റിപ്പബ്ലിക് ദിന പരേഡിൽ "അബൈഡ് വിത്ത് മി' ഗാനം ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു
Tuesday, January 25, 2022 2:12 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ ആരംഭകാലം മുതൽ ആലപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ഇഷ്ടഗാനമായ അബൈഡ് വിത്ത് മി (Abide with me) ഒഴിവാക്കിയതിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ (Fiacona) പ്രതിഷേധിച്ചു.

കഴിഞ്ഞ 73 വർഷമായി ഇന്ത്യൻ ‌ആർമി ബാൻഡിന്‍റെ അകന്പടിയോടെ റിപ്പബ്ലിക് ദിന പരേഡിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയിരുന്ന ഈ ഗാനം ഈ വർഷത്തെ പരേഡിൽനിന്നും ഒഴിവാക്കിയത് മോദി സർക്കാരിന്‍റെ തരംതാണ പ്രവർത്തനങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസിഡന്‍റ് കോശി ജോർജ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ക്രിസ്തീയ വിശ്വാസത്തോടുള്ള വെറുപ്പ് മോദി സർക്കാരിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നതാണ് ഈ വർഷത്തെ പരേഡിൽ നിന്നും ഈ ഗാനം ഒഴിവാക്കിയതിനു പിന്നിലെന്നുവേണം കരുതാൻ.

ബ്രിട്ടീഷ് ഭരണത്തിലാണ് ക്രിസ്ത്യൻ വിശ്വാസം ഇന്ത്യയിൽ അടിച്ചേൽപ്പിക്കപ്പെട്ടതെന്ന് ഹിന്ദു നാഷണലിസ്റ്റുകൾ കരുതുന്നതെന്നും എന്നാൽ എഡി 52 ൽ തോമസ് അപ്പസ്തോലനാണ് ക്രിസ്തുമതം ഇവിടെ പ്രചരിപ്പിച്ചതെന്നും Fiacona ബോർഡ് അംഗം ജോൺ മാത്യു പറഞ്ഞു.

കോളോണിയൽ അധികാരത്തിനെതിരെ മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ ആവേശഭരിതരായി ക്രിസ്ത്യൻ മിഷനറിമാർ പ്രവർത്തിച്ചിരുന്നുവെന്ന യാഥാർഥ്യം മോദിയും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പാർട്ടിയും ബോധപൂർവം വിസ്മരിക്കുകയാണെന്ന് Fiacona യുടെ മറ്റൊരു ഡയറക്ടറും അമേരിക്കയിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ജോർജ് ഏബ്രഹാം അഭിപ്രായപ്പെട്ടു.

ക്രിസ്ത്യൻ, ഹിന്ദു, മുസ് ലിം, സിക്ക്, ബുധിസ്റ്റ് ആരാധനാലയങ്ങളിൽ ജനുവരി 30ന് ഈ ഗാനം ആലപിച്ച് ഐക്യദാർഡ്യം പ്രഖ്യാപിക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു.

പി.പി. ചെറിയാൻ