്ര ചെയ്യാന്‍ കഴിയുമെന്നൊക്കെ അന്നു തെരഞ്ഞു.
പക്ഷേ, പിന്നീട് സിവില്‍ സര്‍വീസ് എടുക്കാന്‍ അതു കാരണമായില്ല. ടിസിഎസില്‍ ജോലി കിട്ടി മാസങ്ങള്‍ തികയുംമുമ്പേ എനിക്കു സിവില്‍ സര്‍വീസ് പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാതെ അച്ഛനും അമ്മയും കൂടെനിന്നു.
മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്നിട്ടുകൂടി അവര്‍ എന്നെ പഠിപ്പിച്ചു. ഈ സമൂഹം എനിക്കു നല്കിയ എല്ലാം തിരിച്ചു കൊടുക്കണമെന്നു തോന്നി. സിവിൽ സർവീസിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്താം. അവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കിയാല്‍ ഈ ജീവിതത്തിന് അര്‍ഥമുണ്ടാകുമെന്ന് എനിക്കു തോന്നി.
മുസൂറിയിലെ സൗഹൃദം
എന്‍.എസ്.കെ. ഉമേഷ്: 2015ല്‍ മുസൂറിയിലായിരുന്നു ട്രെയിനിംഗ്. ഫൗണ്ടേഷന് കോഴ്സ് കഠിനമായിരുന്നു. ഹിമാലയത്തില്‍ ഏഴു ദിവസംകൊണ്ട് 120 കിലോമീറ്റര്‍ കവര്‍ ചെയ്യണം. അവിടെ കറന്റില്ല. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പറ്റില്ല. നമുക്കുള്ള ഡ്രസ് ബാഗില്‍ കൂടെ കരുതണം. എന്റെ ജീവിതത്തിലെ ചലഞ്ചിംഗ് ടാസ്ക് ആ ട്രെയ്നിംഗ് ആയിരുന്നുവെന്നു തോന്നുന്നു.
ആ ഹിമാലയന്‍ ട്രെക്കിംഗ് ഗ്രൂപ്പില്‍ വിഘ്നേശ്വരിയും ഉണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെട്ടതും കൂടുതല്‍ സുഹൃത്തുക്കളായതും. ഫൗണ്ടേഷന് കോഴ്സ് കഴിഞ്ഞിട്ട് രണ്ടു മാസം ഇന്ത്യ മൊത്തം സഞ്ചരിക്കുന്ന ഭാരത് ദര്ശന് പരിപാടിയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നുള്ളവരും ഞങ്ങളുടെ ബാച്ചിലുണ്ട്. ആ സൗഹൃദം ഇന്നും തുടരുന്നു.
വി. വിഘ്നേശ്വരി: സിവില്‍ സര്‍വീസിന്റെ റിസല്‍ട്ട് വന്നപ്പോള്‍ ഞങ്ങളുടെ രണ്ടു പേരുടെയും ഫോട്ടോ പത്രത്തില്‍ അടുത്തടുത്തു വന്നു. അപ്പോഴാണ് മധുരയില്‍നിന്നു മറ്റൊരാളുംകൂടി ഉണ്ടെന്നു മനസിലായത്. പിന്നെ ട്രെയിനിംഗ് സമയത്ത് ഉമേഷിനെ പരിചയപ്പെട്ടു. ഹിമാലയന്‍ ട്രെക്കിംഗ് ഗ്രൂപ്പില്‍ വച്ചാണ് കൂടുതല്‍ മനസിലാക്കിയതും അടുത്തതും.
സൗഹൃദം, പ്രണയം, വിവാഹം
എന്‍.എസ്.കെ. ഉമേഷ്: ഹിമാലയന്‍ ട്രെക്കിംഗ് ഏഴു ദിവസത്തെ ചലഞ്ചിംഗ് ടാസ്ക് ആയിരുന്നു. ഞങ്ങള്‍ രണ്ടാള്‍ക്കും പരസ്പരം മനസിലാക്കാനൊക്കെ കഴിഞ്ഞു. സൗഹൃദം പ്രണയത്തിലേക്കു വഴിമാറി. 2018 ഫെബ്രുവരിയില്‍ മധുരയില്‍ വച്ചായിരുന്നു വിഘ്നേശ്വരിയെ ഞാന്‍ വിവാഹം ചെയ്തത്.ആദ്യ പോസ്റ്റിംഗ് 2016ല്‍ പാലക്കാട് അസി. കളക്ടറായിട്ടായിരുന്നു.
ഒരു വര്‍ഷം അവിടെ ഉണ്ടായിരുന്നു. ഇക്കാലയളവില്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ടോയ്ലറ്റ് നിര്‍മിച്ചു നല്‍കാനായി. അതിനു ശേഷം വീണ്ടും മുസൂറിയിലേക്കു പോയി. രണ്ടു മാസത്തിനു ശേഷം ഡല്‍ഹിയില്‍ ധനമന്ത്രാലയത്തിൽ മൂന്നു മാസം അസി. സെക്രട്ടറിയായി ജോലി ചെയ്തു.
അവിടെ വച്ച് ഒരു പ്രോജക്ട് പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടി. അതുകഴിഞ്ഞ് 2018-19 കാലയളവില്‍ വയനാട് സബ് കളക്ടറായി. ഇക്കാലത്ത് പ്രളയം, പാര്‍ലമെന്റ് ഇലക്ഷന് ഒക്കെ നടന്നു. 2019-20 കാലത്തു ശബരിമല എഡിഎം സ്പെഷല്‍ ഓഫീസറായി രണ്ടു മാസം അവിടെ ഉണ്ടായിരുന്നു.
പിന്നീട് കോവിഡിനെത്തുടര്‍ന്ന് വ്യവസായ മാന്ദ്യമുണ്ടായ സമയത്താണ് കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടറായും ഇന്‍ഡസ്ട്രി ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചത്. കോവിഡ് കാലത്തു സെപ്ഷല്‍ ഓഫീസറായും അടുത്ത ജില്ലകളില്‍ പ്രവര്‍ത്തിക്കാനായി. ജലനിധി എന്‍വയണ്‍മെന്റ് ഡയറക്ടറായും ജോലി ചെയ്തു.
രണ്ടു കൊല്ലം ചീഫ് സെക്രട്ടറി ഓഫീസില്‍ സ്റ്റാഫ് ഓഫീസറായി. അതു വളരെ നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു. 2023 മാര്‍ച്ച് ഒമ്പതിനാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.
വി. വിഘ്നേശ്വരി: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ അസി.കളക്ടറായിട്ടായിരുന്നു ഞാന്‍ ജോലി തുടങ്ങിയത്. പിന്നീട് ഡല്‍ഹിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സില് അസി. സെക്രട്ടറിയായി. തുടര്‍ന്ന് കോഴിക്കോട് സബ് കളക്ടറായും തിരുവനന്തപുരത്തു കോളജ് എഡ്യൂക്കേഷേന് ഡയറക്ടറായും കെടിഡിസി എംഡിയായും ജോലി ചെയ്തു.
കഴിഞ്ഞ വര്‍ഷമാണ് കോട്ടയം കളക്ടറായത്. ഓഗസ്റ്റ് ഒന്നു മുതല്‍ ഇടുക്കി ജില്ലയുടെ കളക്ടറാണ്. കളക്ടര്‍ വിഘ്നേശ്വരി വാചാലയായി. ഭര്‍ത്താവിനൊപ്പം തമാശകള്‍ പറഞ്ഞും ചിരിച്ചുമൊക്കെ അവര്‍ സംസാരിച്ചുകൊണ്ടേയിരുന്നു)
രണ്ടു ജില്ലകളില്‍, കാണുന്നതെപ്പോള്‍
എന്‍.എസ്.കെ. ഉമേഷ്: കളക്ടര്‍ ജോലി വളരെ വളരെ തിരക്കേറിയതാണ്. ഞങ്ങള്‍ അതു മാനേജ് ചെയ്യുന്നുണ്ട്. രണ്ടാഴ്ച കൂടുമ്പോഴൊക്കെ ഞങ്ങള്‍ കാണും. എപ്പോഴും വിളിക്കും. ഒൗദ്യോഗിക കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാം ചര്‍ച്ചചെയ്യും. വിഘ്നേശ്വരി വളരെ സൈലന്റ് ആണ്.
അതുപോലെ സ്ട്രോംഗ് പേഴ്സണ്‍ ആണ്. ഞാന്‍ എല്ലാവരോടും കൂടുതല്‍ സംസാരിക്കുന്ന ആളാണ്. പക്ഷേ, അവള് അങ്ങനെയല്ല. എന്നോടു സംസാരിക്കുന്നവര്‍ക്കു പത്തു മിനിറ്റിനകം എന്നെക്കുറിച്ച് അഭിപ്രായം ഉണ്ടാക്കാനാകും. പക്ഷേ, വിഘ്നേശ്വരിയെക്കുറിച്ച് പെട്ടെന്ന് അഭിപ്രായം പറയാന്‍ കഴിയില്ല.
അതേസമയം, അവളെ അടുത്ത് അറിയാവുന്നവര്‍ക്കൊക്കെ ആ സ്വഭാവം വളരെയധികം ഇഷ്ടമാണ്. ഡീപ് അഫക്ഷന്‍ ആയിട്ടുള്ള ആളാണ് അവള്. സീനിയര്‍ ഓഫീസര്‍മാര്‍ പോലും ഒരു മകളോടുള്ള വാത്സല്യത്തോടെ അവളോടു പെരുമാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതാണ് അവളുടെ സ്വഭാവത്തിന്റെ പ്രത്യേകത.
ആരെക്കുറിച്ചും മോശമായി ഒന്നും പറയില്ല. തീരുമാനങ്ങളൊക്കെ എടുക്കുന്ന കാര്യത്തില്‍ വളരെ ബോള്‍ഡാണ്. പിന്നെ അവള്‍ക്കു ജോലിയാണ് എല്ലാം. ഒരു കാര്യത്തിനിറങ്ങിയാല്‍ പിന്നെ അതു മാത്രം, ഭര്‍ത്താവിനെ പോലും മറക്കും (ഇരുവരും ചിരിക്കുന്നു). വിഘ്നേശ്വരി നന്നായിട്ട് ഗിറ്റാര്‍ വായിക്കും. പാട്ടു പാടും.
വി. വിഘ്നേശ്വരി: അദ്ദേഹം മറ്റുള്ളവരെ വളരെ നന്നായി മനസിലാക്കുന്ന ആളാണ്. നല്ലൊരു സുഹൃത്താണ്. എപ്പോഴും ഏതു സമയത്തും എന്തും പറയാം, അഭിപ്രായം ചോദിക്കാം. നല്ല പിന്തുണ തരും. സ്വന്തം താത്പര്യങ്ങളെക്കാള്‍ മറ്റുള്ളവരുടെ താത്പര്യങ്ങള്‍ക്കു വില കല്പിക്കുന്ന ഉമേഷിന്റെ സ്വഭാവമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.
ഞങ്ങള്‍ ഇടയ്ക്കു ഞായറാഴ്ചകളില്‍ ഷോപ്പിംഗ് നടത്താറുണ്ട്. ഒൗദ്യോഗിക യാത്രകളായിരിക്കും ഏറെയും. ഔദ്യോഗിക കാര്യങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്. പക്ഷേ, ഭരണകാര്യങ്ങളിൽ പരസ്പരം ഇടപെടാറില്ല.
പരസ്പരം പിന്തുണയ്ക്കാൻ കഴിയുന്നുണ്ടെന്നുള്ളതാണ് ഏറെ ആത്മവിശ്വാസം നൽകുന്നത്. എന്റെ സംശയങ്ങള്‍ക്കൊക്കെ അദ്ദേഹം നിര്‍ദേശങ്ങളും പിന്തുണയുമൊക്കെ തരും. എനിക്ക് ഏറെ തുണയാകുന്ന മികച്ച ഭര്‍ത്താവാണ് ഉമേഷ്. ജോലിത്തിരക്കുമൂലം നീണ്ട യാത്രകളൊന്നും അത്ര പതിവില്ല. സിനിമയാണ് ഞങ്ങളുടെ പ്രധാന വിനോദം. സമയം കിട്ടുന്പോഴൊക്കെ സിനിമകൾ കാണാറുണ്ട്.
വൈറലായ അരിച്ചാക്ക്
എന്‍.എസ്.കെ. ഉമേഷ്: ഞാന്‍ വയനാട് സബ് കളക്ടറായി ഇരിക്കുന്ന സമയത്താണ് ആ സംഭവം. 2018ലെ പ്രളയകാലത്തു സ്പെഷല്‍ ഓഫീസറായി എം.ജി. രാജമാണിക്യം സാര്‍ അവിടേക്ക് എത്തി. ഞാന്‍ ഗുരുവായി കാണുന്ന എംജിആര്‍ ഓടി നടന്നു ജോലി ചെയ്യുന്ന ആളാണ്.
2018 ഓഗസ്റ്റ് 13ന് പുലര്‍ച്ചെ 12 ആയിക്കാണും. ഞാന്‍ നല്ല ക്ഷീണിതനായിരുന്നു. ഉറങ്ങാമെന്നു വിചാരിച്ചാണ് എംജിആറിനൊപ്പം ഞാനും വന്നത്. അപ്പോഴാണ് തമിഴ്നാട്ടില്‍നിന്ന് അരിയുമായി ഒരു ലോറിയെത്തിയത്. അരി ചുമക്കാനായി അവിടെ മറ്റാരുമില്ല. വാ നമുക്കു ചുമക്കാമെന്ന് എംജിആര്‍ പറഞ്ഞപ്പോള്‍ ഒട്ടും താത്പര്യമില്ലാത്തതിനാല്‍ ഞാന്‍ അദ്ദേഹത്തെ നോക്കി.
പക്ഷേ, അദ്ദേഹം ഒരു അരിച്ചാക്ക് എടുത്തു ചുമന്നു നടന്നു മുന്നേ പോകുന്നു. സീനിയര്‍ അല്ലേ, അതുകൊണ്ട് ഞാനും പിറകേ ചെന്നു. അരിച്ചാക്ക് ചുമക്കുന്ന ഫോട്ടോ ആരോ എടുത്തു, പിറ്റേന്നത്തെ പത്രങ്ങളിലെല്ലാം "പ്രളയകാലത്ത് അരിച്ചാക്ക് ചുമന്ന് വയനാട് സബ് കളക്ടര്‍ ഉമേഷ്' എന്ന വാര്‍ത്തയും ഫോട്ടോയും വന്നു. ഞാന്‍ എട്ടു മാസം വയനാട്ടിലുണ്ടായിട്ടും അറിയാതിരുന്ന പലരും അന്ന് എന്നെ അറിഞ്ഞു. കുസൃതിച്ചിരിയോടെ കളക്ടര്‍ ഉമേഷ് പറഞ്ഞു.
സീമ മോഹന്‍ലാല്‍