അന്താരാഷ്ട്ര വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം: എംഡിഎഫ്
Friday, July 10, 2020 5:22 PM IST
നിര്‍ത്തിവച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം ഉടന്‍ പുന:സ്ഥാപിക്കണമെന്നതടക്കമുള്ള നിരവധി പ്രവാസി വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് മലബാര്‍ ഡെവലപ്മെന്‍റ് ഫോറം (എംഡിഎഫ്) തുടങ്ങുന്ന കാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് എംപിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ അവകാശ പ്രഖ്യാപന പത്രിക എംഡിഎഫ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ യുഎ. നസീര്‍, എംപിക്കു കൈമാറി.

1. നാട്ടില്‍ കുടുങ്ങിപ്പോയ കുട്ടികളെ അവരുടെ അമ്മമാരുടെ അടുത്ത് എത്തിക്കുക.

2. വിദേശ രാജ്യങ്ങളിലെക്ക് വിമാന സര്‍വീസ് സാധാരണ നിലയിൽ ഉടന്‍ പുനരാരംഭിക്കുക.

3 .മഹാമാരി കാലത്ത് പ്രവാസികളുടെ അത്താണിയായ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക.

4. വന്ദേ ഭാരത് മിഷന്‍ സൗദി അറേബ്യയിലെ പ്രവാസി യാത്രക്കാരോട് കാണിച്ച വിവേചനം അവസാനിപ്പിക്കുന്നതിന് ഇടപെടുക.

5. ജോലി നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികള്‍ക്ക് അടിയന്തര പാക്കേജ് പ്രഖ്യാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുക.

6. വിദേശത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ ആശ്രിതര്‍ക്ക് അടിയന്തര സഹായവും തൊഴിലും ഉറപ്പു വരുത്തുന്നതിനായി അടിയന്തരമായി മുഖ്യമന്ത്രിയുമായി സംസാരിക്കുക.

എന്നീ ആവശ്യങ്ങളാണ് എംഡിഎഫ്എംപിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഈ ആവശ്യങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തി അനുവദിച്ചു കിട്ടുവാന്‍ തന്നില്‍ അര്‍പ്പിതമായ സകല അധികാരവും ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

എംഡിഎഫ് പ്രസിഡന്‍റ് എസ്.എ. അബൂബക്കര്‍, ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ എടക്കുനി, ട്രഷറര്‍ വി.പി. സന്തോഷ്, സെകട്ടറി ഒ.കെ. മന്‍സൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ