ടെക്സസിൽ മാസ്ക്ക് നിർബന്ധമാക്കി ഗവർണർ ഉത്തരവിറക്കി
Friday, July 3, 2020 4:25 PM IST
ഓസ്റ്റിൻ: അനിയന്ത്രിതമായി വ്യാപിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ടെക്സസ് സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്ന് ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട് എക്സിക്യൂട്ടീവ് ഉത്തരവിറക്കി. പുതിയ ഉത്തരവ് ജൂലൈ 3 ഉച്ച മുതൽ പ്രാബല്യത്തിൽ വരും.

മാസ്ക്ക് ധരിക്കാത്തവർക്ക് ആദ്യം വാണിംഗ് നൽകുമെന്നും തുടർന്നും നിയമം ലംഘിച്ചാൽ 250 ഡോളർ പിഴ അടയ്ക്കേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മാസ്ക്ക് ധരിക്കാത്തതിന്‍റെ പേരിൽ ആരേയും ജയിലിലടക്കുകയില്ലെന്നും ഉത്തരവിൽ പറയുന്നു.

കോവിഡ് വ്യാപനം തടയുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗം മാസ്ക്ക് തന്നെയാണ്. നമ്മുടെ ബിസിനസുകൾ തുറന്നു പ്രവർത്തിക്കണമെന്നും തൊഴിൽ സാധ്യതകൾ വർധിപ്പിക്കണമെന്നും ഗവർണർ അഭ്യർഥിച്ചു. പ്രതിഷേധ പ്രകടനങ്ങളോ, ജാഥയോ നടത്തുന്നവർ പത്തു പേരിൽ കൂടുതൽ ഉണ്ടെങ്കിൽ നിർബന്ധമായും സാമൂഹിക അകലവും മാസ്ക്കും ധരിക്കേണ്ടതാണെന്ന് ഉത്തരവ് അനുശാസിക്കുന്നു.

ജൂലൈ 2 ന് ഒരൊറ്റ ദിവസം സംസ്ഥാനത്ത് 8000 പുതിയ കേസുകളാണ് കണ്ടെത്തിയിരുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് -19 സ്ഥിരീകരിച്ചവരുടെ എണ്ണം 17,59,777 ആയി ഉയർന്നിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാചരണത്തിന്‍റെ ഭാഗമായി ഈ വാരാന്ത്യം ജനങ്ങൾ കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഗവർണർ അഭ്യർഥിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ