നിധി റാവത്തിന് നാഷണൽ സയൻസ് ഫൗണ്ടേഷൻ കരിയർ അവാർഡ്
Friday, May 29, 2020 7:51 AM IST
മേരിലാന്‍റ്: മേരിലാന്‍റ് യൂണിവേഴ്സിറ്റി പ്ലാന്‍റ് സയൻസ് ആന്റ് ലാൻഡ്സ്കേപ് അഗ്രികൾച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നിധി റാവത്തിന് ബയോളജിക്കൽ സയൻസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ കരിയർ അവാർഡ്. ചെടികളുടെ ജനിതക മാറ്റത്തെക്കുറിച്ചു നടത്തുന്ന ഗവേഷണത്തിനാണ് 500,000 ഡോളറിന്റെ അവാർഡ് ലഭിച്ചിരിക്കുന്നത്.

മേരിലാന്‍റ് സംസ്ഥാനത്തെ കാർഷിക വിളകളായ ഗോതമ്പ്, ബാർളി എന്നിവയിൽ കണ്ടുവരുന്ന രോഗത്തെ കുറിച്ച് പഠനം നടത്തി, രോഗത്തെ ഇല്ലായ്മ ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഫെഡറൽ സംസ്ഥാന ഗവൺമെന്റുകൾക്ക് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിനുവേണ്ടി നടത്തുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ തീരുമാനിച്ചത്. നിധിക്ക് ലഭിച്ചിരിക്കുന്ന അവാർഡ് അടുത്ത തലമുറയിലെ വളർന്നു വരുന്ന ശാസ്ത്രജ്ഞർക്കും പ്രചോദനം നൽകുമെന്നും അവരെ കൂടി ഈ മിഷനിൽ ഉൾപ്പെടുത്തുമെന്നും പറഞ്ഞു.

തനിക്ക് ലഭിച്ചിരിക്കുന്ന അവസരം ഗവേഷണങ്ങൾക്ക് മാത്രമല്ല, കർഷകരെ ശരിയായ രീതിയിൽ കാർഷികവൃത്തി പരിശിലീപ്പിക്കുന്നതിനും വിളകൾ വർധിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്തുമെന്ന് അവാർഡ് ലഭിച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ റാവത്ത് പറഞ്ഞു.

2009 ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും പ്ലാന്റ് ബയോ ടെക്നോളജിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ഇവർ എച്ച്എൻബിജി യൂണിവേഴ്സിറ്റി (ഇന്ത്യ)യിലെ ഗോൾഡ് മെഡലിസ്റ്റ് കൂടിയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ